നോർക്ക കാർഡിന് പ്രായ പരിധി ഒഴിവാക്കണമെന്ന് പ്രവാസികൾ

അഹമ്മദാബാദ് : പ്രവാസികൾക്കുള്ള നോർക്ക തിരിച്ചറിയൽ കാർഡിന് 70 വയസ്സെന്ന പ്രായപരിധി ഒഴിവാക്കണമെന്ന് അഹമ്മദാബാദ് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള നോർക്ക റൂട്സ് ക്യാമ്പിൽ ആവശ്യമുയർന്നു. പ്രവാസികൾക്കുള്ള പദ്ധതികൾ പരിചയപ്പെടുത്തിയ ക്യാമ്പിൽ സംശയങ്ങളും പരാതികളും ഉന്നയിക്കാനും അവസരമുണ്ടായി.
നിലവിൽ 18-നും 70-നും ഇടയിൽ പ്രായമുള്ളവർക്കാണ് ഐ.ഡി. കാർഡ് നൽകുന്നത്. കൂടിയ പ്രായപരിധി മുതിർന്ന പൗരരോടുള്ള അവഗണനയാണെന്ന് ക്യാമ്പിൽ വിമർശനമുണ്ടായി. കാർഡിനൊപ്പം ലൈഫ് ഇൻഷുറൻസും ഉള്ളതിനാലാണ് കൂടിയപ്രായത്തിന് പരിധിയുള്ളതെന്ന് നോർക്ക പ്രതിനിധികൾ പറഞ്ഞു. 70-ന് മുകളിൽ പ്രായമുള്ളവർക്കും കാർഡ് ലഭ്യമാക്കണമെന്ന ആവശ്യം ഇതിനകം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെപ്രീമിയം വർധന ഒരു സമിതി പഠിച്ചുവരുകയാണെന്നും ഒരു മാസത്തിനകം തീർപ്പുണ്ടാകുമെന്നും അറിയിച്ചു.
വ്യത്യസ്ത പ്രായപരിധിയുള്ളതിനാലാണ് പ്രീമിയം വർധന വേണ്ടിവന്നത്. നിലവിൽ 369 കോടി രൂപയോളം ക്ലെയിം നൽകിയിട്ടുണ്ട്.
ഒക്ടോബർ 31 വരെ 51204 ക്ലെയിമുകൾക്ക് പണം അനുവദിച്ചപ്പോൾ 169 എണ്ണം മാത്രമാണ് നിരസിക്കപ്പെട്ടത്. പ്രായംകുറഞ്ഞയാളെ പ്രൈമറി അംഗമാക്കിയാൽ പ്രീമിയം തുകയിൽ കുറവുവരുമെന്നും നോർക്ക വക്താക്കൾ ചൂണ്ടിക്കാട്ടി.
ഗുജറാത്തിൽ ജനിച്ചവർക്ക് പെൻഷൻ പദ്ധതിയിൽ ചേരുന്നതിനുള്ള സാങ്കേതിക തടസ്സങ്ങൾ പ്രവാസികൾ ഉന്നയിച്ചു. മൃതദേഹങ്ങൾ എംബാം ചെയ്ത് നാട്ടിലേക്ക് അയക്കുന്നതിന് സഹായംനൽകണമെന്നും നിർദേശമുണ്ടായി.
ന്യൂ നോർക്ക കെയർ മൊബൈൽ ആപ്പിൽ ലോകത്തെവിടെ നിന്നും കസ്റ്റമർ സപ്പോർട്ട് ടീമുമായി സംസാരിക്കാൻ കഴിയുമെന്ന് പ്രതിനിധികൾ അറിയിച്ചു.
എസ്.ഒ.എസ്. സംവിധാനം വഴി ആംബുലൻസ് സൗകര്യം ഉൾപ്പെടെ ലഭ്യമാകും. സോള ജെ.ജി. ഇന്റർനാഷണൽ കാമ്പസിൽ നടന്ന ക്യാമ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയും ഡിവലപ്മെൻറ് ഓഫീസറുമായ അരുൺ ആർ.ബി., അസിസ്റ്റൻറ് സെക്ഷൻ ഓഫീസർ അഖിൽ കൃഷ്ണൻ, ഇൻഷുറൻസ് ഇൻ ചാർജ് സന്തോഷ് കെ.എം., മുംബൈ ഓഫീസിലെ ഭരത് എന്നിവർ
നോർക്കയെ പ്രതിനിധാനം ചെയ്തു. എ.കെ.എസ്. പ്രസിസൻറ് ജേക്കബ് മാത്യൂസ്,
ജനറൽ സെക്രട്ടറി രവീന്ദ്രക്കുറുപ്പ്, കോഡിനേറ്റർ മനോജ് പേരാമ്പ്ര എന്നിവരും വേദിയിൽ സന്നിഹിതരായി.