ആചാരാനുഷ്ഠാനങ്ങൾ നിലനിർത്തുന്നതിൽ ക്ഷേത്രങ്ങളുടെ പങ്ക് വലുത് -നിയുക്ത ശബരിമല മേൽശാന്തി

വസായ് : ഹൈന്ദവ ധർമങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിർത്തുന്നതിൽ ക്ഷേത്രങ്ങളുടെ പങ്ക് വളരെ വലുതാണെന്ന് നിയുക്ത ശബരിമല മേൽശാന്തി സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു. വസായ് ശബരിഗിരി അയ്യപ്പക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ പൂജചെയ്യാൻ അവസരം കിട്ടിയത് ഗുരുജനങ്ങളുടേയും പഴവങ്ങാടി ഗണപതിയുടേയും അനുഗ്രഹം കൊണ്ടാണെന്നും മേൽശാന്തി പറഞ്ഞു.
വസായിയിൽ എത്തിയ മേൽശാന്തിയെ ശബരിഗിരി അയ്യപ്പ ക്ഷേത്രം മേൽശാന്തി വിശ്വനാഥൻ നമ്പൂതിരി തുളസി മാലയിട്ട് സ്വീകരിച്ചു. സുമ പൊതുവാൾ, പത്മ ദിവാകരക്കുറുപ്പ് എന്നിവർ ആരതിയുഴിഞ്ഞു. തുടർന്ന് താലപ്പൊലിയുടേയും മേളങ്ങളുേെടയും അകമ്പടിയോടെ മേൽശാന്തിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
സ്വീകരണച്ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് ടി. എസ്. ആർ. നായർ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം ജനറൽ സെക്രട്ടറി എ.കെ. പ്രഭാകരൻ വൈസ് പ്രസിഡന്റ് ദിനേശ് നായർ ഗുരുസ്വാമി എം.എസ്.നായർ തുടങ്ങിയവർ പങ്കെടുത്തു. ഉത്തം കുമാർ മേൽശാന്തിയെ പരിചയപ്പെടുത്തി. അയ്യപ്പ സേവാസമിതിക്കു വേണ്ടി ടി. എസ്. ആർ. നായർ സെക്രട്ടറി എ. കെ. പ്രഭാകരൻ, ഗുരുസ്വാമി എം. എസ്. നായർ, നായർ വെൽഫെയർ അസോസിയേഷനു വേണ്ടി പ്രഭ പി. നായർ, ബാലകൃഷ്ണൻ, വിശ്വകർമ സമാജത്തിനുവേണ്ടി വിനോദ്കുമാർ, നല്ല സൊപ്പാര ചെറു ശബരിമല ക്ഷേത്രത്തിനു വേണ്ടി പ്രസിഡന്റ് ശ്രീകുമാർ നായർ എന്നിവർ നിയുക്ത മേൽശാന്തിക്ക് ഷാൾ അണിയിച്ചു.
ദിനേശ് നായർ നന്ദി രേഖപ്പെടുത്തി. വിമാനത്താവളത്തിലെത്തിയ നിയുക്ത മേൽ ശാന്തിയെ മുൻ കേന്ദ്രീയ നായർ സാംസ്കാരിക സംഘ് മുൻ പ്രസിഡൻറ് കെ.ജി.കെ കുറുപ്പ്, കെ.ബി. ഉത്തംകുമാർ, ബി.ജെ.പി. സൗത്ത് ഇന്ത്യൻ സെൽ മുംബൈ സെക്രട്ടറി വിജയ് ഷെട്ടി, ശ്രീകുമാർ ജി. നായർ എന്നിവർ ചേർന്ന് സ്വീകരിച്ചു. അദ്ദേഹത്തോടൊപ്പം അമ്മ വത്സല അന്തർജനവും സഹോദരൻ പ്രവീൺകുമാർ നമ്പൂതിരിയും ഉണ്ടായിരുന്നു.