ഒമാൻ ദേശീയ ദിനാഘോഷം: വിവിധ ഗവർണറേറ്റുകളിൽ വർണ്ണാഭമായ ഡ്രോൺ ഷോകൾ അരങ്ങേറും

മസ്‌കറ്റ്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ വർണ്ണാഭമായ ഡ്രോൺ ഷോകൾ സംഘടിപ്പിക്കുമെന്ന് ദേശീയ ആഘോഷങ്ങളുടെ ജനറൽ സെക്രട്ടേറിയറ്റ് അറിയിച്ചു.

മസ്‌കറ്റ് ഗവർണറേറ്റിലെ സീബ് വിലായത്തിലുള്ള അൽ ഖൂദ് ഡാമിലും , ദോഫാർ ഗവർണറേറ്റിലെ സലാലയിലുള്ള അത്തീൻ സമതലത്തിലും നാളെ (വെള്ളിയാഴ്ച) രാത്രി എട്ട് മണിക്ക് ഡ്രോൺ ഷോ അരങ്ങേറും.

അൽ ദാഖിലിയ ഗവർണറേറ്റിലെ മനാ വിലായത്തിൽ 'ഒമാൻ എക്രോസ് ഏജസ്' മ്യൂസിയത്തിന് സമീപം നവംബർ 21-ന് (ശനിയാഴ്ച) രാത്രി എട്ട് മണിക്കാണ് പ്രദർശനം നടക്കുക. ദേശീയ ദിനാഘോഷങ്ങൾക്ക് കൂടുതൽ പൊലിമയേകുന്നതിന്റെ ഭാഗമായാണ് ആകാശത്ത് വിസ്മയക്കാഴ്ചയൊരുക്കുന്ന ഈ പരിപാടികൾ സംഘടിപ്പിക്കുന്നത്.