മിനി ജോസഫിന് പോലീസ് ബാഡ്മിന്റണിൽ സ്വർണം

അഹമ്മദാബാദ് : ദേശീയ പോലീസ് ബാഡ്മിൻറൺ ക്ളസ്റ്റർ ചാമ്പ്യൻഷിപ്പിൽ ഗുജറാത്ത് പോലീസിലെ മലയാളി ഉദ്യോഗസ്ഥ സ്വർണംനേടി. ഡിവൈ.എസ്.പി. യായ കെ. മിനി ജോസഫാണ് മിക്സഡ് ഡബിൾസിൽ വിജയിയായത്.

സൂറത്ത് സിറ്റി മഹിളാ സെല്ലിൽ എ.സി.പി.യായ മിനി ജോസഫും ഡിവൈ.എസ്.പി. ജിതേന്ദ്ര യാദവും അടങ്ങുന്ന ടീമാണ് 50-നു മുകളിലുള്ളവരുടെ വിഭാഗത്തിൽ സ്വർണം കരസ്ഥമാക്കിയത്. ജിതേന്ദ്ര യാദവിന് പുരുഷ ഡബിൾസിലും സ്വർണമുണ്ട്. ഗുജറാത്ത് ഡി.ജി.പി. ജി.എസ്. മാലിക് 55-ന് മുകളിലുള്ളവരുടെ മിക്സഡ് ഡബിൾസിൽ വെങ്കലം നേടിയിരുന്നു. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ മെഡലുകൾ വിതരണംചെയ്തു.

24 സംസ്ഥാനങ്ങൾ, നാലു കേന്ദ്ര ഭരണപ്രദേശങ്ങൾ, 10 കേന്ദ്ര പോലീസ് സേനകൾ എന്നിവിടങ്ങളിൽനിന്ന് 38 ടീമുകൾ പങ്കെടുത്ത ഓൾ ഇന്ത്യ പോലീസ് ബാഡ്മിൻറൺ, ടേബിൾ ടെന്നീസ് മത്സരങ്ങളാണ് നാരാൺപുര വീർ സവർക്കർ സ്പോർട്സ് കോംപ്ലക്സിൽ നടന്നത്. സി.ആർ.പി.എഫ്. ബാഡ്മിൻറണിൽ ഓവ റോൾ ചാമ്പ്യന്മാരായി.