ഇമ്രാൻ ഖാൻ: ബോളിവുഡിലും സമരത്തിലും നായകൻ

മുംബൈ : 2008-ൽ ‘ജാനേ തു...യാ ജാനേ നാ’യിലൂടെ അരങ്ങേറി ഒരു തലമുറയുടെ പ്രണയനായകനായ നടനാണ് ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് 2025 ലംഘിച്ചതിന് ഇന്ത്യവിടാൻ നോട്ടീസ് ലഭിച്ച ഇമ്രാൻ ഖാൻ. ആ ചിത്രത്തിലെ ജയ് സിങ് റാത്തോഡ് രജപുത്ര പാരമ്പര്യത്തിന്റെ ഭാരംപേറുമ്പോഴും അക്രമത്തിന്റെ വഴി വെടിഞ്ഞ ശാന്തനായ ചെറുപ്പക്കാരനാണ്. ഉറ്റസുഹൃത്ത് അദിതിയോടുള്ള പ്രണയം തിരിച്ചറിയാൻ വൈകുന്ന ജയ്, ‘രഞ്ജോറെ കേ റാത്തോഡ്’ എന്ന വിളിയോടെ ആരാധകരുടെ ഹൃദയത്തിൽ ഇടംനേടി.

‘ഐ ഹേറ്റ് ലവ് സ്‌റ്റോറീസി’ൽ പ്രണയകഥകളെ പുച്ഛിക്കുന്ന എല്ലാത്തിലും കുറ്റംകാണുന്ന ജയ്, ‘ബ്രേക്ക് കേ ബാദി’ൽ ബന്ധത്തിലെ അനിശ്ചിതത്വങ്ങളിൽ ഉഴറുന്ന അഭയ് ഗുലാട്ടി, ‘മേരേ ബ്രദർ കി ദുൽഹനി’ൽ സഹോദരന് വധുവിനെത്തേടി സ്വന്തം പ്രണയം കണ്ടെത്തുന്ന ലവ് അഗ്‌നിഹോത്രി, ‘ഏക് മേം ഔർ ഏക് തൂ’വിൽ മാതാപിതാക്കളുടെ പ്രതീക്ഷകൾക്കിടയിൽ സ്വന്തം സ്വപ്നംതേടുന്ന രാഹുൽ കപൂർ എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളായി ആ നിരയിലുണ്ട്.

കരിയറിലെ വഴിത്തിരിവായത് 'ഡൽഹി ബെല്ലി’യിലെ താഷി ദോർജിയാണ്. ‘ചോക്ലേറ്റ് ബോയ്’ പ്രതിച്ഛായ പൊളിച്ചെഴുതിയ ഈ വേഷത്തിൽ, ദുരന്തങ്ങൾക്കിടയിലും പിടിച്ചുനിൽക്കുന്ന സാധാരണക്കാരനായ പത്രപ്രവർത്തകനെയാണ് അദ്ദേഹം അവതരിപ്പിച്ചത്. 2015-ലെ ‘കട്ടി ബട്ടി’യിൽ മാധവ് 'മാഡി' കബ്രയായി ബന്ധങ്ങളിലെ നഷ്ടബോധത്തിന്റെ കനമുള്ള വേഷംചെയ്ത ശേഷം അദ്ദേഹം വെള്ളിത്തിരയിൽനിന്ന് അകന്നുനിന്നു. ആദ്യചിത്രത്തിലും നായകൻ പോലീസ് പിടിയിലാകുന്നുണ്ടെന്ന് കസ്റ്റഡിയുടെ ദിവസം ബന്ധുവായ സെയ്ൻ ഖാൻ രസകരമായി ഓർമ്മിപ്പിച്ചിരുന്നു.

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാന്റെ അനന്തരവനാണ് ഇമ്രാൻ. ആമിറിന്റെ പിതൃസഹോദരൻ, പ്രശസ്ത സംവിധായകൻ നാസിർ ഹുസൈന്റെ മകളാണ് ഇമ്രാന്റെ മാതാവ് നുഹ്ഷത് ഖാൻ. നുഹ്ഷത്തിന്റെയും അനിൽ പാലിന്റെയും മകനായി യു.എസിലായിരുന്നു ജനനം. യു.എസിൽ താമസമാക്കിയ സോഫ്റ്റ്‌വെയർ എൻജിനിയറാണ് പിതാവ് അനിൽ പാൽ.

ഇമ്രാന് രണ്ടുവയസ്സുള്ളപ്പോൾ ഇരുവരും പിരിഞ്ഞു. മൂന്നാമത്തെ വയസ്സിൽ ഇമ്രാൻ മാതാവ് നുഹ്ഷത്തിനൊപ്പം മുംബൈയിലേക്ക് മാറി. തന്നെ വളർത്തിയത് അമ്മയായതിനാലാണ് പേരിൽ പിതാവിന്റെ പേരില്ലാത്തതെന്ന് മുൻപ്‌ ഒരു അഭിമുഖത്തിൽ ചോദ്യത്തിന് മറുപടിയായി ഇമ്രാൻ പറഞ്ഞിരുന്നു. മാതാവ് നുഹ്ഷത് പിന്നീട് രാജ് സുത്ഷിയെ വിവാഹംചെയ്തു. പിതാവ് അനിൽ പിന്നീട് വിവാഹിതനായില്ല.

പ്രാഥമികവിദ്യാഭ്യാസം ഇന്ത്യയിലായിരുന്ന ഇമ്രാൻ ഉന്നതപഠനം യു.എസിൽ പൂർത്തിയാക്കി. ലോസ് ആഞ്ജലിസിലെ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ സിനിമ പഠിച്ചു.

പഠനം പൂർത്തിയാക്കിയ ഇമ്രാൻ ഇന്ത്യയിൽ തിരിച്ചെത്തി ഹിന്ദി സിനിമകളുടെ ഭാഗമായി. 2015-ലെ കട്ടി ഭാട്ടിയോടെ സിനിമയിൽനിന്ന് നീണ്ട ഇടവേളയെടുത്തു. ബോളിവുഡിനോട് താത്കാലികമായി വിടപറഞ്ഞ ഇമ്രാൻ തിരികെ യു.എസിലേക്ക് പോയി. ഇക്കാലത്ത് താൻ വിഷാദത്തോട് പൊരുതുകയായിരുന്നുവെന്ന് ഇമ്രാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്.