കോൺ. അഹല്യാനഗർ ജില്ലാ ചുമതല ബാബുനായർക്ക്

പുണെ : കോൺഗ്രസിന്റെ അഹല്യാനഗർ ജില്ലാ ചുമതലക്കാരനായി മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി (എം.പി.സി.സി.) ജനറൽ സെക്രട്ടറി ബാബുനായരെ നിയമിച്ചു.

അഹമ്മദ്നഗർ സിറ്റി നിയമസഭാ മണ്ഡലത്തിന്റെ ചുമതലയും അദ്ദേഹത്തിനാണ്.

മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ ഹർഷവർധൻ സപ്കാളിന്റെ നിർദേശപ്രകാരം സംസ്ഥാന കോൺഗ്രസ് കമ്മിറ്റി മുതിർന്ന ഉപാധ്യക്ഷൻ അഡ്വ. ഗണേഷ് പാട്ടീലാണ് നിയമനം പ്രഖ്യാപിച്ചത്. രണ്ടു തവണ പിംപ്രി-ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷൻ അംഗമായിരുന്ന ബാബുനായർ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സ്വദേശിയാണ്.

പിംപ്രി-ചിഞ്ച്‌വാഡ് കോർപ്പറേഷനിൽ കൗൺസിലറായ ആദ്യമലയാളിയാണ് ഇദ്ദേഹം. എൻ.എസ്.യു.ഐ.യിലൂടെ രാഷ്ട്രീയത്തിലെത്തിയ ബാബുനായർ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് സേവാദൾ എന്നീ സംഘടനകളിലും ഭാരവാഹിത്വം വഹിച്ചിട്ടുണ്ട്.

പിംപ്രി-ചിഞ്ച്‌വാഡ് ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി, എം.പി.സി.സി. അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.

നാലു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയരംഗത്ത് സജീവമായ ബാബുനായർ നിലവിൽ പിംപ്രി-മോർവാഡിയിലാണ് താമസം.