OCI കാർഡിലെ പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കൽ: വ്യക്തത വരുത്തി മസ്‌കറ്റിലെ ഇന്ത്യൻ എംബസി

#ന്യൂസ് ഡെസ്ക്

മസ്കറ്റ് : ഒ.സി.ഐ (OCI) കാർഡ് ഉടമകൾ പുതിയ പാസ്‌പോർട്ട് എടുക്കുമ്പോഴെല്ലാം അതിലെ വിവരങ്ങൾ ഒ.സി.ഐ കാർഡിൽ അപ്‌ഡേറ്റ് ചെയ്യേണ്ടത് നിർബന്ധമാണെന്ന് മസ്‌കറ്റിലെ ഇന്ത്യൻ എംബസി പൊതുജന അറിയിപ്പിലൂടെ വ്യക്തമാക്കി.

പാസ്‌പോർട്ട് പുതുക്കുന്നതിനായി സമർപ്പിച്ച അപേക്ഷ ഓൺ‌ലൈൻ സിസ്റ്റത്തിൽ അംഗീകരിച്ച് (Acknowledgement) വരുന്നത് വരെ ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ നിരവധി ആൾക്കാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനാണ് എംബസി ഇപ്പോൾ വ്യക്തത നൽകിയിരിക്കുന്നത്.

പുതിയ പാസ്‌പോർട്ട് ലഭിച്ച തീയതി മുതൽ ഓൺലൈൻ സിസ്റ്റത്തിൽ രേഖകൾ പൂർണ്ണമായി അക്‌നോളജ് ചെയ്യുന്നത് വരെയുള്ള സമയപരിധിക്കുള്ളിൽ ഒ.സി.ഐ കാർഡ് ഉടമകൾക്ക് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് യാതൊരുവിധ തടസ്സങ്ങളോ നിയന്ത്രണങ്ങളോ ഉണ്ടാകില്ല എന്ന് എംബസി സ്ഥിരീകരിച്ചു.

പാസ്‌പോർട്ട് വിവരങ്ങൾ പുതുക്കാൻ അപേക്ഷിക്കുന്ന എല്ലാ ഒ.സി.ഐ കാർഡ് ഉടമകളും ഈ നിർദ്ദേശം ശ്രദ്ധിക്കണമെന്ന് എംബസി കൂട്ടിച്ചേർത്തു.

Content Highlights: oman news