ഒമാൻ ദേശീയദിനത്തോടനുബന്ധിച്ച് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ ആഘോഷ പരിപാടികൾ

മസ്‌കറ്റ്: ഒമാൻ ദേശീയദിനത്തോടനുബന്ധിച്ച് മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ നേതൃത്വത്തിൽ മസ്‌കറ്റിലെ ഖുറം റോസ് ഗാർഡനിൽ വർണാഭമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഒമാനോടുള്ള സ്‌നേഹവും ആദരവും നന്ദിയും പങ്കുവെച്ചുകൊണ്ട് സംഘടനയിലെ അംഗങ്ങൾ ആഘോഷത്തിൽ പങ്കുചേർന്നു.

കേക്ക് മുറിച്ചാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഒമാൻ നൽകുന്ന സുരക്ഷിതത്വത്തിനും സ്‌നേഹത്തിനും മികച്ച ജീവിതസാഹചര്യങ്ങൾക്കും നന്ദി അറിയിച്ച അംഗങ്ങൾ രാജ്യത്തിന്റെ സമാധാനത്തിനും ഐശ്വര്യത്തിനും തുടർപുരോഗതിക്കും ആശംസകൾ നേർന്നു.

കേരളത്തിൽ തുടക്കം കുറിച്ച് വിവിധ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ച ആഗോള കൂട്ടായ്മയാണ് മൊട്ട ഗ്ലോബൽ. ശരീരപ്രകൃതിയുടെയും രൂപത്തിന്റെയും പേരിലുള്ള പരിഹാസങ്ങൾക്കും വിവേചനങ്ങൾക്കും അതീതമായി ഓരോ വ്യക്തിയുടെയും വ്യക്തിത്വത്തെ അംഗീകരിക്കാനും ആത്മവിശ്വാസത്തോടെ ജീവിക്കാനും പ്രോത്സാഹിപ്പിക്കുകയാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. സൗഹൃദം, സ്‌നേഹം, പരസ്പര പിന്തുണ, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്കും സംഘടന പ്രാധാന്യം നൽകുന്നു.

ആഘോഷത്തിന്റെ ഭാഗമായി അടുത്ത ഒരു വർഷക്കാലയളവിൽ ഒമാനിൽ നടപ്പാക്കേണ്ട വിവിധ സാമൂഹിക, സാംസ്‌കാരിക, സൗഹൃദ പദ്ധതികളെക്കുറിച്ചും ചർച്ച നടത്തി. സംഘടനയുടെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കുന്നതിനും അംഗങ്ങളുടെ കൂട്ടായ പങ്കാളിത്തത്തോടെ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിനും തീരുമാനിച്ചു.

പ്രസിഡന്റ് സുമേഷ് ഹരിഹരൻ, സെക്രട്ടറി വിനയ്, ട്രഷറർ കിഷോർ, കോർഡിനേറ്റർമാരായ ലതീഷ്, ബിബിൻ വർഗീസ്, സന്തോഷ്, മുഹമ്മദ് യാസീൻ, അനു ഗോവിന്ദ്, അജയ്, ഷിജു കടവിൽ, ഗോപകുമാർ, സൈദ്, ലതീഷ്, സിബി, ഹനീഫ് മുഹമ്മദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒമാന്റെ ദേശീയദിനത്തിന്റെ സന്തോഷം പങ്കുവെക്കുന്നതിനൊപ്പം സംഘടനയുടെ ഐക്യവും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തിയ സംഗമമായി മൊട്ട ഗ്ലോബൽ ഒമാൻ ചാപ്റ്ററിന്റെ ദേശീയദിനാഘോഷം മാറി.