ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഡിജിസിഎ അനുമതി നല്‍കി

മസ്‌കറ്റ്: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ഗോ ഫസ്റ്റ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന് ഇന്ത്യയിലെ ഡയരക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി ജി സി എ) അനുമതി നല്‍കി. വിവിധ നിബന്ധനകളോടെയാണ് ഡി ജി സി എ ഇത്തരത്തില്‍ ഒരു അനുമതി നല്‍കിയിട്ടുള്ളത്. സൂക്ഷ്മമായ പരിശോധനകള്‍ക്കു ശേഷം, ജൂണ്‍ 28 തീയതി വച്ചുള്ള നിര്‍ദിഷ്ട പുനരാരംഭിക്കല്‍ പദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നുവെന്ന് ഡി ജി സി എ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കി. എയര്‍ലൈന്‍സുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയിലും നാഷനല്‍ കമ്പനി ലോ ട്രൈബ്യൂണലിലും നിലവിലുള്ള റിട്ട് ഹരജികളില്‍ വിധി വരാനിരിക്കെയാണ് നടപടി.
മസ്‌കറ്റില്‍ നിന്ന് കണ്ണൂര്‍ സെക്ടറില്‍ ഉള്‍പ്പെടെ സര്‍വീസുകള്‍ പുനഃരാരംഭിക്കും. ഒമാനില്‍ നിന്നും കണ്ണൂരിലേക്കുള്ള യാത്രക്കാര്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഗോ ഫസ്റ്റ് വിമാനത്തിനെയായിരുന്നു. താരതമ്യേന കുറഞ്ഞ ടിക്കറ്റ് നിരക്കുകളാണ് ഗോ ഫസ്റ്റ് സര്‍വീസ് ഈടാക്കിയിരുന്നത്. വിമാനം പുനരാരംഭിക്കാനുള്ള അനുമതി ലഭിച്ചത് മലയാളികള്‍ ഏറെ സന്തോഷത്തോടെയാണ് കാണുന്നത്.
ഇതിനിടെ എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍വീസ് അവസാനിപ്പിച്ചതോടെ ദുരന്തം ഇരട്ടിയായി. കോഴിക്കോട്, ബംഗളൂരു, മംഗളൂരു സെക്ടറുകള്‍ വഴിയാണ് ഉത്തര മലബാറിലുള്ളവര്‍ യാത്ര ചെയ്തിരുന്നത്. ഇവര്‍ക്കെല്ലാം ആശ്വാസകരമാവുകയാണ് പുതിയ സാഹചര്യം.
ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഗോ ഫസ്റ്റ് ആഭ്യന്തര സര്‍വീസ് വീണ്ടും ആരംഭിക്കുമെങ്കിലും അന്താരാഷ്ട്ര സര്‍വീസ് സെപ്തംബര്‍ മാസത്തിലാകും തുടക്കമാവുക. ടിക്കറ്റ് ബുക്കിംങ് സെപ്തംബര്‍ മാസം ആദ്യം ആരംഭിക്കും. ആദ്യ അന്താരാഷ്ട്ര സര്‍വീസ് യു എ ഇ കണ്ണൂര്‍ റൂട്ടിലായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മസ്‌കറ്റിലേക്കും സര്‍വീസ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് ഒമാന്‍ മലയാളികള്‍. ഇതിനുള്ള നടപടികള്‍ ഗോ ഫസ്റ്റ് ആരംഭിച്ചു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content Highlights: go first service