മുളുണ്ട് യാക്കോബായ ദേവാലയം ജൂബിലി ആഘോഷം സമാപിച്ചു

മുംബൈ :: മുളുണ്ട് സെയ്ന്റ് ഗ്രീഗോറിയോസ് യാക്കോബായ പള്ളിയുടെ രജതജൂബിലി ആഘോഷവും പരുമല തിരുമേനിയുടെ ഓർമ്മപ്പെരുന്നാളും ഭക്തിനിർഭരമായി സമാപിച്ചു. മുംബൈ ഭദ്രാസന സഹായ മെത്രാപ്പൊലീത്ത കുര്യാക്കോസ് മോർ യൗസേബിയോസിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകളിൽ വൈദികരും വിശ്വാസികളും പങ്കെടുത്തു.

പ്രത്യേക സന്ധ്യാപ്രാർഥനകൾ, സുവിശേഷപ്രസംഗം, വിശുദ്ധകുർബാന, പ്രദക്ഷിണം, പൊതുസമ്മേളനം എന്നിവയോടെ രജതജൂബിലി ആഘോഷത്തിന് സമാപനമായി. പരുമല തിരുമേനിയുടെ ജീവിതം പ്രാർഥനയുടെയും വിനയത്തിന്റെയും നിസ്വാർഥ സേവനത്തിന്റെയും ഉത്തമ മാതൃകയാണെന്നും വിശ്വാസത്തോടൊപ്പം സഹജീവികളോടുള്ള സ്നേഹവും കരുതലും ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് വിശുദ്ധന്റെ സ്മരണ അർഥപൂർണമാകുന്നതെന്നും സമ്മേളനത്തിൽ ആത്മീയസന്ദേശം നൽകിക്കൊണ്ട് മോർ യൗസേബിയോസ മെത്രാപ്പൊലീത്ത ഉദ്‌ബോധിപ്പിച്ചു.

വിശുദ്ധനാട് സന്ദർശന യാത്രാമധ്യേ പരുമല തിരുമേനി മുംബൈയിലെത്തിയപ്പോൾ ഇവിടെയൊരു ദേവാലയം സ്ഥാപിക്കപ്പെടണമെന്ന ആഗ്രഹം തിരുമേനി പ്രകടിപ്പിച്ചിരുന്നെന്ന് ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ബെന്നി ബെഹനാൻ എം.പി. അനുസ്മരിച്ചു. പരുമല തിരുമേനിയുടെ ആഗ്രഹത്തിന്റെ സാക്ഷാത്കാരം രജതജൂബിലി ആഘോഷിക്കുന്ന നിലയിലേക്ക് മുളുണ്ട് യാക്കോബായ സുറിയാനി പള്ളിയിലേക്ക് വളർന്നിരിക്കുന്നത് ഏറെ അഭിമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു.

സമത്വം, സാഹോദര്യം, ക്ഷമ, അനുരഞ്ജനം, പരസ്പരസ്നേഹം എന്നിവയാണ് ജൂബിലി നൽകുന്ന മഹത്തായ സന്ദേശങ്ങളെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന യേശുക്രിസ്തുവിന്റെ ഉപദേശം അനുസ്മരിപ്പിച്ച അദ്ദേഹം സഭയും വിശ്വാസികളും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരസ്പരബഹുമാനത്തിന്റെയും മാതൃകകളായി ജീവിക്കണമെന്ന് ആഹ്വാനം ചെയ്തു. യാക്കോബായസഭയോടുള്ള തന്റെ പ്രത്യേക സ്നേഹവും ആത്മബന്ധവും മാർ പക്കോമിയോസ് പ്രസംഗത്തിൽ അനുസ്മരിച്ചു.

പരുമല തിരുമേനിയുടെ അചഞ്ചലമായ വിശ്വാസമാണ് സഭയുടെ വളർച്ചയ്ക്ക് മാതൃകയാകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പരുമല തിരുമേനിയുടെ ജീവിതമാതൃക പിന്തുടർന്ന് സഭയുടെയും സമൂഹത്തിന്റെയും വിശുദ്ധീകരണത്തിനായി ഓരോ വിശ്വാസിയും അനുദിനം പ്രാർഥിക്കണമെന്ന് സിജോയ് വർഗീസ് ആഹ്വാനം ചെയ്തു. രജതജൂബിലിയോടനുബന്ധിച്ച് ഇടവകയുടെ ചരിത്രവും ആത്മീയ-സാമൂഹിക പ്രവർത്തനങ്ങളും പ്രതിപാദിക്കുന്ന സ്മരണിക, ഇടവക ഡയറക്ടറി, വെബ്‌സൈറ്റ് എന്നിവയുടെ പ്രകാശനവും ഉദ്ഘാടനവും നടന്നു. . ഇടവക വികാരി ഫാ. എൽദോ കൊടിയാട്ടിൽ, വൈസ് പ്രസിഡന്റ് എം.സി. എബ്രഹാം, സെക്രട്ടറി ജെബിൻ ഫിലിപ്പോസ്, ട്രഷറർ ജോബിൻ ജേക്കബ്, ജൂബിലി കൺവീനർ ഫെബി കോശി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികളും ഇടവകാംഗങ്ങളും പെരുന്നാൾ ക്രമീകരണങ്ങൾക്ക് നേതൃത്വംനൽകി.