ഷാർജ പുസ്തകോത്സവത്തിൽ നിറഞ്ഞുനിന്ന സുനിത വില്യംസ്, യു.എ.ഇക്കും അഭിമാനനിമിഷം

‘ആകാശത്തോളം വലുതെന്നും’, ‘മാനംമുട്ടെ’ വേണമെന്നും അതിശയോക്തിപറയുന്ന നാം പലപ്പോഴും ഓർക്കുന്നത്, ആകാശവും മാനവുമൊക്കെയാണ് പ്രപഞ്ചത്തിന്റെ അതിരുകളെന്നാണ്. കാരണം പദസമുച്ചയങ്ങളും ഉപവാക്യങ്ങളും നാം ഇന്നും വാമൊഴികളായി ഉപയോഗിക്കുന്നതിനിടയിൽ ശാസ്ത്രം ബഹുദൂരം വളർച്ചപ്രാപിച്ചുകൊണ്ടേയിരുന്നു. പക്ഷികൾ പറക്കുന്ന, വിമാനങ്ങൾ സഞ്ചരിക്കുന്ന, മഞ്ഞും മഴയും പെയ്യുന്ന ആകാശത്തിനുമപ്പുറം ഏറെ വ്യാപ്തമായ ബഹിരാകാശത്തെ നാം പലപ്പോഴും വാക്കുകളിൽപ്പോലും ഓർക്കാറില്ല. ഭൂമിയുടെ അന്തരീക്ഷത്തിനു പുറത്തുള്ള വിശാലവും അനന്തവുമായ നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ചന്ദ്രൻ, ഗാലക്സികൾ തുടങ്ങിയ ഖഗോളവസ്തുക്കൾ അടങ്ങിയിരിക്കുന്ന ഒരു ശൂന്യതയാണ് ബഹിരാകാശം.
ആ ബഹിരാകാശത്തിലെ നീണ്ട ഒൻപതുമാസത്തെ അപ്രതീക്ഷിത വാസശേഷം ഭൂമിയിലേക്കു മടങ്ങിയ സുനിതാ വില്യംസിനും സംഘത്തിനും, ബഹിരാകാശ പര്യവേക്ഷണത്തിനും ശാസ്ത്രസാങ്കേതിക വിദ്യകൾക്കും എന്നും പ്രോത്സാഹനവും പ്രചോദനവും നൽകുന്ന ഈ മേഖലയിലെ മികച്ചരാജ്യമായ യുഎഇയിലെ ഒരു സ്ഥിരതാമസക്കാരനെന്നനിലയിൽ ഹൃദ്യമായ ആശംസകൾ ആദ്യം നേർന്നുകൊള്ളുന്നു. ബഹിരാകാശത്തുനിന്നു മടങ്ങിയ സുനിതാ വില്യംസ്, 2023-ലെ തന്റെ യു.എ.ഇ. സന്ദർശനവേളയിൽ പങ്കിട്ട അവരുടെ ഒരു ദീർഘകാല ആഗ്രഹത്തിന്റെ സാക്ഷാത്കാരംകൂടിയാണത്.
കുട്ടികളുമായി സംവദിക്കുന്ന സുനിതവില്യംസ്
ഫെബ്രുവരി 24-നും 26-നും ഇടയിൽ യുഎഇയുടെ ബഹിരാകാശ ഏജൻസിയുടെ ‘എമിറേറ്റ്സ് മിഷൻ ടു ആസ്റ്ററോയ്ഡ് ബെൽറ്റ്’ (ഇഎംഎ), ഈ മാസം പതിനൊന്നിന് അതിന്റെ സുപ്രധാന നാഴികക്കല്ലായ ക്രിട്ടിക്കൽ ഡിസൈൻ റിവ്യൂ (സിഡിആർ) വിജയകരമായി പൂർത്തിയാക്കുകയും ബെൽറ്റിനായുള്ള നിർണായക രൂപകല്പന അവലോകനം പൂർത്തിയാക്കുകയുംചെയ്ത സന്തോഷവേളയിലാണ് നാമുള്ളത്. യു.എ.ഇ. സന്ദർശനവേളയിൽ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുത്ത സുനിത, ബഹിരാകാശപര്യടനത്തിന് യു.എ.ഇയുടെ ബഹിരാകാശയാത്രികയായ ‘നോറ അൽ മത്റൂഷി’യെപ്പോലെയുള്ള സ്ത്രീകളെയും ഉൾപ്പെടുത്തിയ യു.എ.ഇയുടെ ബഹിരാകാശപദ്ധതിയെ ഏറെ അനുമോദിക്കുകയുമുണ്ടായി.
‘‘ബഹിരാകാശയാത്രക്ക് ഒരു സ്ത്രീയെ തിരഞ്ഞെടുക്കുന്നതുതന്നെ വലിയകാര്യമാണ് എന്ന് ഞാൻ കരുതുന്നു, കാരണം ഈ രാജ്യത്തെയും ഈ പ്രദേശത്തെയും കൊച്ചുപെൺകുട്ടികൾക്ക് നോറയുടെ ചുവടുകൾ പിന്തുടരാൻ സാധിക്കും’’ എന്നായിരുന്നു നോറയുടെ ബഹിരാകാശ യാത്രയെക്കുറിച്ച് സുനിത വെളിപ്പെടുത്തിയത്.
ഒപ്പം റഷ്യയിലെ അവരുടെ പരിശീലനത്തിനിടെ യു.എ.ഇയിലെ ബഹിരാകാശയാത്രികരായ ‘ഹസ്സ അൽ മൻസൂരി’യെയും ‘സുൽത്താൻ അൽ നെയാദി’യെയും കണ്ടുമുട്ടിയതിനെക്കുറിച്ചുള്ള നല്ല അനുഭവങ്ങൾ സുനിതാ വില്യംസ് പങ്കുവെച്ചതും നാം മറന്നുകാണില്ല. ഇരുവരുടെയും സമർപ്പണത്തെ പ്രശംസിക്കുകയും ബഹിരാകാശയാത്രിക സമൂഹത്തിൽ അവരെയും തനിക്കൊപ്പം കണ്ടതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
തന്റെ കഥ കുട്ടികളുമായി പങ്കുവെച്ച് അവരുടെ സ്വപ്നങ്ങൾ പിന്തുടരാൻ അവരെ പ്രചോദിപ്പിക്കുന്നതിൽ തനിക്ക് അതിയായ താത്‌പര്യമുണ്ടെന്നാണ് സുനിത പറഞ്ഞത്. തന്റെ യാത്ര അവസരങ്ങൾ നിറഞ്ഞതായിരുന്നെന്നും വിലപ്പെട്ട പഠനാനുഭവങ്ങൾ നൽകിയ പരാജയങ്ങൾപോലും അതിലുണ്ടായിരുന്നെന്നും അവർ എടുത്തുപറഞ്ഞു.
ജ്യോതിശാസ്ത്രത്തിലും ബഹിരാകാശശാസ്ത്രത്തിലുമുള്ള യുഎഇയുടെ താത്‌പര്യം 1970-കളിൽ യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ അപ്പോളോ ചാന്ദ്ര ദൗത്യത്തിന്റെ നാസ ടീമിനെ കണ്ടുമുട്ടിയപ്പോൾ മുതലാണ് പിറവികൊണ്ടത്. ഈ ഒരു കൂടിക്കാഴ്ച, രാജ്യത്ത് ബഹിരാകാശത്തെക്കുറിച്ചുള്ള ശ്രദ്ധവർധിപ്പിക്കുകയും 1997-ൽ തുറയ ടെലികോം, 2007-ൽ യാഹ്സാറ്റ് (Al Yah Satellite Communications) എന്നിവ സ്ഥാപിതമായതോടെ ഒരു ദേശീയ ബഹിരാകാശമേഖലയ്ക്ക് രൂപംനൽകുകയും ചെയ്തു.
തുടർന്ന് യുഎഇയിൽ ബഹിരാകാശശാസ്ത്രവും ശാസ്ത്രീയഗവേഷണവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2006 ഫെബ്രുവരിയിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എമിറേറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സയൻസ് ആൻഡ് ടെക്നോളജി സ്ഥാപിച്ചതും പിന്നീട് 2015 ഏപ്രിലിൽ ഇത് മുഹമ്മദ് ബിൻ റാഷിദ് സ്‌പെയ്‌സ് സെന്ററുമായി ലയിച്ചതും ശാസ്ത്രസാങ്കേതികവിദ്യയിൽ യുഎഇയുടെ നേട്ടങ്ങളാണെന്ന് നമുക്ക് അഭിമാനപൂർവം ഓർക്കാം.
ദേശീയ ബഹിരാകാശമേഖലയെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2014-ൽ ഒരു ഫെഡറൽ ഉത്തരവിലൂടെ യുഎഇ ബഹിരാകാശ ഏജൻസി നിലവിൽവന്നു. പങ്കാളിത്തങ്ങൾ സ്ഥാപിക്കുക, വിദ്യാഭ്യാസ പരിപാടികൾക്ക് സഹായം നൽകുക, ദേശീയതലത്തിലും പ്രാദേശികതലത്തിലും ബഹിരാകാശ പര്യവേക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുക, ഗവേഷണം, വികസനം, വാണിജ്യപരമായ ബഹിരാകാശ പദ്ധതികൾ എന്നിവയിൽ നിക്ഷേപം നടത്തുക എന്നതൊക്കെയാണ് ഈ ഏജൻസിയുടെ പ്രധാനചുമതലകൾ. 2024 ഓഗസ്റ്റിൽ യുഎഇയുടെ ആദ്യത്തെ ഉപഗ്രഹം വിക്ഷേപിച്ചു. 2025 ജനുവരി നാലിന്, ചന്ദ്രനെ പരിക്രമണംചെയ്യാൻ തങ്ങളുടെ ആദ്യത്തെ ഇമിറാത്തി ബഹിരാകാശയാത്രികനെ അയക്കുന്നതിനായി ഒരു പുതിയ ബഹിരാകാശ പങ്കാളിത്തത്തിലേർപ്പെട്ടു.
വലിയസ്വപ്നങ്ങളുള്ള യുവത്വത്തിന് മാതൃകയായി പ്രവർത്തിക്കുകയും, ഏതൊരാൾക്കും തങ്ങളെക്കാൾ വലുതായ ഒന്നിന്റെ ഭാഗമാകാൻ കഴിയും എന്ന ആത്മവിശ്വാസം വളർത്തുന്ന, പ്രത്യാശാപൂർണമായ വാക്കുകൾ കുട്ടികളോട് പങ്കിട്ട സുനിതാ വില്യംസിന്റെ നിശ്ചയദാർഢ്യ സാക്ഷാത്കരണത്തിന്റെ നേരനുഭവങ്ങളാണ് നമ്മൾ ഇക്കഴിഞ്ഞ ദിവസങ്ങളിൽ നേരിട്ടറിഞ്ഞത്.
കഠിനാധ്വാനത്തിന്റെയും നിരന്തരമായ പരീക്ഷണങ്ങളുടെയും ലഭ്യമായ തെളിവുകളുടെയും അടിസ്ഥാനത്തിലാണല്ലോ ശാസ്ത്രമേഖല എന്നും മുന്നേറിക്കൊണ്ടിരിക്കുന്നത്. സുനിതാ വില്യംസിനെപ്പോലെയുള്ള ബഹിരാകാശയാത്രികരുടെ അന്വേഷണത്വരയും പരിശ്രമങ്ങളും ശാസ്ത്രത്തിനും സാങ്കേതികവിദ്യകൾക്കും എല്ലാകാലത്തും പ്രാധാന്യംനൽകുന്ന യുഎഇപോലുള്ള രാജ്യങ്ങൾക്ക് പ്രചോദനമാണ്. ഈ ശുഭവാർത്ത ബഹിരാകാശപര്യവേക്ഷണത്തിൽ സുപ്രധാനമായ പങ്കുവഹിക്കാൻ തീർച്ചയായും സഹായിക്കും എന്നത് ഈ രാജ്യത്തെ താമസകുടിയേറ്റക്കാർക്ക് നൽകുന്ന പ്രതീക്ഷ ആകാശത്തോളമല്ല ബഹിരാകാശത്തോളം ഉയരെയാണ്.
Content Highlights: gulffeature