ഉംറ കഴിഞ്ഞ് മടങ്ങവെ മലയാളി തീർഥാടക ബസിൽ മരണപ്പെട്ടു

മസ്‌കറ്റ്: ഉംറ തീർഥാടനം കഴിഞ്ഞ് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങുന്നതിനിടെ മലയാളി വനിത ബസിൽ വെച്ച് മരണപ്പെട്ടു. കൊല്ലം പാരിപ്പള്ളി സ്വദേശി ശാഹുൽ ഹമീദിന്റെ ഭാര്യ ഫാരിഷ ബീവി (63) ആണ് മരിച്ചത്.

രണ്ടാഴ്ച മുമ്പാണ് ഫാരിഷ ബീവി നാട്ടിൽനിന്ന് ഉംറ നിർവഹിക്കാനായി സഊദിയിലെത്തിയത്. ഉംറ പൂർത്തിയാക്കിയശേഷം രണ്ട് ദിവസം സഊദിയിൽ കാത്തിരുന്നെങ്കിലും വിമാന സർവീസുകൾ പുനരാരംഭിക്കാത്തതിനെ തുടർന്ന് ഒമാൻ വഴി നാട്ടിലേക്ക് മടങ്ങാൻ തീരുമാനിക്കുകയായിരുന്നു.

ബുധനാഴ്ച പുലർച്ചെ മസ്‌കറ്റിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്നതിനായി ടിക്കറ്റും എടുത്തിരുന്നു. യാത്രാസംഘത്തിൽ 43 പേരുണ്ടായിരുന്നു. സഊദിയിൽനിന്ന് ഒമാനിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടെ ശ്വാസംമുട്ടൽ അനുഭവപ്പെടുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഭർത്താവ് ശാഹുൽ ഹമീദ് കൂടെ ഉംറ സംഘത്തിലുണ്ട്. മയ്യിത്ത് ഇബ്രി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആവശ്യമായ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content Highlights: malayali-woman-dies-on-bus-returning-from-umrah-oman