ഭരണഘടനാ ദിനം ആചരിച്ച് ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ കമ്മിറ്റി

മനാമ: ഇന്ത്യൻ ഭരണഘടനയുടെ മഹത്തായ മൂല്യങ്ങളും ജനാധിപത്യ ബോധവും ഉയർത്തിപ്പിടിച്ചുകൊണ്ട് നവംബർ 26-ന് ഭരണഘടനാ ദിനം ആചരിച്ച് ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ കമ്മിറ്റി. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം, മതേതരത്വം, നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ അടിസ്ഥാന ആശയങ്ങളുടെ പ്രസക്തി പ്രവാസലോകത്തും പുതുതലമുറയിലേക്കും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

ചടങ്ങിൽ ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം ഭരണഘടനാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഇന്ത്യയുടെ ജനാധിപത്യ അടിത്തറയും പൗരന്മാർക്ക് ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളും കടമകളും ഓർമിപ്പിച്ചുകൊണ്ടായിരുന്നു പ്രതിജ്ഞാ ചടങ്ങ്. ഭരണഘടനയുടെ അന്തസ്സത്തയും മൂല്യങ്ങളും സംരക്ഷിക്കേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും, രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മതേതര ജനാധിപത്യ പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിൽ ഓരോ പൗരനും നിർണായക പങ്കുവഹിക്കാനുണ്ടെന്നും യോഗത്തിൽ നേതാക്കൾ ഓർമിപ്പിച്ചു.

പ്രവാസി സമൂഹത്തിനിടയിൽ ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് ഒ.ഐ.സി.സി. പത്തനംതിട്ട ജില്ലാ കമ്മിറ്റി അറിയിച്ചു. ഇന്ത്യൻ ഭരണഘടനയുടെ ജനാധിപത്യ, മതേതര മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും അവ ഉയർത്തിപ്പിടിക്കുന്നതിനുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ജില്ലാ പ്രസിഡന്റ് അലക്സ് മഠത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ സയ്യിദ് എം.എസ്., ജീസൺ ജോർജ്, നാഷണൽ ഭാരവാഹി വിനോദ് ഡാനിയേൽ, ജില്ലാ ഭാരവാഹികളായ ജോൺസൺ ടി. തോമസ്, ബിബിൻ മാടത്തേത്ത് എന്നിവർ പ്രസംഗിച്ചു. യോഗത്തിന് കോശി ഐപ്പ് സ്വാഗതവും ട്രഷറർ സിജി തോമസ് നന്ദിയും രേഖപ്പെടുത്തി. നിയോജക മണ്ഡലം പ്രസിഡന്റുമാരായ സിബി അടൂർ, അനിയൻ തോമസ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ബിനു മാമ്മൻ, സിജു ചെറിയാൻ എന്നിവർ നേതൃത്വം നൽകി.