വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അയര്‍ലന്‍ഡില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി

#ലിപ്സണ്‍ ഫിലിപ്പ്
.
.

ഡബ്ലിന്‍: ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ അയര്‍ലന്‍ഡില്‍ രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി. ലണ്ടനില്‍ നിന്നും വ്യാഴാഴ്ച രാവിലെ ഡബ്ലിനില്‍ എത്തിയ അദ്ദേഹം ഐറീഷ് പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സിനെ സന്ദര്‍ശിച്ചു. ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്റെ ആശംസകള്‍ ജയശങ്കര്‍ പ്രസിഡന്റ് മൈക്കിള്‍ ഡി ഹിഗിന്‍സിന് കൈമാറി.

തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രിയും ഇപ്പോഴത്തെ വിദേശകാര്യമന്ത്രിയുമായ സൈമണ്‍ ഹാരിസ്, മുന്‍ പ്രധാനമന്ത്രിയും ഇന്ത്യന്‍ വംശജനുമായ ലിയോ വരദ്കര്‍, ടിഡി (എംപി) മാരായ ജയിംസ് ലോലെസ്, റോബര്‍ട്ട് ട്രോയ്, മാല്‍ക്കം ബൈറണ്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ- അയര്‍ലന്‍ഡ് ഉഭയകക്ഷി ബന്ധങ്ങളും ട്രേഡ്, ഇന്‍വെസ്റ്റ്മെന്റ്, ടെക്നോളജി മേഖലകളിലെ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതകളും റഷ്യ-ഉക്രൈന്‍ യുദ്ധം ഉള്‍പ്പടെയുള്ള ആഗോള സാഹചര്യങ്ങളും സൈമണ്‍ ഹാരിസുമായി ജയശങ്കര്‍ ചര്‍ച്ച ചെയ്തു. അയര്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്ര അദേഹത്തെ അനുഗമിച്ചു.

യൂണിവേഴ്സിറ്റി കോളജ് ഡബ്ലിനില്‍ (യുസിഡി) മാറുന്ന ലോകത്തെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകളും ഇന്ത്യ-അയര്‍ലന്‍ഡ് ബന്ധങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ജയശങ്കര്‍ പ്രഭാഷണം നടത്തി. നൂറുകണക്കിന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ഫാക്കല്‍ട്ടിയും ചേര്‍ന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയെ യുസിഡിയിലേക്ക് സ്വാഗതം ചെയ്തു. ഇന്ത്യയില്‍ നിന്ന് അയര്‍ലന്‍ഡിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് വലിയ വിമാനങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് സാധ്യമായേക്കുമെന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി പറഞ്ഞു.

കൂടാതെ താല സയന്റോളജി സെന്ററില്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തെയും അദ്ദേഹം അഭിസംബോധന ചെയ്തു. അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയ്ക്ക് ഇന്ത്യന്‍ സമൂഹം നല്‍കി വരുന്ന സംഭാവനകള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

നേരത്തെ ജനറല്‍ പോസ്റ്റ് ഓഫീസ് (ജിപിഒ) മ്യൂസിയം, ട്രിനിറ്റി കോളജിലെ ബുക്ക് ഓഫ് കെല്‍സ് തുടങ്ങിയവയും അദേഹം സന്ദര്‍ശിച്ചു. സെന്റ് സ്റ്റീഫന്‍സ്ഗ്രീന്‍ പാര്‍ക്കിലെ ടാഗോര്‍ പ്രതിമയില്‍ ജയശങ്കര്‍ പുഷ്പാര്‍ച്ചന നടത്തി.

Content Highlights: Jaishankar`s Ireland Visit