സരസ് മേളയിൽ കുടുംബശ്രീ സംഘങ്ങളും

അഹമ്മദാബാദ് : നാഷണൽ റൂറൽ ലിവ്ലിഹുഡ് മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ദേശീയ സരസ് മേളയിൽ കേരളത്തിൽനിന്നുള്ള കുടുംബശ്രീ സംഘങ്ങൾ പങ്കെടുത്തു. സാബർമതി നദീതീരത്ത് ഒക്ടോബർ 26 മുതൽ നവംബർ അഞ്ചു വരെയായിരുന്നു മേള.
ഗ്രാമീണ വനിതാസംരംഭകരെ പ്രോത്സാഹിപ്പിക്കാൻ ദീനദയാൽ അന്ത്യോദയ യോജനപ്രകാരമാണ് മേള നടത്തുന്നത്. ഗുജറാത്ത് ലിവലിഹുഡ് പ്രോമോഷൻ കമ്പനിയായിരുന്നു അഹമ്മദാബാദിലെ സംഘാടകർ. 15 ഇന്ത്യൻ സംസ്ഥാനങ്ങളിലെ 150 സ്ത്രീസംഘങ്ങളാണ് ഇക്കുറി ഉണ്ടായിരുന്നത്. സ്റ്റാളുകൾക്കുള്ള സ്ഥലം സൗജന്യമായി ലഭ്യമാക്കും.
പ്രീതി എറണാകുളം, ശക്തി കോട്ടയം, തൻമയ പാലക്കാട്, സ്നേഹ മലപ്പുറം, ആരാധന കോട്ടയം എന്നീ സംഘങ്ങൾ മലയാളി സാന്നിധ്യമായി.
ഏലം ഉൾപ്പെടെ കേരളത്തിന്റെ സുഗന്ധ വ്യഞ്ജനങ്ങൾക്കാണ് ആവശ്യക്കാർ ഏറെയുണ്ടായിരുന്നത്. ഇവയൊക്കെ ആദ്യദിവസങ്ങളിൽത്തന്നെ വിറ്റുതീർന്നു.
ചക്കപ്പഴം അടക്കം വിവിധ പഴങ്ങളുടെ ഹൽവ ആയിരുന്നു മറ്റൊരു പ്രിയവിഭവം. ഉണക്കിയ തേങ്ങാപ്പീരയും നാടൻ വെളിച്ചെണ്ണയുമൊക്കെ പ്രവാസിമലയാളികൾ വാങ്ങിക്കൂട്ടി. അടുക്കള ഉപകരണങ്ങളുടെ സ്റ്റാളും ശ്രദ്ധേയമായി. ഭാഷ പ്രതിബന്ധമാകാതിരിക്കാൻ ഉത്പന്നങ്ങളെപ്പറ്റി ഗുജറാത്തിയിൽ എഴുതി പ്രദർശിപ്പിക്കുകയുംചെയ്തു പത്തുസംരംഭകരാണ് കേരളത്തെ പ്രതിനിധാനംചെയ്ത് എത്തിയത്.