ജ്ഞാനത്തിന്റെ വെളിച്ചം

#ഡോ. മുരളി ഹരിതം

നവരാത്രിമാഹാത്മ്യം

നവരാത്രിക്ക്‌ ഒൻപത് രാത്രികൾ എന്നർഥം. നവങ്ങളായ (പുതിയ) രാത്രികൾ എന്നും പറയപ്പെടുന്നു. ഈ പുണ്യദിനങ്ങളിൽ ആദിപരാശക്തിയായ ദുർഗാദേവിയെയാണ് പ്രധാനമായും ആരാധിക്കുന്നത്. അതുല്യവരം നേടിയ മഹിഷാസുരനെ നിഗ്രഹിച്ച് പ്രപഞ്ചത്തിൽ ധർമം പുനഃസ്ഥാപിക്കാൻ ദേവി ദുർഗയായി അവതരിച്ചുവെന്നാണ് പുരാണം. ഒൻപതുദിവസത്തെ കഠിനമായ യുദ്ധത്തിനൊടുവിൽ ദേവി അസുരനെ വധിച്ചു. ഈ വിജയത്തിന്റെ ഓർമ്മ പുതുക്കലാണ് നവരാത്രി ആഘോഷം. ഓരോ മനുഷ്യന്റെ ഉള്ളിലും നിരന്തരം നടക്കുന്ന ധർമാധർമങ്ങളുടെ പോരാട്ടം കൂടിയാണിത്. കാമം, ക്രോധം, ലോഭം, മോഹം, മദം, മാത്സര്യം എന്നീ ആന്തരിക ഷഡ്‌വൈരികളെ ആത്മവിശ്വാസവും ധർമവും കൊണ്ട് കീഴടക്കണമെന്ന സന്ദേശവും ഇതിലുടെ നൽകുന്നു.

പ്രപഞ്ചത്തിന്റെ ചാലകശക്തിയായ ആദിപരാശക്തിയെ ഒൻപത് ഭാവങ്ങളിൽ ആരാധിക്കുന്നതാണ് നവരാത്രി. സാധകന്റെ ആത്മീയ ഉണർവിനെ സൂചിപ്പിക്കുന്ന മൂന്ന് ഘട്ടങ്ങളായാണ് ഒൻപതുദിവസങ്ങളെ തിരിച്ചിരിക്കുന്നത്:

ആദ്യ മൂന്ന് ദിനങ്ങൾ ദുർഗാപൂജ. ത്രിഗുണത്തിലെ, തമോഗുണത്തെ ഇല്ലായ്മ ചെയ്ത് ഉള്ളിലുറങ്ങുന്ന ഭയം, അലസത, തിന്മ എന്നിവയെ നശിപ്പിക്കാനായുള്ള ആരാധന. തുടർന്നുള്ള മൂന്നുദിനങ്ങൾ ലക്ഷ്മീപൂജ. രജോഗുണത്തെ ശുദ്ധീകരിച്ച് ഐശ്വര്യം, മനസ്സിലെ ശാന്തി, ധാർമികസമൃദ്ധി എന്നിവ നേടാനായി മഹാലക്ഷ്മിയെ ഉപാസിക്കുന്നു.

അവസാന മൂന്നുദിനങ്ങളിലാണ് സരസ്വതീപൂജ. സത്വഗുണത്തിന്റെ പ്രതീകമായ സരസ്വതീദേവിയെ ആരാധിച്ച് പരമമായ ജ്ഞാനം തേടുന്നു.

നവരാത്രിയിലെ ഒൻപത് ദിവസങ്ങളിൽ ദുർഗാദേവിയുടെ വ്യത്യസ്തങ്ങളായ ഒൻപത് ഭാവങ്ങളെയാണ് (നവദുർഗ) പൂജിക്കുന്നത്. ഓരോ ദിവസത്തെയും ആരാധനയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

ഒന്നാംദിവസം- ശൈലപുത്രി: പർവതരാജനായ ഹിമവാന്റെ മകളായുള്ള ഭാവം. സ്ഥിരതയെയും പ്രകൃതിയെയും സൂചിപ്പിക്കുന്നു.

രണ്ടാംദിവസം- ബ്രഹ്മചാരിണി: തപസ്സുചെയ്യുന്ന ഭാവം. ഭക്തിയുടെയും അറിവിന്റെയും പ്രതീകം.

മൂന്നാംദിവസം- ചന്ദ്രഘണ്ഡാ: നെറ്റിയിൽ അർധചന്ദ്രൻ ധരിച്ച യുദ്ധഭാവം. ധീരതയുടെയും സമാധാനത്തിന്റെയും പ്രതീകം.

നാലാംദിവസം- കൂഷ്മാണ്ഡ: പ്രപഞ്ചം സൃഷ്ടിച്ചവൾ എന്ന് വിശ്വസിക്കപ്പെടുന്ന ഭാവം. പ്രപഞ്ചത്തിന്റെ ഊർജസ്രോതസ്സാണ് ദേവി.

അഞ്ചാംദിവസം- സ്കന്ദമാതാ: സുബ്രഹ്മണ്യന്റെ (സ്കന്ദന്റെ) മാതാവായ ഭാവം. മാതൃത്വത്തിന്റെ പ്രതീകം.

ആറാംദിവസം- കാർത്യായനി: കാർത്യായന മഹർഷിയുടെ മകളായി ജനിച്ച ഭാവം. മഹിഷാസുരനെ വധിക്കാൻ അവതരിച്ച ഉഗ്രരൂപിണി.

ഏഴാംദിവസം- കാളരാത്രി: ഭയമുണർത്തുന്ന കറുത്ത രൂപം. തിന്മകളെയും അന്ധകാരത്തെയും നശിപ്പിക്കുന്ന ഭാവം.

എട്ടാംദിവസം- മഹാഗൗരി: ശുദ്ധിയും സമാധാനവും നൽകുന്ന കാരുണ്യമൂർത്തിയായ ഭാവം.

ഒൻപതാംദിവസം-സിദ്ധിദാത്രി: എല്ലാവിധ സിദ്ധികളും ജ്ഞാനവും ഭക്തർക്ക്‌ പ്രദാനം ചെയ്യുന്ന ഭാവം.