തബ്സീൽ : വിളവെടുപ്പുത്സവ നിറവിൽ ഒമാനിലെ കർഷക ഗ്രാമങ്ങൾ

മസ്കറ്റ്: ഒമാനിലെ കർഷക ഗ്രാമങ്ങൾക്ക് ഉത്സവമായി ‘തബ്സീൽ’ ഈത്തപ്പഴ വിളവെടുപ്പ് നടന്നു. ഒമാന്‍റെ വിവിധ ഗവർണറേറ്റുകളിൽ ജൂൺ അവസാനം മുതൽ ജൂലൈ അവസാനം വരെയാണ് ഈത്തപ്പഴ വിളവെടുപ്പ് നടക്കാറുള്ളത്. രാജ്യത്തെ ഉയർന്ന താപനില കാരണം ‘ബുസൂർ’ ഈത്തപ്പഴം ആണ് ഇത്തവണ നേരത്തെ പാകമായത്. ജദാദ് ഇനത്തിൽ പെട്ട ഈത്തപ്പഴവും പാകമായി തുടങ്ങിയിട്ടുണ്ട്.
ഈത്തപ്പഴത്തിന്റെ നിറം മഞ്ഞയാവുന്നത് മുതലാണ് വിളവെടുപ്പ് ആരംഭിക്കുന്നത്. ഈത്തപ്പനയിൽ നിന്നും വെട്ടിയെടുത്ത് സുരക്ഷിതമായി താഴെ ഇറക്കുന്ന ഈത്തപ്പഴ കുലകൾ ഒട്ടകപ്പുറത്തോ കഴുതപ്പുറത്തോ സംസ്കരണ സ്ഥലത്തേക്ക് കൊണ്ടുപോകും. ഗ്രാമീണ സ്ത്രീകളും കുട്ടികളും പാരമ്പരാഗത വസ്ത്രങ്ങളണിഞ്ഞു ഒരു ആചാരം പോലെ ഇതിനെ അനുഗമിക്കും.
വേർതിരിച്ചെടുത്ത ഈത്തപ്പഴം വലിയ ചെമ്പ് പാത്രത്തിൽ ഇട്ടാണ് വേവിക്കുന്നത്. 15 മുതൽ 20 മിനുറ്റ് വരെയാണ് വേവിക്കുന്ന സമയം. ഈത്തപ്പഴം വേവിക്കുന്നതിന് അൽ മബ്സലി, മദ്‍ലൂകി, ബൊളാറംഗ എന്നീ രീതികളുമുണ്ട്. വേവിച്ച ശേഷം പ്രത്യേക സജ്ജമാക്കിയ മസ്തിന എന്നറിയപ്പെടുന്ന ഗ്രൗണ്ടിൽ ഉണങ്ങാനിടും. ഈ ഗ്രൗണ്ടിൽ അഞ്ച് മുതൽ പത്ത് ദിവസം വരെ നേരിട്ടുള്ള സൂര്യപ്രകാശമേറ്റ് ഈത്തപ്പഴം ഉണങ്ങും. പാകത്തിന് ഉണങ്ങിക്കഴിയുന്നതോടെ ഈത്തപ്പഴം വിപണനത്തിന് തയ്യാറാവും.
ഒമാനി ഈത്തപ്പഴത്തിന് പ്രാദേശിക അന്താരാഷ്‌ട്ര മാർക്കറ്റുകളിൽ ആവശ്യക്കാർ ഏറെയുണ്ട്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളാണ് ഒമാനി ഈത്തപ്പഴത്തിന്റെ പ്രധാന മാർക്കറ്റ് എങ്കിലും യൂറോപ്യൻ രാജ്യങ്ങളിലും ഈത്തപ്പഴത്തിന് ആവശ്യക്കാർ വർധിക്കുന്നുണ്ട്.
തെക്കൻ ശർഖിയ ഗവർണറേറ്റിലെ ജഅലാൻ ബാനി ബു ഹസ്സൻ വിലായത്തിൽ കഴിഞ്ഞ ദിവസം ആഘോഷപൂർവ്വം ‘തബ്സീൽ’ ഈത്തപ്പഴ വിളവെടുപ്പ് നടന്നു. കൃഷി, ഫിഷറീസ്, ജലവിഭവ വകുപ്പിന്‍റെ നേതൃത്വത്തിൽ ജഅലൻ ബാനി ബു ഹസ്സൻ വാലിയുടെ മേൽനോട്ടത്തിൽ നടന്ന വിളവെടുപ്പുത്സവത്തിൽ നിരവധി ഉദ്യോഗസ്ഥരും പങ്കെടുത്തു.
Content Highlights: Experience the traditional date harvest festival in Oman`s rural villages