ഇന്ത്യൻ സ്കൂൾ നിസ്വ 35-ാം വാർഷിക ദിനം ആഘോഷിച്ചു

മസ്കറ്റ്: ഇന്ത്യൻ സ്കൂൾ നിസ്വയുടെ 35-ാം വാർഷികദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. നിസ്വയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ആൻഡ് അപ്ലൈഡ് സയൻസസ് അസിസ്റ്റന്റ് വൈസ് ചാൻസലർ ഡോ. മുഹമ്മദ് റാഷിദ് ഹംദാൻ അൽ മാമരി മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് ചെയർമാൻ സയ്യിദ് അഹമ്മദ് സൽമാൻ വിശിഷ്ടാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ നിസ്വ ഡി.ഐ.സി. എസ്. കൃഷ്ണേന്ദു പ്രത്യേക അതിഥിയായും, ഒമാനിലെ ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് സീനിയർ പ്രിൻസിപ്പലും വിദ്യാഭ്യാസ ഉപദേഷ്ടാവുമായ എം.പി. വിനോബ പ്രത്യേക ക്ഷണിതാവായും ചടങ്ങിൽ സംബന്ധിച്ചു.

സാങ്കേതിക വിദ്യാധിഷ്ഠിത വിദ്യാഭ്യാസ രംഗത്തെ സ്കൂളിന്റെ സുപ്രധാന നാഴികക്കല്ലായി, പുതുതായി സ്ഥാപിച്ച നിർമിത ബുദ്ധി ലാബിന്റെ ഉദ്ഘാടനം സയ്യിദ് അഹമ്മദ് സൽമാൻ നിർവഹിച്ചു.

സ്കൂളിന്റെ നേട്ടങ്ങളും വളർച്ചയും വരച്ചുകാട്ടുന്ന വാർഷിക റിപ്പോർട്ട് പ്രിൻസിപ്പൽ നിഷാന്ത് കുമാർ അവതരിപ്പിച്ചു. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് ഡോ. ഇസ്മായിൽ ഇഖ്ബാൽ മുഹമ്മദ് ആശംസകൾ നേർന്നു.

ഇന്ത്യയും ഒമാനും തമ്മിലുള്ള സമ്പന്നമായ സാംസ്കാരിക പൈതൃകവും ദൃഢമായ സൗഹൃദവും വിളിച്ചോതുന്ന കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി. ഏകദേശം 450 വിദ്യാർഥികൾ അണിനിരന്ന വർണ്ണാഭമായ കലാപ്രകടനങ്ങൾ അതിഥികളുടെയും മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റി.

വൈസ് പ്രിൻസിപ്പൽ ഡോ. മെഹ്രാജ്, അസിസ്റ്റന്റ് വൈസ് പ്രിൻസിപ്പൽ ഫഹീമുദ്ദീൻ എന്നിവരുടെ മേൽനോട്ടത്തിൽ അസ്മ ഖാൻ, ഷാനവാസ് അബൂബക്കർ, അഫ്സർ പാഷ, ഷെർലി ജൂഡ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു. ഹെഡ് ഗേൾ സഫിയ സ്വാഗതവും ഹെഡ് ബോയ് അഫ്രാൻ നന്ദിയും പറഞ്ഞു.