നൂറാമത് അഖിലേന്ത്യാ മറാഠി സാഹിത്യസമ്മേളനത്തിന് ദളിത് എഴുത്തുകാരൻ ശരൺകുമാർ ലിംബാളെ അധ്യക്ഷൻ

മുംബൈ : പ്രമുഖ മറാഠി എഴുത്തുകാരനും സാഹിത്യവിമർശകനുമായ ഡോ. ശരൺകുമാർ ലിംബാളെ നൂറാമത് അഖിലേന്ത്യാ മറാഠി സാഹിത്യസമ്മേളനത്തിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. 2027 ജനുവരിയിൽ പുണെയിലാണ് സമ്മേളനം. ജനുവരി 28 മുതൽ 31 വരെ സാവിത്രിഭായ് ഫൂലെ പുണെ സർവകലാശാലയിലാണ് (എസ്.പി.പി.യു.) നൂറാം സമ്മേളനം സംഘടിപ്പിക്കുന്നത്.
ശതാബ്ദി സമ്മേളനത്തിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്നും മറാഠി ഭാഷയെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്രനിമിഷമാണെന്നും ലിംബാളെ പറഞ്ഞു. കഴിഞ്ഞ 40 വർഷമായി മറാഠിയിൽ എഴുതുന്ന തനിക്ക് ഭാഷയുടെയും സാഹിത്യത്തിന്റെയും വളർച്ച നേരിട്ടറിയാനായിട്ടുണ്ട്.
ഭാഷയുടെയും സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും ആഘോഷമാണ് സാഹിത്യസമ്മേളനം. അത് വിജയിപ്പിക്കാൻ എല്ലാവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
1956 ജൂൺ ഒന്നിന് സോലാപുർ ജില്ലയിലെ അക്കൽകോട്ട് താലൂക്കിലെ ഹന്നൂർ ഗ്രാമത്തിലാണ് ലിംബാളെയുടെ ജനനം. ദളിത് സാഹിത്യത്തിലെ പ്രമുഖ സാന്നിധ്യമായ അദ്ദേഹത്തിന്റെ ആത്മകഥയായ ‘അക്കർമാശി’ 1984-ൽ പ്രസിദ്ധീകരിച്ചതോടെയാണ് മറാഠി സാഹിത്യലോകത്ത് ശ്രദ്ധേയനായത്. കോലാപുരിലെ ശിവജി സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദവും മറാഠിയിൽ ബിരുദാനന്തര ബിരുദവും നേടി. മറാഠി ദളിത് സാഹിത്യവും അമേരിക്കൻ കറുത്തവർഗ സാഹിത്യവും താരതമ്യം ചെയ്തുള്ള പഠനത്തിന് ഡോക്ടറേറ്റ് ലഭിച്ചു.
ടെലികമ്യൂണിക്കേഷൻ വകുപ്പിൽ ടെലിഫോൺ ഓപ്പറേറ്ററായാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1986 മുതൽ 1992 വരെ ആകാശവാണിയുടെ സോലാപുർ നിലയത്തിൽ അനൗൺസറായി പ്രവർത്തിച്ചു. പിന്നീട് യശ്വന്ത്റാവു ചവാൻ മഹാരാഷ്ട്ര ഓപ്പൺ സർവകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗത്തിൽ അസിസ്റ്റന്റ് എഡിറ്ററായി ചേർന്നു. സർവകലാശാലയിൽ അധ്യാപകനായും ഡയറക്ടറായും സേവനമനുഷ്ഠിച്ചശേഷമാണ് വിരമിച്ചത്.
‘അക്കർമാശി’ക്കു പുറമേ ‘ഉപല്യ’, ‘ഹിന്ദു’, ‘ബഹുജൻ’, ‘ഝുണ്ട്’, ‘സനാതൻ’, ‘രാമരാജ്യ’ തുടങ്ങിയ നോവലുകളും ‘ദളിത് ബ്രാഹ്മൺ’, ‘ദേവതാ ആദ്മി’ എന്നീ കഥാസമാഹാരങ്ങളും ‘ഉദ്രേക്’, ‘ഓ’, ‘യൽഗാർ’ എന്നീ കവിതാസമാഹാരങ്ങളും ശ്രദ്ധേയമായ കൃതികളാണ്.
ദളിത് സാഹിത്യത്തിന്റെ സൗന്ദര്യശാസ്ത്രവും സൈദ്ധാന്തിക അടിത്തറയും ചർച്ച ചെയ്യുന്ന ‘ദളിത്’ സാഹിത്യാചേ സൗന്ദര്യശാസ്ത്ര’ എന്ന വിമർശനകൃതി ഈ രംഗത്തെ പ്രധാന സംഭാവനയായി കണക്കാക്കപ്പെടുന്നു. 2020-ൽ സരസ്വതി സമ്മാൻ ലഭിച്ച ലിംബാളെ ഈ പുരസ്കാരം നേടുന്ന ആദ്യ ദളിത് എഴുത്തുകാരനാണ്.