'എല്ലാം സംസ്ഥാന പദ്ധതിയാണ്, വേറെ ആരുടേതുമല്ല'; കേന്ദ്രത്തെ വിമർശിച്ച് മുഖ്യമന്ത്രി

കുവൈറ്റ് സിറ്റി: രഹസ്യമായ പ്രക്രിയയിലൂടെയല്ല കേരളത്തെ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടർഭരണത്തിന്റെ നേട്ടമാണ് ഇതെന്നും ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് വൻതോതിൽ നിക്ഷേപം വരുമെന്നും കുവൈറ്റ് പൗരാവലിയുടെ സ്വീകരണ ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാമസഭകൾ ചേർന്നും കുടുംബശ്രീയും സന്നദ്ധ പ്രവർത്തകരും സഹകരിച്ചുമാണ് കേരളത്തിലെ അതിദരിദ്രരെ കണ്ടെത്തിയത്. ക്ഷേമ പെൻഷനുകളിലെ വർദ്ധനയും ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിലെ മാറ്റങ്ങളും ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ക്ഷേമ പെൻഷനുകൾ നൽകുന്നത് തങ്ങളാണെന്ന കേന്ദ്രത്തിന്റെ അവകാശ വാദത്തിന് മറുപടിയില്ലെന്നും പറഞ്ഞു.
കേരളത്തിൽ വൻതോതിൽ നിക്ഷേപം നടത്താൻ ഗൾഫിലെ ഭരണകർത്താക്കൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും എം.എ. യൂസഫലിയെയാണ് അവരിൽ പലരും ചുമതലപ്പെടുത്തിയതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ലോക കേരള സഭയും മലയാളം മിഷനും കല കുവൈറ്റും ചേർന്നാണ് മുഖ്യമന്ത്രിക്ക് സ്വീകരണം ഒരുക്കിയത്.
അറബി ക്ലബ് സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മലൂക്ക, സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി എ. ജയതിലക്, ലുലു ഗ്രൂപ്പ് ഉടമ എം.എ. യൂസഫലി തുടങ്ങിയവർ സംസാരിച്ചു.
Content Highlights: pinarayi vijayan in kuwait