ഐഒസി (യുകെ) ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

ലണ്ടന്‍: ഐഒസി (യുകെ), വിമന്‍സ് വിങ്ങുമായി ചേര്‍ന്ന് 75-ാമത് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ഇന്ത്യന്‍ വംശജനും മുതിര്‍ന്ന ലേബര്‍ പാര്‍ട്ടി എം.പിയുമായ വീരേന്ദ്ര ശര്‍മ മുഖ്യാതിഥിയായി പങ്കെടുത്തു. യുകെയിലെ വിവിധ മേഖലകളില്‍ നിന്നുമുള്ള പ്രതിനിധികളും പ്രവര്‍ത്തകരും ഒത്തുകൂടിയിരുന്നു.
ദേശീയ ഗാനത്തോടെ ആരംഭിച്ച ചടങ്ങില്‍, ഐഒസി സീനിയര്‍ വൈസ് പ്രസിഡന്റും യൂറോപ്പ് വനിത വിംഗ് കോര്‍ഡിനേറ്ററുമായ ഗുമിന്ദര്‍ രന്ധ്വാ, എം.പി വീരേന്ദ്ര ശര്‍മ്മയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ഐഒസി സീനിയര്‍ ലീഡര്‍ നച്ചത്തര്‍ ഖല്‍സി ആഘോഷത്തില്‍ അധ്യക്ഷത വഹിച്ചു.
യുകെയിലെ റേഡിയോ അവതാരികയായ ഷാബോ ബോപരായിയുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനാലാപനം അരങ്ങേറി.
രാജ്യത്തിന്റെ പരോമോന്നത നീതി ന്യായ നിയമ സംഹിത അംഗീകരിക്കപ്പെട്ട പൂര്‍ണ്ണ സ്വരാജ് ഭരണത്തിന്റെ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയവരെ ഐഒസി (യു കെ) നേതാവ് അജിത് മുതയില്‍ സ്വാഗതം ചെയ്തു.
വ്യത്യസ്ത ജാതികളും, മതങ്ങളും, പശ്ചാത്തലങ്ങളും നിറങ്ങളുമുള്ള ആളുകള്‍ ദേശീയത എന്ന ഒറ്റനൂലില്‍ ഒന്നിച്ചു കോര്‍ത്തെടുക്കുന്ന മുത്തുകള്‍ പോലെ ചേര്‍ന്നുകൊണ്ട്, വളരെ ആവേശത്തോടെയും ഉത്സാഹത്തോടെയും നമ്മുടെ പൂര്‍വ്വികരുടെ ത്യാഗത്തേയും സമര്‍പ്പണത്തേയും സ്വാതന്ത്ര്യവാഞ്ഛയേയും ഓര്‍മ്മിക്കാനും ആഘോഷിക്കാനും ഈ ദിനം നമ്മെ ഒരുമിച്ചു ചേര്‍ക്കുന്നു എന്ന് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് എം.പി വീരേന്ദ്ര ശര്‍മ പറഞ്ഞു.
ഐഒസി (യുകെ) തമിഴ്‌നാട് ചാപ്റ്റര്‍ പ്രസിഡന്റ് ഖലീല്‍ മുഹമ്മദ് ചടങ്ങിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. ഐഒസി വനിത വിംഗ് ജനറല്‍ സെക്രട്ടറി അശ്വതി നായര്‍, യൂത്ത് വിംഗ് എക്‌സിക്യൂട്ടീവ് മെംബര്‍ വിഷ്ണു ദാസ് എന്നിവര്‍ മുഖ്യാതിഥി എം.പി വീരേന്ദ്ര ശര്‍മ്മക്ക് ബൊക്കെ നല്‍കി ആദരിച്ചു. ആഷിര്‍ റഹ്‌മാന്‍, അജി ജോര്‍ജ് തുടങ്ങിയവര്‍ ഐഒസി (യുകെ) കേരള ചാപ്റ്ററിനെ പ്രതിനിധീകരിച്ച് ചടങ്ങുകളില്‍ സംസാരിച്ചു.
ഐഒസി സീനിയര്‍ വൈസ് പ്രസിഡന്റ് ഗുമിന്ദര്‍ രന്ധ്വാ നന്ദി അര്‍പ്പിച്ച ശേഷം ദേശഭക്തി ഗാനാലാപനത്തോടെ റിപ്പബ്ലിക്ക് ആഘോഷ ചടങ്ങുകള്‍ സമാപിച്ചു.
വാര്‍ത്തയും ഫോട്ടോയും : അപ്പച്ചന്‍ കണ്ണഞ്ചിറ
Content Highlights: republic day celebration