ഇന്ത്യയുടെ സമുദ്രസുരക്ഷയ്ക്ക് കരുത്തേകാൻ ഐ.എൻ.എസ്. മംഗ്രോൾ

മുംബൈ : സമുദ്രാതിർത്തിയിലെ സുരക്ഷയ്ക്ക് കരുത്തേകാനും ശത്രു അന്തർവാഹിനികളെ കണ്ടെത്തി പ്രതിരോധിക്കാൻ ശേഷിയുമുള്ള പുതിയ യുദ്ധക്കപ്പൽ ഐ.എൻ.എസ്. മംഗ്രോൾ നാവികസേനയുടെ ഭാഗമായി.

തിങ്കളാഴ്ച മുംബൈയിലെ നേവൽ ഡോക്ക്‌യാഡിൽ നടന്ന ചടങ്ങിൽ പശ്ചിമ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിങ് ഇൻ ചീഫായ വൈസ് അഡ്മിറൽ സഞ്ജയ് വത്സായൻ കപ്പൽ കമ്മിഷൻ ചെയ്തു.

പ്രധാന വിവരങ്ങൾ

നിർമാണം: കൊച്ചിൻ ഷിപ്പ്‌യാഡ് ലിമിറ്റഡ്

പേരിനു പിന്നിൽ: ഗുജറാത്തിലെ ജുനാഗഢ് ജില്ലയിലെ തീരനഗരമായ മംഗ്രോളിന്റെ പേരാണ് കപ്പലിന് നൽകിയിരിക്കുന്നത്. 2004-വരെ സേവനമനുഷ്ഠിച്ച പഴയ മൈൻ സ്വീപ്പർ കപ്പലിന്റെ സ്ഥാനമാണ് പുതിയ യുദ്ധക്കപ്പൽ ഏറ്റെടുക്കുന്നത്

ആത്മനിർഭർ ഭാരത്: ഇന്ത്യയുടെ സ്വയംപര്യാപ്തത ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായി, കപ്പലിലെ 80 ശതമാനത്തിലധികം ഘടകങ്ങളും തദ്ദേശീയമായി നിർമിച്ചതാണ്. യുദ്ധക്കപ്പൽ നിർമാണത്തിൽ ഇന്ത്യ കൈവരിച്ച സാങ്കേതിക മികവിന്റെ തെളിവാണിത്

തീരക്കടലിലെ അന്തർവാഹിനികളെ നേരിടാൻ പ്രത്യേകം രൂപകല്പന ചെയ്തത്

പ്രത്യേകതകൾ: അന്തർവാഹിനികളെ കണ്ടെത്തുന്നതിനുള്ള ‘അഭയ് ഹൾ മൗണ്ടഡ് സോണാർ.’ ലൈറ്റ്‌വെയ്റ്റ് ടോർപ്പിഡോകൾ, തദ്ദേശീയമായി വികസിപ്പിച്ച ആന്റി സബ്മറൈൻ റോക്കറ്റ് ലോഞ്ചർ

ശത്രു അന്തർവാഹിനികളുടെ സാന്നിധ്യം തിരിച്ചറിയാനും തീരക്കടലിലെ ആഴംകുറഞ്ഞ മേഖലകളിൽ അവ ഉയർത്തുന്ന ഭീഷണികൾ പ്രതിരോധിക്കാനും നാവികസേനയെ സഹായിക്കും