രാംകുണ്ഡിൽ ധ്വജാരോഹണം നടത്തി രാഷ്ട്രപതി

നാസിക് : നാസിക് ത്രയംബകേശ്വർ സിംഹസ്ഥ കുംഭമേളയ്ക്ക് തുടക്കംകുറിച്ച് രാഷ്ട്രപതി ദ്രൗപദി മുർമു ശനിയാഴ്ച ധ്വജാരോഹണച്ചടങ്ങ് നടത്തി. ഗോദാവരി നദിയുടെ തീരത്തുള്ള രാംകുണ്ഡിൽ പൂജാകർമങ്ങൾക്കുശേഷമാണ് രാഷ്ട്രപതി പതാക ഉയർത്തിയത്.

മഹാരാഷ്ട്രാ ഗവർണർ ജിഷ്ണുദേവ് വർമ, ഉപമുഖ്യമന്ത്രിമാരായ ഏകനാഥ് ഷിന്ദേ, സുനേത്രാ പവാർ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പുരോഹിത് സംഘ് പ്രസിഡന്റ് ചന്ദ്രശേഖർ പഞ്ചാക്ഷരിയും സിംഹസ്ഥകമ്മിറ്റി മുഖ്യ ട്രസ്റ്റി സതീഷ് ശുക്ലയും ചേർന്നാണ് രാംകുണ്ഡിലെ പൂജാകർമങ്ങൾ നടത്തിയത്.

അതേസമയം, ത്രയംബകേശ്വറിൽനടന്ന സമാന്തരച്ചടങ്ങിൽ മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് ഉച്ചയ്ക്ക് 12.02-ന് പരമ്പരാഗത പതാക ഉയർത്തി. ശൃംഗേരി പീഠത്തിലെ ശങ്കരാചാര്യർ വിധുശേഖര ഭാരതിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വെള്ളിയാഴ്ച സിംഹസ്ഥ കുംഭമേളയുടെ മഹാധ്വജ ഗ്രാമപ്രദക്ഷിണം നടന്നിരുന്നു. തപോവൻ മൈതാനത്തുനിന്ന് ആരംഭിച്ച പ്രദക്ഷിണം സന്ന്യാസിമാരുടെയും ആയിരക്കണക്കിന് ഭക്തരുടെയും സാന്നിധ്യത്തിൽ രാംതീർഥ് പഞ്ചവടിയിലെത്തി. തുടർന്ന് രാംകുണ്ഡിൽ സമാപിച്ചു.

ശനിയാഴ്ച ആരംഭിച്ച കുംഭമേള 21 മാസത്തോളം നീളും. 2028 ജൂലായ് 24-നാണ് സമാപനം. ആദ്യ അമൃത് സ്നാനം അടുത്തവർഷം ഓഗസ്റ്റ് രണ്ടിന് ആഷാഢ സോമവതി അമാവാസിദിനത്തിൽ നടക്കും. രണ്ടാമത്തേത് ഓഗസ്റ്റ് 31-ന് ശ്രാവണ അമാവാസി ദിനത്തിലും മൂന്നാമത്തേത് സെപ്റ്റംബർ 11-ന് ഭാദ്രപദ ശുദ്ധ ഏകാദശി ദിനത്തിലുമാണ്.

സെപ്റ്റംബർ 11-ലെ അമൃത് സ്നാനത്തിൽ വൈഷ്ണവ അഘാഡകളാണ് പരമ്പരാഗതമായി പങ്കെടുക്കുന്നത്. ശൈവ അഘാഡകൾ തൊട്ടടുത്ത ദിവസമായിരിക്കും ചടങ്ങിൽ പങ്കെടുക്കുക. ത്രയംബകേശ്വറിൽ 2028 ഫെബ്രുവരി 27-നും രാംകുണ്ഡിൽ അതേവർഷം ജൂലായ് 24-നുമാണ് കുംഭമേള സമാപിക്കുക.

കുംഭമേളയുടെ തുടക്കത്തോടനുബന്ധിച്ച് രാംകുണ്ഡിലെ പുരാതന ഗംഗാഗോദാവരി ക്ഷേത്രം 11 വർഷത്തിനുശേഷം ശനിയാഴ്ച തുറന്നു. ധ്വജാരോഹണത്തിനുശേഷം രാഷ്ട്രപതി ത്രയംബകേശ്വറിലെത്തി പൂജാകർമങ്ങൾ നടത്തുകയും ശൈവ അഘാഡകളിലെ സന്ന്യാസിമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. തുടർന്ന് നാസിക്കിലേക്ക് മടങ്ങിയെത്തി രാംകുണ്ഡിലെ ഗോദ ആരതിയിൽ പങ്കെടുത്തു. രാഷ്ട്രപതിയുടെ സാന്നിധ്യത്തിൽ 6657 ആദിവാസികൾ ഗോദാ ആരതി നടത്തി. ലോക റെക്കോഡ് ലക്ഷ്യമിട്ടാണ് ഇത്രയധികം പേർ ഒരുമിച്ച് ആരതിയിൽ പങ്കെടുക്കുന്നത്.