ഗർഷോം പുരസ്കാരം; ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി സുചേതാ സതീഷ്

ദുബായ്: ഗര്‍ഷോം ഫൗണ്ടേഷന്റെ 2025 ലെ ഗര്‍ഷോം അന്താരാഷ്ട്ര പുരസ്‌കാരം നേടി യുഎഇയില്‍ നിന്നുള്ള കണ്ണൂര്‍ എളയാവൂര്‍ സ്വദേശിനി സുചേതാ സതീഷ്. ഗര്‍ഷോം ഫൗണ്ടേഷന്റെ ചരിത്രത്തില്‍ ഗര്‍ഷോം പുരസ്‌കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തികൂടിയാണ് സുചേതാ. സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിതവിജയം നേടുകയും മലയാളികളുടെ യശസ്സുയര്‍ത്തുകയും ചെയ്ത മലയാളികളെ ആദരിക്കാന്‍ ലക്ഷ്യമിട്ട് 2002 ലാണ് ബെംഗളൂരു ആസ്ഥാനമായി ഗര്‍ഷോം ഫൗണ്ടേഷന്‍ സ്ഥാപിച്ചത്.

2024 ല്‍ ഒമ്പത് മണിക്കൂറില്‍ 140 ഭാഷകളിലായി പാട്ടുപാടി ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ കയറിയ വ്യക്തിയാണ് സുചേതാ സതീഷ്. 101 വിദേശഭാഷകളിലും 39 ഇന്ത്യന്‍ ഭാഷകളിലുമുള്ള പാട്ടുകളാണ് സുചേതാ പാടിയത്. നേരത്തെ 2021 ല്‍ 120 ഭാഷകളില്‍ പാടിയതിന്റെ റെക്കോര്‍ഡും സുചേതയുടെ പേരിലുണ്ട്. കണ്ണൂര്‍ എളയാവൂര്‍ സ്വദേശികളും യുഎഇയില്‍ താമസിക്കുന്നവരുമായ ഡോ.ടി.സി സതീഷ്, സുമിത എന്നിവരുടെ മകളാണ്. ദുബായില്‍ നോളജ് പാര്‍ക്ക് മിഡില്‍സെക്സ് യൂണിവേഴ്സിറ്റിയില്‍ ബിരുദ വിദ്യാര്‍ഥിനിയാണ്.

ഇതുവരെ 100 പ്രവാസി മലയാളികളെയും 18 പ്രവാസി മലയാളി സംഘടനകളെയും ഗര്‍ഷോം പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ ജപ്പാന്‍, നോര്‍വേ, മലേഷ്യ, കുവൈത്ത്, അര്‍മേനിയ, യുഎഇ, ഇന്ത്യ, അസര്‍ബയ്ജാന്‍ എന്നീ രാജ്യങ്ങളിലെ വിവിധ നഗരങ്ങള്‍ ഗര്‍ഷോം പുരസ്‌കാരദാന ചടങ്ങുകള്‍ക്ക് വേദിയായിട്ടുണ്ട്.

സജീവ് നാരായണന്‍ (കുവൈത്ത്), അലക്സ് ഏബ്രഹാം (ഫിലിപ്പീന്‍സ്), മുംഷാദ് മന്നംബേത്ത് (സിംഗപ്പുര്‍), സാവിയോ ജയിംസ് (അയര്‍ലന്‍ഡ്), ഡി. സുധീരന്‍ (സിംഗപ്പുര്‍) എന്നിവരാണ് ഈ വര്‍ഷം ഗര്‍ഷോം അന്താരാഷ്ട്ര പുരസ്‌കാരം നേടിയ മറ്റുള്ളവര്‍.

Content Highlights: Garshom Award winner