സ്മാർട്ട് മീറ്ററുകൾക്കുനേരേ വസായ്-വിരാറിൽ സർവകക്ഷി പ്രതിഷേധം

വസായ് : സ്മാർട്ട് മീറ്ററുകൾക്കുനേരേ വസായ്-വിരാറിലെ രാഷ്ട്രീയപാർട്ടികൾ എം.എസ്.ഇ.ഡി.സി.എൽ. (മഹാവിതരൺ) ഓഫീസിന് മുന്നിൽ സംയുക്ത പ്രതിഷേധം നടത്തി. 700 മുതൽ 1,000-വരെ പ്രതിമാസ വൈദ്യുതി ബില്ലുകൾ ലഭിച്ചിരുന്ന കുടുംബങ്ങളിൽനിന്ന് ഇപ്പോൾ 3,000 മുതൽ 5,000 രൂപവരെ അമിത ചാർജുകൾ ഈടാക്കുന്നുണ്ടെന്നും ഇത് സാധാരണക്കാരെ കടുത്ത സാമ്പത്തിക ദുരിതത്തിലേക്ക് തള്ളിവിടുന്നുണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു.

മുൻകൂർ അറിയിപ്പോ സമ്മതമോ ഇല്ലാതെ, മഹാവിതരൺ പഴയ മീറ്ററുകൾ മാറ്റി പുതിയ സ്മാർട്ട് മീറ്ററുകൾ സ്ഥാപിക്കുന്നതിനെതിരേ താമസക്കാർ ശക്തമായ എതിർപ്പ് ഉന്നയിച്ചിട്ടുണ്ട്. വൈദ്യുതി ബില്ലുകളിലെ പെട്ടെന്നുള്ള വർധനവ് താഴ്‌ന്ന വരുമാനക്കാരുടെയും ദിവസ വേതനക്കാരുടെയും കുടുംബങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. ബഹുജൻ വികാസ് അഘാഡി (ബി.വി.എ.), ശിവസേന (യു.ബി.ടി.), കോൺഗ്രസ്, എം.എൻ.എസ്., എൻ.സി.പി., ആർ.പി.ഐ., സമാജ്‌വാദി പാർട്ടി, ലാൽബവ്ത എന്നിവയുൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളുടെയും സാമൂഹിക സംഘടനകളുടെയും വിപുലമായ സഖ്യം പ്രതിഷേധത്തിൽ പങ്കെടുത്തു.

സ്മാർട്ട് മീറ്ററുകൾ പേരിൽമാത്രം സ്മാർട്ട് ആണെന്നും ജനത്തിന് ഇരുട്ടടിയാണ് ബില്ലുകൾ സമ്മാനിക്കുന്നതെന്നും മുൻമേയർ രാജീവ് പാട്ടീൽ പറഞ്ഞു.

ഗണേശോത്സവത്തിനുശേഷം ഇതിലുംവലിയ പ്രക്ഷോഭം ആരംഭിക്കുമെന്നും സ്മാർട്ട് മീറ്ററുകൾ പൂർണമായും നിർത്തലാക്കുന്നതുവരെ ഇത് തുടരുമെന്നും നേതാക്കൾ മുന്നറിയിപ്പ് നൽകി. സ്മാർട്ട് മീറ്റർ പുറത്തിറക്കുന്നത് അദാനിയുടെ സാമ്പത്തിക നേട്ടത്തിനുവേണ്ടി മാത്രമാണെന്ന് മുൻശിവസേന എം.എൽ.എ. വിലാസ് പോട്‌നിസ് ആരോപിച്ചു. പ്രകടനത്തിനിടെ, ഉപഭോക്താക്കൾ മഹാവീതരന്റെ വൈദ്യുതി ബില്ലുകൾ കത്തിച്ചു.

എം.എസ്.ഇ.ഡി.സി.എൽ. സൂപ്രണ്ടിങ് എൻജിനീയർ മണിക് റാത്തോഡ് പ്രതിഷേധക്കാർ സമർപ്പിച്ച നിവേദനം സ്വീകരിക്കുകയും തുടർനടപടികൾക്കായി മുതിർന്ന ഉദ്യോഗസ്ഥർക്ക് അയയ്ക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തു.