ഹെയ്‌ലി ഗുബ്ബി അഗ്നിപർവത സ്ഫോടനം: ആഘാതം നിരീക്ഷിക്കുന്നതായി ഒമാൻ പരിസ്ഥിതി അതോറിറ്റി

#സ്വന്തം ലേഖിക
എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ പുകച്ചുരുൾ| ഫോട്ടോ: AP
എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചുണ്ടായ പുകച്ചുരുൾ| ഫോട്ടോ: AP

സലാല: എത്യോപ്യയിലെ ഹെയ്‌ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായേക്കാവുന്ന ആഘാതം നിരീക്ഷിക്കുന്നതായി ഒമാൻ പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ദോഫാറിലെ എട്ട് സ്റ്റേഷനുകളും അൽ വുസ്തയിലെ അഞ്ച് സ്റ്റേഷനുകളും ഉൾപ്പെടെ ഗവർണറേറ്റുകളിലുടനീളമുള്ള 68 മോണിറ്ററിങ് സ്റ്റേഷനുകൾവഴി 24 മണിക്കൂറും മലിനീകരണ സാന്ദ്രത നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി.

വായുവിന്റെ ഗുണനിലവാരത്തെ ബാധിച്ചതായി ഇതുവരെ സൂചനകളൊന്നുമില്ല. ‘നാക്കി’ വായു ഗുണനിലവാര നിരീക്ഷണ പ്ലാറ്റ്‌ഫോം വഴി പൊതുജനങ്ങൾക്ക് തത്സമയം വിവരങ്ങൾ ലഭിക്കും. ബന്ധപ്പെട്ട അധികാരികൾ നിരീക്ഷണം തുടരുമെന്നും പുരോഗതി അറിയിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.

സ്ഫോടനത്തിന്റെ ഫലമായുള്ള പുകച്ചുരുൾ ചെങ്കടലിന് മുകളിലൂടെ കിഴക്കോട്ട് നീങ്ങുന്നുണ്ടെന്നും ഇത് യെമൻ, ഒമാൻ എന്നിവയുൾപ്പെടെ തെക്കുപടിഞ്ഞാറൻ അറേബ്യയുടെ ചില ഭാഗങ്ങളെ ബാധിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അതോറിറ്റി നിരീക്ഷണം ശക്തമാക്കിയത്.

Content Highlights: Oman`s Environment Authority is closely monitoring potential impacts from Ethiopia`s Hayli Gubbi volcano eruption