നവി മുംബൈയിൽ ഇന്ത്യ ജൂവലറി പാർക്കിന് തറക്കല്ലിട്ടു

നവി മുംബൈ : നവി മുംബൈയിലെ മാഹാപെയിൽ ഇന്ത്യ ജൂവലറി പാർക്കിന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് തറക്കല്ലിട്ടു. 22 ഏക്കർ വിസ്തൃതിയിൽ ഒരുങ്ങുന്ന പദ്ധതിയിലൂടെ ആഭരണ നിർമാണത്തിലും കയറ്റുമതിയിലും ആഗോളതലത്തിലെ പ്രധാന കേന്ദ്രമായി മഹാരാഷ്ട്രയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.

പദ്ധതിയിലൂടെ ഏകദേശം 25,000 കോടി രൂപയുടെ നിക്ഷേപം ആകർഷിക്കാനും നേരിട്ടും പരോക്ഷമായും ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് ഉപമുഖ്യമന്ത്രി ഏകനാഥ് ഷിന്ദേ പറഞ്ഞു. മഹാപെയിലെ ടി.ടി.സി. വ്യവസായ മേഖലയിലാണ് പദ്ധതിക്ക് തുടക്കമായത്. വനംമന്ത്രി ഗണേഷ് നായിക്, രത്‌നആഭരണ വ്യവസായ മേഖലയിലെ പ്രമുഖ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.