ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ 'തൃശ്ശൂർ പ്രീമിയർ ലീഗ് സീസൺ-1' സംഘടിപ്പിക്കുന്നു; എട്ട് പുരുഷ ടീമുകൾക്കൊപ്പം വനിതാ ക്രിക്കറ്റ് മത്സരവും

ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ 'തൃശ്ശൂർ പ്രീമിയർ ലീഗ് സീസൺ-1' സംഘടിപ്പിക്കുന്നു
ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ 'തൃശ്ശൂർ പ്രീമിയർ ലീഗ് സീസൺ-1' സംഘടിപ്പിക്കുന്നു

മസ്കറ്റ്: ഒമാനിലെ തൃശ്ശൂർ സ്വദേശികളുടെ കൂട്ടായ്മയായ ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ 'തൃശ്ശൂർ പ്രീമിയർ ലീഗ് സീസൺ-1' ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. എട്ട് ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗ് മത്സരത്തോടനുബന്ധിച്ച് പ്രത്യേക വനിതാ ക്രിക്കറ്റ് മത്സരവും അരങ്ങേറും.

ടൂർണമെന്റിന് മുന്നോടിയായുള്ള താരലേലം റുസെയിലിലെ ദി ഗാർഡൻ റെസ്റ്റോറന്റിൽ നടന്നു. ഒമാൻ തൃശ്ശൂർ ഓർഗനൈസേഷൻ പ്രസിഡന്റ് നസീർ തിരുവത്ര താരലേലം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അഷ്റഫ് വാടാനപ്പള്ളി, ട്രഷറർ സുബൈർ എന്നിവർ പങ്കെടുത്ത എല്ലാ ടീമുകൾക്കും ആശംസകൾ നേർന്ന് സംസാരിച്ചു. ടൂർണമെന്റ് കോഓർഡിനേറ്റർ ഹസ്സൻ കേച്ചേരി സ്വാഗതവും ബിജേഷ് തത്തോറ നന്ദിയും പറഞ്ഞു. പൃഥ്വിരാജ് മേനോൻ, ശ്രീകാന്ത് രവീന്ദ്രൻ, സഞ്ജയ് ധനഞ്ജയൻ, ഹരീഷ് മോഹൻ, ഷമീർ ബഷീർ, ഡനൽ പോൾ, ഹാരിസ്, അമൽനാഥ് എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.

2027 ജനുവരി എട്ട് വെള്ളിയാഴ്ച രാവിലെ എട്ട് മണി മുതൽ മബേലയിലെ അൽ ഹുസൂൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുകയെന്ന് സംഘാടകർ അറിയിച്ചു. ഒമാനിലെ പ്രവാസി കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ടൂർണമെന്റിൽ തൃശ്ശൂർ വടക്കുംനാഥൻ കിങ്സ്, ഗുരുവായൂർ ടസ്കേഴ്സ്, തൃപ്രയാർ തേവർ, വിന്റേജ് വലപ്പാട്, ബറ്റാലിയൻ ബ്ലാസ്റ്റേഴ്സ് അഞ്ചേരി, നാട്ടിക സ്ട്രൈക്ക് ഫോഴ്സ്, ഫ്രണ്ട്സ് ഇലവൻ കുഴൂർ, ബിന്ന ഗോൾഡ് ആൻഡ് സിൽവർ എന്നീ എട്ട് പ്രമുഖ ടീമുകളാണ് കിരീടത്തിനായി പോരാടുന്നത്.

പുരുഷ ടീമുകളുടെ ആവേശകരമായ മത്സരങ്ങൾക്കൊപ്പം വനിതാ ക്രിക്കറ്റിനും പ്രാധാന്യം നൽകിക്കൊണ്ട് പ്രത്യേക വനിതാ മത്സരം സംഘടിപ്പിക്കുന്നുവെന്നത് ഇത്തവണത്തെ ടൂർണമെന്റിന്റെ പ്രധാന സവിശേഷതയാണ്. വനിതാ വിഭാഗത്തിൽ സൽവക്കോ ക്രിക്കറ്റ്, ആർ.പി. ക്രിക്കറ്റ് അക്കാദമി എന്നീ ടീമുകൾ ഏറ്റുമുട്ടും. ഒമാനിലെ പ്രവാസി തൃശ്ശൂർ ജില്ലക്കാരുടെ കായിക കൂട്ടായ്മയും സൗഹൃദവും ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രവാസി ക്രിക്കറ്റ് പ്രതിഭകൾക്ക് മികച്ചൊരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃശ്ശൂർ പ്രീമിയർ ലീഗ് സംഘടിപ്പിക്കുന്നത്.