ദമ്മാം വിമാനത്താവളത്തിൽ 18,549 ആംഫെറ്റമിൻ ഗുളികകൾ പിടികൂടി

#ജാഫറലി പാലക്കോട്

ദമ്മാം: കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളം വഴി സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 18,549 ആംഫെറ്റമിൻ ഗുളികകൾ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പിടികൂടി. പാഴ്സലിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്നുകൾ കണ്ടെത്തിയത്. നൂതന സുരക്ഷാ പരിശോധനാ സംവിധാനങ്ങളും പരിശീലനം ലഭിച്ച നായകളെയും ഉപയോഗിച്ചുള്ള പതിവ് പരിശോധനയ്ക്കിടെയാണ് ലഹരിമരുന്ന് കണ്ടെത്തിയതെന്ന് അതോറിറ്റി വക്താവ് ഹമൂദ് അൽ ഹർബി അറിയിച്ചു. തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക്സ് കൺട്രോളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിൽ ലഹരിമരുന്ന് സ്വീകരിക്കാനിരുന്ന നാല് പേരെ അറസ്റ്റ് ചെയ്തു.
രാജ്യത്തിന്റെ വിവിധ പ്രവേശന കവാടങ്ങളിലൂടെ നടക്കുന്ന ലഹരിമരുന്ന് കടത്ത് തടയുന്നതിനുള്ള പരിശോധനകൾ ശക്തമാക്കിയതായി അതോറിറ്റി അറിയിച്ചു. ആഭ്യന്തര മന്ത്രാലയവും മറ്റ് സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ചാണ് നടപടികൾ തുടരുന്നത്.
ലഹരിമരുന്ന് കടത്ത് ഉൾപ്പെടെയുള്ള നിയമലംഘനങ്ങൾ സംബന്ധിച്ച വിവരങ്ങൾ രഹസ്യമായി അധികൃതരെ അറിയിക്കണമെന്നും അതോറിറ്റി പൊതുജനങ്ങളോട് അഭ്യർഥിച്ചു. 1910 എന്ന ഹോട്ട്‌ലൈൻ നമ്പറിലൂടെയോ 1910@zatca.gov.sa എന്ന ഇ-മെയിൽ വിലാസത്തിലൂടെയോ 009661910 എന്ന അന്താരാഷ്ട്ര നമ്പറിലൂടെയോ വിവരങ്ങൾ നൽകാം. സ്ഥിരീകരിക്കപ്പെടുന്ന വിവരങ്ങൾ നൽകുന്നവർക്ക് സാമ്പത്തിക പാരിതോഷികവും ലഭിക്കും.