ഒമാൻ പ്രവാസിയും സാമൂഹിക പ്രവർത്തകനും ജമാൽ ഇടക്കുന്നം നാട്ടിൽ മരണപ്പെട്ടു

മസ്‌കറ്റ്: ഒമാനിലെ മുസന്നയിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനും വ്യവസായിയുമായിരുന്ന കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജമാൽ ഇടക്കുന്നം നാട്ടിൽ മരണപ്പെട്ടു. ഇന്ത്യൻ സ്‌കൂൾ മുലദ്ദയുടെ സ്ഥാപക പ്രസിഡന്റും ദീർഘകാലം സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായിരുന്നു അദ്ദേഹം.

അമ്പതു വർഷത്തോളം ഒമാനിൽ പ്രവാസിയായിരുന്ന ജമാൽ ഇടക്കുന്നം, മുലദ്ദയിൽ ഇന്ത്യൻ സ്‌കൂൾ സ്ഥാപിക്കുന്നതിനായി പ്രയത്‌നിച്ചവരിൽ പ്രധാനിയാണ്. മുലദ്ദ ഇന്ത്യൻ സ്‌കൂളിന്റെ സ്ഥാപക പ്രസിഡന്റായിരുന്നു അദ്ദേഹം. പ്രവാസികൾക്കിടയിലും സ്വദേശികൾക്കിടയിലും പൊതുസമ്മതനായ അദ്ദേഹം, പലവിധ ബിസിനസ് പ്രവർത്തനങ്ങൾക്കിടയിലും സാമൂഹിക -പൊതുപ്രവർത്തനരംഗത്തും സജീവമായിരുന്നു. കാഞ്ഞിരപ്പള്ളി ഇടക്കുന്നം വലിയവീട്ടിൽ കെ.പി. ജമാലുദ്ദീൻ എന്ന ജമാൽ ഇടക്കുന്നത്തിന് 82 വയസ്സായിരുന്നു.

മസ്‌കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള സൗജന്യ ഡയാലിസിസ് യൂണിറ്റ് ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി പാറത്തോട് ഹൈറേഞ്ച് ഹോസ്പിറ്റലിൽ പ്രവർത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തിൽ മസ്‌കറ്റ് കെഎംസിസി കോട്ടയം ജില്ലാ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

മാസങ്ങൾക്കു മുമ്പാണ് അദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയത്. സൈനബയാണ് ഭാര്യ . ജലീൽ ജമാൽ, റസൽ ജമാൽ, ഫൈസൽ ജമാൽ എന്നിവരാണ് മക്കൾ. മൃതദേഹം ഇടക്കുന്നം കുരീപ്പാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.

Content Highlights: jamal-edakkunnam-oman-expat-passes-away