അയര്‍ലന്‍ഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 24 ന്

#ലിപ്സണ്‍ ഫിലിപ്പ്

ഡബ്ലിന്‍: അയര്‍ലന്‍ഡിലെ 10-ാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒക്ടോബര്‍ 24 ന് നടക്കും. ഏഴ് വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഒരാള്‍ക്ക് പരമാവധി രണ്ട് ടേം മാത്രമാണ് പ്രസിഡന്റ് പദം അലങ്കരിക്കാനാകുന്നത്. 2011 മുതല്‍ തുടര്‍ച്ചയായി രണ്ടാം തവണ പ്രസിഡന്റ് പദവിയിലുള്ള മൈക്കിള്‍ ഡി ഹിഗിന്‍സിന്റെ കാലാവധി വരുന്ന നവംബറില്‍ അവസാനിക്കും.

അയര്‍ലന്‍ഡില്‍ ഗവണ്‍മെന്റിനെയും ജഡ്ജിമാരെയും നിയമിക്കുന്നത് പ്രസിഡന്റാണ്. പാര്‍ലമെന്റ് വിളിച്ചുകൂട്ടുന്നതും പിരിച്ചുവിടുന്നതും മന്ത്രിമാരുടെ രാജിസ്വീകരിക്കുന്നതുമെല്ലാം പ്രസിഡന്റിന്റെ അധികാര പരിധിയിലാണ്. ഐറീഷ് ഡിഫന്‍സ് ഫോഴ്സിന്റെ സുപ്രീം കമാന്‍ഡറും പ്രസിഡന്റ് തന്നെ. ഭരണഘടനയുടെ 13-ാം അനുഛേദം പ്രസിഡന്റിന്റെ വിപുലമായ അധികാരങ്ങള്‍ രേഖപ്പെടുത്തുന്നു.

പാര്‍ലമെന്ററി ജനാധിപത്യം പിന്തുടരുന്ന അയര്‍ലന്‍ഡില്‍ പ്രസിഡന്റാണ് രാഷ്ട്രത്തലവന്‍. ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വതന്ത്രമായ ശേഷം 1938 മുതലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങിയത്. ഡഗ്ലസ് ഹൈഡ് (1938-1945) ആണ് പ്രഥമ പ്രസിഡന്റ്. സിയാന്‍ ടി കെല്ലി (1945 1959), ഇമോണ്‍ ഡി വലിറ (1959-1973), ഇര്‍സ്‌കിന്‍ ചില്‍ഡേഴ്സ് (19731974), സിര്‍ബാള്‍ ഒ ഡാലിഗ് (1974-1976), പാട്രിക് ഹിലരി (1976-1990), മേരി റോബിന്‍സണ്‍ (1990 1997), മേരി മക്അലീസി (1997-2011) എന്നിവരാണ് മറ്റ് മുന്‍ പ്രസിഡന്റുമാര്‍.

ഐറീഷ് പൗരത്വമുള്ള 35 വയസ് പൂര്‍ത്തിയായ ആര്‍ക്കും പ്രസിഡന്റ് പദവിയിലേക്ക് മത്സരിക്കാം. സ്ഥാനാര്‍ത്ഥിക്ക് പാര്‍ലമെന്റിലെ 20 എംപിമാരുടെയോ സെനറ്റര്‍മാരുടെയും നോമിനേഷന്‍ അനിവാര്യമാണ്. അല്ലെങ്കില്‍ നാല് കൗണ്ടി/സിറ്റി കൗണ്‍സിലുകള്‍ സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യണം. ഒരു തവണ പ്രസിഡന്റായവര്‍ക്ക് രണ്ടാമത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വയം നാമനിര്‍ദേശം ചെയ്യാം.

ഐറീഷ് പൗരത്വമുള്ള 18 വയസ് തികഞ്ഞ രജിസ്റ്റേര്‍ഡ് വോട്ടര്‍മാര്‍ക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാം. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും പുതുക്കാനുമുള്ള അവസാന തീയതി ഒക്ടോബര്‍ ഏഴുവരെയാണ്.

Content Highlights: Ireland president election