പ്രവാചകചര്യ പിന്തുടരുന്നതാണ് പ്രവാചകസ്നേഹം- ഷെയ്ഖ് ജമീൽ അൽ ബുസൈദി

മസ്കറ്റ്: നബിയോടുള്ള സ്നേഹമെന്നത് അവിടത്തെ ചര്യ പിന്തുടരുന്നതിലാണെന്നും അല്ലാതെ വലിയ ആഘോഷങ്ങളോ മറ്റു ചടങ്ങുകളോ സംഘടിപ്പിക്കുന്നതിലല്ലെന്നും ഒമാനി പൗര പ്രമുഖൻ ഷെയ്ഖ് ജമീൽ അൽ ബുസൈദി മബേലയിൽ പറഞ്ഞു. മബേല ശിഹാബ് തങ്ങൾ മെമ്മോറിയൽ ഹയർ സെക്കണ്ടറി ഖുർആൻ മദ്രസ്സയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നബിദിന ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോവർഷവും ഇതേദിവസത്തിൽ നാം ഒത്തുകൂടുന്നത് നബിയോടുള്ള സ്നേഹംകൊണ്ടാണ്. ആ സർവ്വോത്തമനായ നബിയുടെ ഓർമ്മ പുതുക്കാനും മുഹമ്മദ് നബി അന്ത്യപ്രവാചകനും ലോകത്തിന് മുഴുവൻ കാരുണ്യവുമായി നിയോഗിക്കപ്പെട്ട റബ്ബിന്റെ ദൂതനാണെന്ന് ഓർക്കാനുമാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറബികളും അനറബികളും തമ്മിലുള്ള വ്യത്യാസം ദൈവഭയംമാത്രമാണെന്നും ആ ദൈവഭയം മാത്രമാണ് അല്ലാഹുവിങ്കൽ സ്വീകാര്യമായതെന്നും ഷെയ്ഖ് ജമീൽ ഓർമ്മിപ്പിച്ചു.
സമ്മിലൂനി 2026 എന്ന പേരിൽ മബേല ഗൾഫ് കോളേജ് ഓഡിറ്റോറിയത്തിൽ ആയിരുന്നു മീലാദ് സംഗമം നടന്നത്. ദഫ്, സ്‌കൗട്ട്, ഫ്‌ളവർ ഷോ, തുടങ്ങി മദ്റസ വിദ്യാർത്ഥികളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടികൾ വേദിയിൽ അരങ്ങേറി. വിവിധ മത്സരങ്ങളിൽ വിജയികളായവർക്കും സമസ്ത പൊതുപരീക്ഷകളിൽ വിജയികളായവർക്കും പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
മസ്കറ്റ് കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഇബ്രാഹിം ഒറ്റപ്പാലം പരിപാടി ഉദ്ഘാടനം ചെയ്തു. മദ്റസ മാനേജ്‌മെന്റ് കമ്മിറ്റി ജനറൽ സെക്രട്ടറി അഷ്‌റഫ് പോയിക്കരയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ മദ്രസ പ്രിൻസിപ്പാൾ മുസ്തഫ റഹ്‌മാനി മുഖ്യപ്രഭാഷണം നടത്തി. മബേല ഏരിയ കെഎംസിസി പ്രസിഡന്റ് യഅ്കൂബ് തിരൂർ ഉപഹാര സമർപ്പണം നിർവഹിച്ചു.
മബേല ഏരിയ കെഎംസിസി ജനറൽ സെക്രട്ടറി സഫീർ കോട്ടക്കൽ, സംഘാടക സമിതി രക്ഷധികാരി ഇബ്രാഹി മാടന്നൂർ, ഖാലിദ് കുന്നുമ്മൽ, എം.ടി. അബൂബക്കർ, ഷാനവാസ് മൂവാറ്റുപുഴ, ടി.പി. മുനീർ തുടങ്ങിയവർ സംസാരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ മൻസൂർ പുക്കോട്ടൂർ സ്വാഗതവും മബേല ഏരിയ കെഎംസിസി ട്രഷറർ അറാഫാത്ത് എസ്.വി. നന്ദിയും രേഖപ്പെടുത്തി.