കോട്ടയം ബ്രദേഴ്സ് കാനഡ, ടിസാക്ക് അന്താരാഷ്ട്ര വടംവലി ചാമ്പ്യന്‍സ്

ഹൂസ്റ്റണ്‍:ഫോര്‍ട്ബെന്‍ഡ് കൗണ്ടി എപ്പിസെന്ററില്‍ വെച്ച് നടന്ന ടെക്സസ് ഇന്റര്‍നാഷണല്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ലബ്ബിന്റെ (ടിസാക്ക്) അന്താരാഷ്ട്ര വടംവലി മത്സരത്തില്‍ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ചാമ്പ്യന്‍മാരായി. ഗ്ലാഡിയേറ്റേഴ്സ് കാനഡ റണ്ണറപ്പായി ട്രോഫി ഉയര്‍ത്തി. കായികശേഷി പരീക്ഷിച്ച് ഗാലക്സി ഡബ്ളിന്‍ അയര്‍ലന്‍ഡ് മൂന്നാം സ്ഥാനത്തെത്തി. ന്യൂയോര്‍ക്ക് കിങ്‌സാണ് നാലാം സ്ഥാനത്തെത്തിയത്.
ഫോര്‍ട്ബെന്‍ഡ് കൗണ്ടി എപ്പിസെന്ററിലായിരുന്നു മല്ലന്‍മാര്‍ ചേരിതിരിഞ്ഞ് ചുവടുറപ്പിച്ച് താളത്തിനൊത്ത് കയറില്‍ പിടിമുറുക്കിയ വടംവലിയുടെ പെരുംപോരാട്ടം അരങ്ങേറിയത്. ഏതാണ്ട് ആറായിരത്തിലധികം കാണികള്‍ സാക്ഷ്യം വഹിച്ച ടിസാക്കിന്റെ ഈ നാലാം സീസണ്‍ മല്‍സരം അമേരിക്കന്‍ മലയാളി സമൂഹത്തില്‍ കായികാഭിനിവേശത്തിന്റെ വേറിട്ട ചരിത്രമെഴുതി. എരിയുന്ന കനലില്‍ കാരിരുമ്പിട്ട് വെട്ടി കൊത്തുപണിയിലൂടെ കടഞ്ഞെടുത്ത ഉരുക്ക് മുഷ്ഠിയും അടിപതറാത്ത പാദച്ചുവടുകളുമായി ശ്വാസമടക്കിപ്പിടിച്ചിരുന്ന കാണികള്‍ക്ക് ആവേശത്തിന്റെ പൂരക്കാഴ്ചയാണ് കായിക കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് അമേരിക്കന്‍ മണ്ണില്‍ ആസ്ഥാനമുറപ്പിച്ച ടിസാക്ക് സമ്മാനിച്ചത്.
ചാമ്പ്യന്‍മാരായ കോട്ടയം ബ്രദേഴ്സ് കാനഡ ബ്ലൂ ടീം, മെല്‍വിന്‍ തോമസ് വാഴപ്പള്ളില്‍-എക്സല്‍ റിയല്‍റ്റി & സി.ഒ & മാത്യു കല്ലിടുക്കില്‍ സ്പോണ്‍സര്‍ ചെയ്ത 8001 ഡോളറും പ്രോംപ്റ്റ് റിയല്‍റ്റിയുടെ പേരിലുള്ള ട്രോഫിയും, റണ്ണേഴ്സ് അപ്പായ കുളങ്ങര ഫാമിലി നേതൃത്വം നല്‍കിയ ഗ്ലാഡിയേറ്റേഴ്യ് കാനഡ ടീം ഫോര്‍സൈറ്റ് കണ്‍സ്ട്രക്ഷന്‍-അനീഷ് സൈമണ്‍ സ്പോണ്‍സര്‍ ചെയ്ത 6001 ഡോളറും എം.എച്ച്.എസ് കണ്‍സ്ട്രക്ഷന്റെ പേരിലുള്ള ട്രോഫിയും, മൂന്നാം സ്ഥാനക്കാരായ ഗാലക്സി ഡബ്ളിന്‍ അയര്‍ലന്‍ഡ് ടീം യു.ജി.എം-പ്രിന്‍സ് പോള്‍ & ഡോ. ഷിജു സക്കറിയ സ്പോണ്‍സര്‍ ചെയ്ത 4001 ഡോളറും അര്‍കോള ഡന്റല്‍ ഡോ.നവീന്‍ നന്‍കിയ ട്രോഫിയും, സ്വന്തമാക്കി. നാലാം സ്ഥാനത്തെത്തിയ ന്യൂയോര്‍ക്ക് കിങ്സ്, ഷോണ്‍ ലൂക്ക് വെട്ടിക്കല്‍-താജംസ് മാര്‍ബിള്‍സ് & ഗ്രാനൈറ്റ് സ്പോണ്‍സര്‍ ചെയ്ത 2001 ഡോളറും സെന്റ് മേരീസ് പെട്രോളിയത്തിന്റെ പേരിലുള്ള ട്രോഫിയും സ്വന്തമാക്കി.
മേയര്‍ റോബിന്‍ ഇലക്കാട്ട് അഡൈ്വസറി ചെയര്‍മാനായുള്ള കമ്മിറ്റിയാണ് വടംവലി മത്സരത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചത്. ടിസാക്ക് ചെയര്‍മാന്‍ ഡോ.സക്കറിയ തോമസ്, പ്രസിഡന്റ് ഡാനി വി രാജു, സെക്രട്ടറി ജിജോ കരോട്ട്മുണ്ടയ്ക്കല്‍, ട്രഷറര്‍ റിമല്‍ തോമസ്, പി.ആര്‍.ഒ ജിജു കുളങ്ങര, വൈസ് പ്രസിഡന്റ് ജോയി തൈയില്‍, ജോയിന്റ് സെക്രട്ടറി മാത്യൂസ് കറുകക്കളം, ജോയിന്റ് ട്രഷറര്‍ ഫിലിപ്പ് ചോരത്ത്, ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ ചാക്കോച്ചന്‍ മേടയില്‍, ലൂക്ക് കിഴക്കേപ്പുറത്ത് തുടങ്ങിയവര്‍ മത്സരങ്ങളുടെ ചുക്കാന്‍ പിടിച്ചു.
വാര്‍ത്തയും ഫോട്ടോയും : ജീമോന്‍ റാന്നി
Content Highlights: international tug of war competition