തൊണ്ണൂറാം വയസ്സിലും ശിവാനന്ദ സംഗീതം

#ഇ.ടി.പ്രകാശ്
നെടുമങ്ങാട് ശിവാനന്ദന്‍
നെടുമങ്ങാട് ശിവാനന്ദന്‍

വയലിന്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ചുകൊണ്ട് നെടുമങ്ങാട് ശിവാനന്ദന്‍ എന്ന തൊണ്ണൂറുകാരന്‍ ഇപ്പോഴും ശ്രുതിമധുരമായ ആറുകാലങ്ങളും വായിക്കുന്നു. ചമ്രം പടിഞ്ഞിരുന്ന് ധ്യാനസന്യാസിയെപ്പോലെ മണിക്കൂറുകള്‍ നീണ്ടുപോകും ആ നാദോപാസന. നാദതന്ത്രികളില്‍ വിരല്‍ പായിച്ചിരിക്കുമ്പോള്‍ ശിവാനന്ദന്‍ എല്ലാം മറക്കും. എട്ടാം വയസ്സു മുതല്‍ അച്ഛന്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ നായരില്‍ നിന്നും പഠിച്ചുതുടങ്ങിയതാണ്. 19-ാമത്തെ വയസ്സില്‍ പഠിച്ചിറങ്ങി.

പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെ വയലിന്‍ നന്നായി വായിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് സന്നിധികളില്‍ നിന്നും സന്നിധികളിലേക്ക് വയലിന്‍ സംഗീതവുമായുള്ള യാത്ര ഇന്നും തുടരുന്നു. ഇപ്പോഴും താനൊരു ശിഷ്യന്‍മാത്രമാണെന്ന എളിമയാണ് വയലിനിലെ ഈ മഹാഗുരുവിനെ മുന്നോട്ട് നയിക്കുന്നത്. 1954 - ല്‍ തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനഭൂഷണം പാസായ വര്‍ഷം തന്നെയാണ് ശിവാനന്ദന് അച്ഛനെ നഷ്ടമായതും. വിരുതുനഗര്‍ ഗണപതിയാപിള്ളയും ആദ്യകാല ഗുരു ആയിരുന്നു. കച്ചേരികളില്‍ വയലിന്‍ വായിച്ചുതുടങ്ങിയ ആ സംഗീതയാത്രകളില്‍ യേശുദാസ് അടക്കമുള്ള മഹാപ്രതിഭകള്‍ക്കൊപ്പം നാദമഴ പെയ്യിച്ചു. കേരള സംഗീത നാടക അക്കാദമിയുടെയടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നെടുമങ്ങാട് ശിവാനന്ദന്‍ നേടിയിട്ടുണ്ട്. യേശുദാസിന്റെ തുടക്കകാലത്ത്, അദ്ദേഹം കച്ചേരികള്‍ മാത്രം പാടിത്തുടങ്ങുമ്പോള്‍ നെടുമങ്ങാട് ശിവാനന്ദനായിരുന്നു സ്ഥിരമായി വയലിന്‍ വായിക്കുക. മുഹമ്മദ് റാഫിയുടെ പാട്ടുകള്‍ യേശുദാസ് മനോഹരമായി പാടുന്നതുകേട്ട് ശിവാനനന്ദന്‍ അന്നേ പറഞ്ഞിരുന്നു, 'ദാസ് സിനിമയില്‍ പാടാന്‍ ശ്രമിക്കണം, നിനക്കൊരു നല്ല ഭാവിയുണ്ട്'. ശ്രമിക്കാം ഗുരൂ, എന്ന് യേശുദാസ് മറുപടിയും പറഞ്ഞു. ശിവാനന്ദന്റെ വാക്കുകള്‍ പൊന്നായി. പിന്നീടിതുവരെ കാലവും ചരിത്രവും യേശുദാസിനായി വഴിമാറിയതും നമ്മള്‍ കണ്ടു. ഭാര്യ വിലാസിനിക്കൊപ്പം ഷാര്‍ജയിലെത്തിയ നെടുമങ്ങാട് ശിവാനന്ദന്‍ മാതൃഭൂമിയോട് മനസ്സുതുറക്കുന്നു.

വയലിന്‍ സംഗീതം താങ്കളില്‍ ഇത്രയും സ്വാധീനം ചെലുത്തിയത് ?

1935 ജൂണ്‍ 30 - ന് തിരുവാതിര നക്ഷത്രത്തിലാണ് ഞാന്‍ ജനിച്ചത്. നെടുമങ്ങാട് വാസുദേവ ഭവനത്തില്‍ നെയ്യാറ്റിന്‍കര വാസുദേവന്‍ നായരും ദാക്ഷായണിയമ്മയുമാണ് മാതാപിതാക്കള്‍. വയലിനിലും ഹാര്‍മോണിയത്തിലും നിപുണനായ അച്ഛന്‍ തന്നെയായിരുന്നു ആദ്യഗുരു. അച്ഛന്‍ തിരുവിതാംകൂര്‍ ദിവാന്റെ കയ്യില്‍നിന്നും പട്ടും വളയും വാങ്ങിയിട്ടുണ്ട്. അക്കാലത്തെ നാടകവേദികളിലും അച്ഛന്‍ ഹാര്‍മോണിയം വായനയുമായി നിറസാന്നിധ്യമായി. ഞാന്‍ വായ്പ്പാട്ടിലാണ് ഗാനഭൂഷണം കഴിഞ്ഞതെങ്കിലും വയലിന്‍ വാദനമായിരുന്നു സ്വീകരിച്ചത്. അച്ഛനുശേഷം വയലിന്‍ വിദ്വാന്‍ വിരുതുനഗര്‍ ഗണപതിയാപിള്ളയും ഗുരുവായി. ഗുരുവിന്റെ അനുഗ്രഹവും അച്ഛന്റെ സ്വാധീനവും എന്റെ കഠിന പ്രയത്‌നവും വയലിനില്‍ ശുദ്ധസംഗീതം തീര്‍ക്കാന്‍ സാധിച്ചുവെന്നുവേണം പറയാന്‍. ഇപ്പോഴും ഉപാസനയും ഉപജീവനവുമായി വയലിന്‍ സംഗീതം കൊണ്ടുനടക്കുന്നു. ഞങ്ങള്‍ എട്ടു മക്കളാണ്. മിക്കവരും സംഗീതത്തോട് കമ്പമുള്ളവര്‍ തന്നെ. ഞാന്‍ മൂന്നാമത്തെ മകനാണ്, മൂത്ത ജ്യേഷ്ഠന്‍ രാമകൃഷ്ണന്‍ നായര്‍ നന്നായി ഹാര്‍മോണിയം വായിക്കും. അങ്ങിനെ അച്ഛന്‍ വായിച്ച ഹാര്‍മോണിയം സഹോദരനായിരുന്നു കൊണ്ടുപോയത്. സഹോദരി പാട്ടുകാരിയും നര്‍ത്തകിയുമാണ്. മറ്റൊരു സഹോദരന്‍ മൃദംഗ കലാകാരനായിരുന്നു, പക്ഷെ അകാലത്തില്‍ മരിച്ചുപോയി. ഇപ്പോള്‍ ഞങ്ങള്‍ നാലുപേര്‍ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. അമ്മ സംഗീതമൊന്നും പഠിച്ചിട്ടില്ല. അച്ഛന്റെ മുന്‍തലമുറയും സംഗീതത്തില്‍ താത്പര്യമുള്ളവരായിരുന്നു.

തിരുവനന്തപുരത്തുനിന്ന് ചേര്‍ത്തലയിലായിരുന്നു പിന്നീടുള്ള ജീവിതം. 1955-ല്‍ ചേര്‍ത്തല പാണാവള്ളിക്കടുത്ത് ഓടാമ്പള്ളി എല്‍പി സ്‌കൂളില്‍ സംഗീതാധ്യാപകനായി ജോലികിട്ടി. അതോടെ നെടുമങ്ങാട് എന്ന സ്വന്തം നാട് പേരിനൊപ്പം ചേര്‍ക്കുകയും ചെയ്തു. അക്കാലത്ത് ആലപ്പുഴയില്‍ വയലിന്‍ വാദകര്‍ കുറവായിരുന്നു, ആ കുറവ് നികത്താന്‍ ഒരുപരിധിവരെ എനിക്ക് സാധിച്ചുവെന്നുവേണം പറയാന്‍. സംഗീതധ്യാപകനായി ജോലിതുടങ്ങിയ കാലം ആദ്യശമ്പളം 57 രൂപയായിരുന്നു. വൈകീട്ടുവരെ സ്‌കൂളിലും രാത്രിയില്‍ കച്ചേരികള്‍ക്കുമായി ഓടിനടന്നു. അന്നത്തെ ദിനങ്ങള്‍ വേഗത്തില്‍ കടന്നുപോയെന്ന് ഇപ്പോള്‍ തോന്നിപോകുന്നു. ക്ഷീണമൊന്നും അറിഞ്ഞിരുന്നില്ല, അധ്യാപനത്തിലും സംഗീതത്തിലും മാത്രമായി ജീവിതം. സംഗീതമല്ലാതെ സ്‌കൂളില്‍ ഞാന്‍ മറ്റു വിഷയങ്ങളും പഠിപ്പിച്ചിരുന്നു. മൂന്നുപതിറ്റാണ്ടിലേറെ സ്‌കൂള്‍ അധ്യാപനം നടത്തി. 

എവിടെയായിരുന്നു താങ്കളുടെ ആദ്യവേദി?

ആദ്യത്തേത് കച്ചേരി ആയിരുന്നില്ല, കഥാപ്രസംഗമായിരുന്നു. പുരാണങ്ങളെ ആസ്പദമാക്കിയുള്ള ഹരികഥാ കാലക്ഷേപമാണ് ആദ്യം പറഞ്ഞത്. കീര്‍ത്തനങ്ങളില്‍ അക്കാലത്ത് വയലിന്‍ വായിച്ചുതുടങ്ങി. അനന്തകൃഷ്ണന്‍ ഭാഗവതര്‍ എന്ന അക്കാലത്തെ പ്രസിദ്ധനും അച്ഛന്റെ സുഹൃത്തുമായിരുന്ന കലാകാരന്റെ കൂടെ വയലിന്‍ വായിച്ചപ്പോള്‍ തട്ടില്‍നിന്നും ലഭിച്ച ഒരുരൂപയായിരുന്നുആദ്യ പ്രതിഫലം. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ 1952, 53 കാലത്താണത്.

ആരുടെയൊക്കെ കച്ചേരികളില്‍ പക്കമേളക്കാരനായി?

ഒട്ടുമിക്ക പ്രമുഖര്‍ക്കൊപ്പവും വേദി പങ്കിടാന്‍ സാധിച്ചു. ഏറ്റവുംകൂടുതല്‍ വായിച്ചത് നെയ്യാറ്റിന്‍കര വാസുദേവനൊപ്പമാണ്. എല്‍.പി.ആര്‍.വര്‍മ്മ, വി.ദക്ഷിണാമൂര്‍ത്തി, മാവേലിക്കര പ്രഭാകരവര്‍മ്മ, മാവേലിക്കര കൃഷ്ണന്‍കുട്ടി നായര്‍, മാവേലിക്കര വേലുക്കുട്ടി നായര്‍, ഉമയാള്‍പുരം ശിവരാമന്‍, അശ്വതി തിരുനാള്‍ രാമവര്‍മ്മ, തഞ്ചാവൂര്‍ രാമദാസ്, ഡോ.ടി.കെ,മൂര്‍ത്തി, കാരൈക്കുടി മണി. മാതംഗി സത്യമൂര്‍ത്തി, പാറശാല രവി, മാവേലിക്കര എസ്.ആര്‍.രാജു, എം.ജി.രാധാകൃഷ്ണന്‍, നെയ്യാറ്റിന്‍കര മോഹനചന്ദ്രന്‍, പി.എസ്.നാരായണസ്വാമി, ഒ.എസ്.ത്യാഗരാജന്‍, തൃശ്ശൂര്‍ വി.രാമചന്ദ്രന്‍, ബോംബെ സിസ്റ്റേഴ്‌സ്, ടി.വി.ഗോപാലകൃഷ്ണന്‍, ബോംബെ ജയശ്രീ, ടി.എം.കൃഷ്ണ, ശങ്കരന്‍ നമ്പൂതിരി, കാവാലം ശ്രീകുമാര്‍, വൈക്കം വിജയലക്ഷ്മി.. അങ്ങിനെ നീളുന്നു നിര. 

വേദികള്‍ എത്രയെന്ന് ഓര്‍മ്മയുണ്ടോ?

ഇല്ല, ഊഹിച്ചെടുക്കാന്‍പോലും പറ്റില്ല. 20,000 - ത്തിനും മുകളില്‍ വായിച്ചിട്ടുണ്ടാവും. മാസം 40 കച്ചേരികളില്‍ വരെ വായിച്ചിട്ടുണ്ട്. ഇക്കാലമത്രയും പാടിയവരുടെ നല്ല സംഗീതവും വരികളും പലതും മനസ്സിലുണ്ട്. ദുരനുഭവങ്ങളുമുണ്ടായിട്ടുണ്ട്. ഏതുപാട്ടും മനസ്സില്‍ സംഗീതമുള്ളതിനാല്‍ ഞാന്‍ അനായാസം വയലിനില്‍ വായിക്കും. ചമ്രം പടിഞ്ഞിരുന്നുമാത്രമാണ് വയലിന്‍ വായിച്ച് ശീലം. വൈക്കത്തഷ്ടമിക്ക് തുടര്‍ച്ചയായി ഒന്‍പതുമണിക്കൂര്‍ ഞാന്‍ വയലിന്‍ വായിച്ചിട്ടുണ്ട്. ക്ഷീണം തീരെ അറിയില്ല, സംഗീതം മാറിമാറി പാടുമ്പോള്‍ അതിലങ്ങിനെ ലയിച്ച് വായിക്കും. 40 വര്‍ഷത്തിലേറെയായി ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ വയലിന്‍ വിഭാഗത്തിന് നേതൃത്വം നല്‍കുന്നു. 

യേശുദാസുമായുള്ള ബന്ധം ?

യേശുദാസിനെ സിനിമയില്‍ പാടാന്‍ പ്രേരിപ്പിച്ചവരില്‍ ഒരാള്‍ ഞാനായിരുന്നു. 'എനിക്ക് പാടാന്‍ സാധിക്കുമോ' എന്ന ആശങ്ക തുടക്കത്തില്‍ ദാസിനുണ്ടായിരുന്നു. നീ സിനിമയില്‍ പാടണം, നിനക്ക് സിനിമയില്‍ തെളിയാന്‍ സാധിക്കുമെന്ന് ഞാന്‍ ഉറപ്പുനല്‍കി. അന്നേ എനിക്ക് അറിയാമായിരുന്നു, കച്ചേരിയില്‍ മാത്രമല്ല, മുഹമ്മദ് റാഫിയുടെയടക്കം പാട്ടുകള്‍ യേശുദാസ് ഏറ്റവും ഹൃദ്യമായി പാടുമായിരുന്നു. ആ ശബ്ദം അന്നേ മികവുതെളിയിച്ചു. കച്ചേരികളുടെ ഇടവേളകളില്‍ മുറിയില്‍വെച്ച് യേശുദാസ് നന്നായി പാടുമായിരുന്നു. പില്‍ക്കാലത്ത് യേശുദാസിന്റെ പാട്ടുകേള്‍ക്കാന്‍ മാത്രം സിനിമകാണാന്‍ പോകുമായിരുന്നു. ആദ്യകാലത്ത് വേദികളില്‍ യേശുദാസ് പാടി, ഞാന്‍ വയലിന്‍ വായിച്ചു എന്നേയുള്ളൂ. ഇന്നോര്‍ക്കുമ്പോള്‍ ഏറെ അഭിമാനമാണ്. പിന്നീട് യേശുദാസ് ചെന്നൈയിലേക്ക് മാറുംവരെ ഞങ്ങള്‍ തമ്മില്‍ ഏറെ അടുപ്പം സൂക്ഷിച്ചിരുന്നു. സുഹൃത്തുക്കളോ ഗുരുശിഷ്യരോ ആയിരുന്നു ഞങ്ങളെന്നും പറയാം. പിന്നീട് അദ്ദേഹം സിനിമാ തിരക്കുകളിലായി, ഏറ്റവും ഉയരത്തിലുമെത്തി. ഇപ്പോഴും വല്ലപ്പോഴും ഞങ്ങള്‍ ഫോണില്‍ സംസാരിക്കാറുണ്ട്.

ശിഷ്യരെക്കുറിച്ച്

ഒട്ടേറെ ശിഷ്യര്‍, ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളിലുണ്ട്. തിരുവിഴ ശിവാനന്ദന്‍, തിരുവിഴ ബിജു എസ് ആനന്ദ്, ബിന്ദു കെ ഷേണായി, ഇടപ്പള്ളി അജിത്ത്കുമാര്‍, ചേര്‍ത്തല ശിവകുമാര്‍, രാമന്‍ അയ്യര്‍ തുടങ്ങി ഒട്ടേറെ ശിഷ്യഗണങ്ങള്‍.

വയലിന്‍ വായിക്കാന്‍ പുതിയ ആളുകള്‍ എത്തുന്നുണ്ടോ?

ഉണ്ട്, ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി എനിക്കുതന്നെ ഒട്ടേറെ ശിഷ്യരുണ്ട്. പുതിയ ആളുകള്‍ ധാരാളമായി ഈ രംഗത്തേക്ക് കടന്നുവരുന്നുണ്ട്.

പുതിയ കാലത്ത് വയലിന്‍ പോലുള്ള സംഗീതം ഉപജീവനമാര്‍ഗമാകുമോ? 

അക്കാര്യം ധൈര്യത്തോടെ പറയാന്‍ സാധിക്കില്ല. കാരണം, ഇനിയുള്ള കാലം ബുദ്ധിമുട്ട് നേരിടും. കച്ചേരികള്‍ വളരെ കുറഞ്ഞുവന്നു, ഉള്ളതില്‍ സ്ഥിരം വായിക്കുന്നവര്‍ക്കു മാത്രമേ അവസരമുണ്ടാകൂ. പിന്നെ ഈ മേഖല പാശ്ചാത്യ സംഗീതം വല്ലാതെ കീഴടക്കി. കോവിഡ് പോലുള്ള മഹാരോഗങ്ങളും അവസരം കുറയാന്‍ കാരണമായി. ഞാനും കോവിഡിനുശേഷം വേദികളില്‍ സജീവമല്ല.

ജീവിതചര്യയെക്കുറിച്ച്

നോണ്‍, വെജി എല്ലാം കഴിക്കും. പക്ഷേ ആഹാരത്തിനു ലിമിറ്റ് വെയ്ക്കും. എത്ര സ്വാദിഷ്ടമായാലും അല്പമേ കഴിക്കൂ. കച്ചേരികളില്‍ തിരക്കുള്ള സമയങ്ങളില്‍ ചിട്ടകള്‍ തെറ്റിയിട്ടുമുണ്ട്.

താങ്കള്‍ വായിക്കുന്ന വയലിന്‍ എത്രവര്‍ഷത്തെ പഴക്കമുണ്ട് ? 

55 വര്‍ഷത്തെ പഴക്കമുള്ള ജര്‍മ്മന്‍ നിര്‍മിത വയലിനാണ് ഞാന്‍ ഉപയോഗിക്കുന്നത്. മകള്‍ പിന്നീട് ആ വയലിന്‍ ഉപയോഗിക്കാന്‍ കൊണ്ടുപോയി. പിന്നീട് എണ്‍പതാം പിറന്നാളിനും തൊണ്ണൂറാം പിറന്നാളിനും വയലിന്‍ സമ്മാനമായി കിട്ടി. പത്തിലേറെ വയലിനുകള്‍ ഇപ്പോള്‍ കൈവശമുണ്ട്. ഇനിയെത്രകാലം അവ ഉപയോഗിക്കാന്‍ സാധിക്കുമെന്നൊന്നും നിശ്ചയമില്ല. എന്നെപ്പോലെ പ്രായാധിക്യമുള്ളവരെ ഇനിയുള്ളകാലം അവസരങ്ങള്‍ തേടിയെത്തുമോ എന്നുമറിയില്ല.

പുതിയ സിനിമാഗാനങ്ങളെക്കുറിച്ച്

മികച്ച ഒട്ടേറെ പാട്ടുകള്‍ ഉണ്ടാവുന്നു. ഞാന്‍ മിക്ക സിനിമകളും കാണാറുമുണ്ട്. നല്ല പാട്ടുകള്‍ നിലച്ചിട്ടില്ല, ഇനിയും പ്രതീക്ഷകള്‍ക്ക് വഴിയുണ്ട്.

യുഎഇ അല്ലാതെ ഏതൊക്കെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു?

ഒമാന്‍, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലും പോയി. യുഎഇയില്‍ ഏകതയുടെയടക്കം ഒട്ടേറെ സംഗീത കച്ചേരികളില്‍ വായിച്ചു.

ശിവാനന്ദലഹരി എന്ന പേരില്‍ ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്ന് കേരളത്തില്‍ നടത്തിയ താങ്കളുടെ നവതിയാഘോഷത്തെക്കുറിച്ച്

അതെ, 10 വര്‍ഷം മുന്‍പായിരുന്നു. എണ്‍പതാം ജന്മദിനത്തില്‍ ലഭിച്ച ഏറ്റവും വലിയ അംഗീകാരവും സന്തോഷവുമായി. അന്നത്തെ ആഘോഷം ചേര്‍ത്തലയിലെ എസ്.എസ്.കലാമന്ദിറിലായിരുന്നു. എന്റെ പതിറ്റാണ്ടുകള്‍ നീണ്ട സംഗീത ജീവിതത്തിന് കലാലോകം നല്‍കിയ വലിയ സമ്മാനം. സംഗീതാരാധന, വയലിന്‍ സമന്വയം, മൈസൂര്‍ നാഗരാജ്, മഞ്ചുനാഥ് എന്നിവരുടെ വയലിന്‍ ഡ്യുയറ്റ്, പൊതുസമ്മേളനം അങ്ങിനെ വിവിധ പരിപാടികള്‍, കലാലോകത്തെ ആയിരങ്ങള്‍ അന്ന് ചേര്‍ത്തലയിലെത്തി.

പുതിയ തലമുറയിലെ വയലിന്‍ സംഗീത വിദ്യാര്‍ഥികളോട്

കച്ചേരികളില്‍ വായിക്കുമ്പോള്‍ ആത്മാര്‍ഥത പുലര്‍ത്തണം. കാരണം മറ്റൊരാളുടെ കൈയിലിരിക്കുന്ന പണമാണ് നമ്മള്‍ക്ക് പ്രതിഫലമായി തരുന്നത്. ആ പണത്തോട് കൂറുപുലര്‍ത്തണം. നന്നായി വായിക്കുക മാത്രമല്ല നന്നായി എല്ലാവരോടും പെരുമാറുകയും സ്‌നേഹിക്കുകയും വേണം. സമയക്ലിപ്തതയും പാലിക്കണം. 10 മണിക്ക് എത്തണമെന്ന് സംഘാടകര്‍ ആവശ്യപ്പെട്ടാല്‍ 10 മണിക്ക് എത്തണം. അതേപോലെ പഠിപ്പിക്കുമ്പോഴും ഇതേ ആത്മാര്‍ഥത വേണം. പ്രധാനമായും പറയാനുള്ളത് മദ്യപിച്ചുകൊണ്ടും ലഹരി ഉപയോഗിച്ചുകൊണ്ടും സംഗീതത്തെ ഉപയോഗപ്പെടുത്തരുത്. ജീവിതത്തില്‍ നല്ല ശീലം പുലര്‍ത്താന്‍ ശ്രമിക്കണം.

നെടുമങ്ങാട് ശിവാനന്ദന്‍, ഭാര്യ വിലാസിനി

വിവാഹം, കുടുംബം ?

1960 മേയ് എട്ടിന് പട്ടണക്കാട് ഉഴുവകറുകശ്ശേരി വേലായുധന്‍ നായരുടെയും ഗൗരിയമ്മയുടെയും മകളായ വിലാസിനിയെയാണ് വിവാഹം ചെയ്തത്. സംഗീതംപോലെ സന്തോഷത്തോടെ കുടുംബ ജീവിതവും ആസ്വദിക്കുന്നു. ഭാര്യയാണ് ജീവിതവെളിച്ചം. അന്നുതൊട്ടിന്നുവരെ എന്റെ ജീവിതത്തിനു ഊടും പാവുമായത് വിലാസിനിയാണ്. സംഗീതത്തേക്കാള്‍ അവര്‍ സ്‌നേഹിക്കുന്നത് വായനയെയാണ്. എത്രവായിച്ചാലും മതിവരാത്ത പ്രകൃതം. ഇക്കാലത്തിനിടയില്‍ എത്ര വായിച്ചുകൂട്ടിയെന്നത് യാതൊരു നിശ്ചയവുമില്ല. ഞാന്‍ ഉടുത്തൊരുങ്ങി നടക്കുന്നുവെന്നുമാത്രം, ഉടുപ്പ് തിരഞ്ഞെടുക്കുന്നതെല്ലാം അന്നുമിന്നും ഭാര്യയാണ്. എന്റെ ആരോഗ്യവും നിലനില്‍പ്പും ഭാര്യയാണെന്നും പറയാം. ഉയര്‍ച്ചയുടെ പടവുകള്‍ ചവുട്ടിക്കയറാന്‍ പ്രേരകമായത് ഭാര്യയാണെന്ന് ഉറപ്പിച്ചുപറയും. ഞങ്ങള്‍ തമ്മില്‍ ആറു വയസ്സിന്റെ വ്യത്യാസമുണ്ട്. തമിഴ്നാട്ടിലെ ഒരു ക്ഷേത്രത്തില്‍വെച്ച് ഞങ്ങള്‍ 'വീണ്ടും വിവാഹിതരായി' എന്നതും സന്തോഷകരമായ അനുഭവമാണ്.

മക്കള്‍: സതീഷ് ബാബു ഐ.ടി. മേഖലയിലാണ്. മറ്റൊരു മകന്‍ സന്തോഷ് ഫാര്‍മസിസ്റ്റാണ്. മകള്‍ ഡോ.സിന്ധു കോളേജ് റിട്ടയേര്‍ഡ് അധ്യാപികയുമാണ്.പാട്ടില്‍ എ ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്.

Content Highlights: gulf feature