സമുദ്രമേഖലയിൽ രൂപപ്പെട്ട എണ്ണച്ചോർച്ചക്കെതിരെ പ്രതിരോധവും നിരീക്ഷണവും ശക്തമാക്കി ഒമാൻ

മസ്കറ്റ്: ഒമാനിലെ സമുദ്രമേഖലയിൽ രൂപപ്പെട്ട എണ്ണച്ചോർച്ചക്കെതിരെ പ്രതിരോധവും നിരീക്ഷണവും ശക്തമായി തുടരുകയാണ്. ദോഫാർ തീരത്തിന് സമീപമുള്ള ഹല്ലാനിയാത്ത് ദ്വീപുകളിലെ അൽ ഖിബ്‍ലിയ ദ്വീപിനടുത്ത് പാറയിടുക്കിൽ കുടുങ്ങിയ ‘കരോലിൻ ബെസെംഗി’ എന്ന എണ്ണക്കപ്പലിൽ നിന്നുള്ള ചോർച്ചയാണ് ഒമാൻ തീരത്ത് പ്രതിസന്ധി സൃഷ്ടിച്ചത്.
ധോഫാർ ഗവർണറേറ്റിലെ അൽ ഹല്ലാനിയത്ത് ദ്വീപ് സമൂഹത്തിൽപ്പെട്ട അൽ ഖിബിലിയ ദ്വീപിന് സമീപം പാറക്കെട്ടിൽ കുടുങ്ങിയ കരോളിൻ ബസങ്കി” എന്ന ക്രൂഡോയിൽ ടാങ്കർ കപ്പലിലെ രക്ഷാപ്രവർത്തനങ്ങളും എണ്ണച്ചോർച്ച തടയാനുള്ള നടപടികളും ട്രാൻസ്പോർട്ട്, കമ്മ്യൂണിക്കേഷൻസ്, ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം ഊർജ്ജിതമായി തുടരുന്നതായി ഒമാൻ വാർത്താ ഏജൻസി അറിയിച്ചു. . ബന്ധപ്പെട്ട ദേശീയ ഏജൻസികളുമായും ബ്രിട്ടീഷ് കമ്പനിയായ 'ആംബ്രി'യിലെ അന്താരാഷ്ട്ര വിദഗ്ദ്ധരുമായും സഹകരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. മണിക്കൂറിൽ 40 നോട്ട്സ് വരെ വേഗതയിലടിക്കുന്ന കാറ്റും നാല് മീറ്ററോളം ഉയർന്ന തിരമാലകളും അടങ്ങുന്ന കഠിനമായ കാലാവസ്ഥ രക്ഷാപ്രവർത്തകർക്ക് കനത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. കടൽമാർഗമോ വ്യോമമാർഗമോ കപ്പലിനടുത്തേക്ക് എത്തുന്നത് നിലവിലെ സാഹചര്യത്തിൽ അതീവ ദുഷ്കരമാണ്.
അപകടത്തെ തുടർന്ന് ഉണ്ടാകാനിടയുള്ള പരിസ്ഥിതി ആഘാതം കുറയ്ക്കാൻ ആദ്യഘട്ടം മുതൽ തന്നെ പ്രതിരോധ നടപടികൾ ശക്തമാക്കിയിരുന്നതായി മന്ത്രാലയത്തിലെ മാരിടൈം അഫയേഴ്സ് ഡയറക്ടർ ജനറൽ മുഹമ്മദ് അബ്ദുള്ള അൽ റവാഹി അറിയിച്ചു. ആംബ്രിയുമായി ഏകോപിപ്പിച്ച്, മലിനീകരണ നിയന്ത്രണ രംഗത്തെ പ്രമുഖ അന്താരാഷ്ട്ര കമ്പനിയായ 'ഓയിൽ സ്പിൽ റെസ്പോൺസ് ലിമിറ്റഡ് , ദേശീയ സ്ഥാപനമായ 'ഒമാൻ പെസ്കോ' എന്നിവരെ ശുചീകരണ പ്രവർത്തനങ്ങൾക്കായി ചുമതലപ്പെടുത്തിയിട്ടുണ്ട്. തകരാർ സംഭവിച്ച മേഖലയിലേക്ക് റബ്ബർ ബൂമുകൾ, കെമിക്കൽ ഡിസ്പേഴ്സന്റുകൾ, മറ്റ് അടിയന്തര സാമഗ്രികൾ എന്നിവ എത്തിക്കാൻ പ്രത്യേക സജ്ജീകരണങ്ങളുള്ള കപ്പലും വിന്യസിച്ചിട്ടുണ്ട്. എൻവിറോൺമെന്റ് അതോറിറ്റിയുടെയും മറ്റ് ദേശീയ ഏജൻസികളുടെയും പൂർണ്ണ പിന്തുണയോടെ കാലാവസ്ഥ അനുകൂലമാകുന്ന മുറയ്ക്ക് വിപുലമായ സജ്ജീകരണങ്ങൾ നടപ്പിലാക്കാനാണ് തീരുമാനം. ഖരീഫ് മൺസൂൺ കാലത്തെ ശക്തമായ കാറ്റും കടൽക്ഷോഭവും വലിയ സാങ്കേതിക തടസ്സങ്ങളാണ് സൃഷ്ടിക്കുന്നത്.
കപ്പൽ കുടുങ്ങിക്കിടക്കുന്ന പ്രദേശം ആഴം കുറഞ്ഞതും പാറക്കെട്ടുകൾ നിറഞ്ഞതുമായതിനാൽ സപ്പോർട്ട് കപ്പലുകൾക്ക് ഇവിടേക്ക് അടുക്കുന്നത് അപകടകരമാണ്. കൂടാതെ, പാറക്കെട്ടിൽ അടിച്ച് കപ്പൽ ഒരു വശത്തേക്ക് 17 ഡിഗ്രിയോളം ചരിഞ്ഞ നിലയിലാണ്. ഇതേതുടർന്ന് കപ്പലിന്റെ ഒരു ഭാഗം വെള്ളത്തിൽ മുങ്ങുകയും ഡെക്കിൽ എണ്ണയും വെള്ളവും കലർന്ന് പ്രദേശം വഴുക്കലുള്ളതായി മാറുകയും ചെയ്തിട്ടുണ്ട്. വൈദ്യുതി ബന്ധം പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടതും പ്രതിസന്ധി വർദ്ധിപ്പിക്കുന്നു. സാഹചര്യം അതീവ സങ്കീർണ്ണമായതിനാൽ വ്യോമസേനയുടെ സഹായത്തോടെ ഹെലികോപ്റ്ററുകൾ വഴിയാണ് നിലവിൽ സാങ്കേതിക വിദഗ്ദ്ധരെയും ജനറേറ്ററുകൾ ഉൾപ്പെടെയുള്ള അത്യാവശ്യ ഉപകരണങ്ങളെയും കപ്പലിന്റെ ഡെക്കിലേക്ക് എത്തിക്കുന്നത്. വാതക മർദ്ദവും ഓക്സിജൻ അളവും പരിശോധിച്ച് ജോലി ചെയ്യാനുള്ള സുരക്ഷിത സാഹചര്യം ഒരുക്കുകയാണ് പ്രഥമ മുൻഗണന. തകരാർ സംഭവിച്ച ടാങ്കുകളിൽ നിന്ന് ചോർച്ചയുടെ തോത് കുറയ്ക്കുന്നതിനായി, കപ്പലിനകത്തു തന്നെയുള്ള സുരക്ഷിതമായ മറ്റ് ടാങ്കുകളിലേക്ക് എണ്ണ മാറ്റാനുള്ള പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ് . കടൽ ശാന്തമാകുന്നതോടെ കപ്പലിലുള്ള മുഴുവൻ എണ്ണയും മറ്റൊരു സജ്ജമായ ടാങ്കറിലേക്ക് പൂർണ്ണമായും മാറ്റാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ഇതിനായി ആഴക്കടൽ സർവേകളും ഹൈഡ്രോഗ്രാഫിക് പരിശോധനകളും നടന്നുവരുന്നു. പരിസ്ഥിതി സംരക്ഷണത്തിനും ജീവനക്കാരുടെ സുരക്ഷയ്ക്കും മുൻഗണന നൽകിക്കൊണ്ട് ഘട്ടങ്ങളായാണ് എല്ലാ പ്രവർത്തനങ്ങളും ക്രമീകരിച്ചിരിക്കുന്നതെന്നും ഒമാൻ വാർത്താ ഏജൻസി വിശദീകരിച്ചു.
Content Highlights: Oman has intensified emergency containment efforts, using helicopters and international experts to manage a severe oil spill from the stranded tanker Caroline Besengi near Al Qibliya Island despite adverse weather conditions.