ജൈറ്റെക്‌സ് 2024: ആഗോള സുസ്ഥിരത സാങ്കേതികതയിലൂടെ...

#വനിത

മനുഷ്യര്‍ക്ക് വേണ്ടി ഇനി ലോകത്തെയും സംവിധാനങ്ങളെയും എല്ലാം നിയന്ത്രിക്കുക നിര്‍മിതബുദ്ധിയായിരിക്കും എന്നുപറഞ്ഞാല്‍ പൂര്‍ണമായും വിശ്വസിക്കാന്‍ ഇപ്പോള്‍ സാധിച്ചെന്നുവരില്ല. കാരണം നമുക്ക് പൂര്‍ണമായും മനസിലാകാത്ത നിരവധി കാര്യങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. എന്നാല്‍ ആ സംശയങ്ങള്‍ക്ക് പൂര്‍ണവും ശാസ്ത്രീയവുമായ മറുപടികളാണ് സാങ്കേതിക രംഗങ്ങളിലെ നവീനാശയങ്ങള്‍ പങ്കുവെക്കുന്ന ജൈറ്റെക്‌സ് 2024 മുന്നോട്ടുവെക്കുന്നത്.

മിഡിലീസ്റ്റിന്റെ ചരിത്രം തന്നെ വാണിജ്യ വ്യവസായ മേഖലയുമായി ഇഴചേര്‍ന്നുകിടക്കുന്നതാണ്. പരിമിതമായ ഭൗതിക സാഹചര്യങ്ങളില്‍ നിന്നും ഒരു മേഖല എങ്ങനെ സാമ്പത്തികമായ മേല്‍ക്കൈ നേടിയെടുത്ത് മുന്നേറുവെന്നുവെന്നത് അതി ബൃഹത്തായ ഒരു പാഠ്യവിഷയമായി ഇന്നും നിലനില്‍ക്കുന്നു. 1962 ലെ ഒരു ഉഷ്ണകാലത്ത്    ആദ്യമായി അബുദാബിയില്‍ നിന്നും എണ്ണ വഹിച്ചുകൊണ്ടുള്ള ബ്രിട്ടീഷ് സിഗ്‌നല്‍ എന്ന കപ്പല്‍ ദാസ് ഐലന്റില്‍ നിന്നും യൂറോപ്പിലേക്ക് യാത്രയാകുന്നു. അതിന്റെ ചുവടുപിടിച്ച് യു.എ.ഇയെക്കുറിച്ച് യൂറോപ്യന്‍ മാധ്യമങ്ങള്‍ തുടരെത്തുടരെ ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുന്നു. ലോക മാധ്യമരംഗങ്ങളില്‍ ആദ്യമായി ഈ രാജ്യം ചര്‍ച്ചാവിഷയമാകുന്നത് അപ്പോഴാണ്. സമഗ്രമായ പ്രകൃതി വിഭവങ്ങളോ, മറ്റ് അനുകൂലഘടകങ്ങളോ ഇല്ലാതിരുന്നിട്ടും രാജ്യം പതിയെപ്പതിയെ എണ്ണയുടെ പിന്‍ബലത്തില്‍ അഭിവൃദ്ധിയിലേക്ക് ചുവടുവെക്കുവാന്‍ ആരംഭിച്ചു.

യു.എ.ഇ ഇപ്പോള്‍ വീണ്ടും ലോക മാധ്യമങ്ങളുടെ ചര്‍ച്ചാവിഷയമാകുകയാണ്. ജൈറ്റെക്‌സ് 2024 മുന്നോട്ടുവെക്കുന്ന ആശയങ്ങളിലൂടെ, അവതരിപ്പിച്ച പദ്ധതികളിലൂടെ. അബുദാബിയില്‍ നിന്നും എണ്ണയുമായി യൂറോപ്പിലേക്ക് കപ്പല്‍ യാത്രതിരിച്ച് 62 വര്‍ഷങ്ങള്‍ക്ക് ശേഷം. ഇതിനിടയില്‍ ലോകത്തെ അമ്പരപ്പിക്കുന്ന പലതും യു.എ.ഇയുടെ നേതൃത്വത്തില്‍ സാധ്യമാക്കാനായി. എന്നാല്‍ ജൈറ്റെക്‌സ് 2024 മുന്നോട്ടുവെക്കുന്ന നവീനാശയങ്ങള്‍ അടുത്ത നൂറുവര്‍ഷത്തെ യു.എ.ഇയുടെ മാത്രമല്ല, ലോകത്തിന്റെ തന്നെ ഗതി മാറ്റിമറിക്കും വിധത്തിലുള്ളതാണ്. നിര്‍മിതബുദ്ധിയെന്ന സാങ്കേതികതയുടെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തിക്കൊണ്ട് അടിസ്ഥാന സൗകര്യവികസനം, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങി സമസ്തമേഖലയിലും വരാനിരിക്കുന്ന പരിവര്‍ത്തനങ്ങളാണ് ചര്‍ച്ചാവിഷയമായത്.

ആംസ്റ്റര്‍ഡാമിലെ ദി എഡ്ജ് ബില്‍ഡിങ്ങാണ് ലോകത്തിലെ ഏറ്റവും സ്മാര്‍ട്ട് സിറ്റി സംവിധാനമായി കണക്കാക്കുന്നത്. 28,000 സെന്‍സറുകള്‍ നിയന്ത്രിക്കുന്ന ആ നഗരമാതൃക ഏറ്റവും സുസ്ഥിരവും പുനരുത്പാദക ഊര്‍ജശേഷിയില്‍ പ്രവര്‍ത്തിക്കുന്നതുമാണ്. ജൈറ്റെക്‌സ് യു.എ.ഇ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ഈ സംവിധാനങ്ങളോട് കിടപിടിക്കുന്നതാണ്. പൗരന്മാരുടെ ജീവിതവും ശീലങ്ങളും രീതികളും ട്രാക്ക് ചെയ്ത് ഏറ്റവും സുഖകരമായ ജീവിത, തൊഴില്‍ സാഹചര്യങ്ങള്‍ ഉറപ്പാക്കുന്ന രീതിയാണ് അവലംബിക്കുക.

ഒരാളുടെ കൈ സ്‌കാന്‍ ചെയ്താല്‍ അക്കൗണ്ടിലെ പണം എത്രയുണ്ടെന്ന് മനസിലാക്കാന്‍ പറ്റുന്ന കാലത്തിലേക്കുള്ള പോക്കിനാണ് ജൈറ്റെക്‌സ് സാധ്യതകള്‍ തുറന്നിടുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ ഇടപാടുകള്‍ പൂര്‍ണമായും മാറും. പകരം ഇടപാടുകള്‍ക്ക് വ്യക്തികളുടെ കൈവിരലുകള്‍ മാത്രം സ്‌കാന്‍ ചെയ്താല്‍ മതിയാകും. ബയോമെട്രിക് സംവിധാനങ്ങളുടെ സാധ്യതകള്‍ ഇതിനകം തന്നെ വിമാനത്താവളങ്ങളിലെ ഇടപാടുകള്‍ ഏറെ എളുപ്പമാക്കിയിരുന്നു. എന്നാല്‍ അതിനും നാലുമുഴം മുന്നിലേക്കുള്ള വഴികളാണ് കൈപ്പത്തി സ്‌കാനിങ്ങിലൂടെ നടപ്പാക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്റ് പോര്‍ട്ട് സെക്യൂരിറ്റിയുടെ മേല്‍നോട്ടത്തിലാണ് 'പാം ഐഡി' എന്ന പദ്ധതി വികസിപ്പിക്കുന്നത്. ഒരു വ്യക്തിക്ക് അടിസ്ഥാന രേഖകളൊന്നും കൈവശം സൂക്ഷിക്കാതെ തന്നെ പുറത്തിറങ്ങി ഇടപാടുകള്‍ നടത്താവുന്ന രീതിയായിരിക്കുമത്. കൈവീശിപ്പോയി കൈകാണിച്ച് എ.ടി.എം മെഷീനില്‍ നിന്നും പണവുമായി മടങ്ങിയെത്താന്‍ ഉടന്‍ തന്നെ ജനങ്ങള്‍ക്ക് അവസരമൊരുങ്ങുമെന്ന് സാരം.

റോഡിലെ ഗതാഗതക്കുരുക്കില്‍ നിന്നും പുറത്ത് കടക്കാന്‍ സഹായിക്കുന്ന ഇലക്ട്രിക് പോഡുകളാണ് ജൈറ്റെക്സിലെ മറ്റൊരു കൗതുകക്കാഴ്ച്ച. ഇതിനകം തന്നെ ഗതാഗതവകുപ്പ് ഈ നവീനസംവിധാനത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നെങ്കിലും അതിന്റെ പ്രവര്‍ത്തനരീതികളും സാങ്കേതികതയും ജൈറ്റെക്‌സില്‍ വിശദമാക്കി. എട്ടുപേര്‍ക്ക് യാത്രചെയ്യാവുന്ന സംവിധാനമാണിത്. പ്രധാന റോഡുകള്‍ക്ക് മുകളില്‍ സമഗ്ര റെയില്‍ നെറ്റ്വര്‍ക്ക് ഒരുക്കിയാണ് ഇത് പ്രവര്‍ത്തിക്കുക.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടക്കുന്ന സാങ്കേതിക മുന്നേറ്റങ്ങള്‍ പങ്കുവയ്ക്കാന്‍ ഇതിലും നല്ലൊരു വേദി എവിടെയുമില്ല. 180 ല്‍ അധികം രാജ്യങ്ങളാണ് ജൈറ്റെക്സിന്റെ ഭാഗമായത്. 1800 ഓളം നവീന സ്റ്റാര്‍ട്ട്അപ്പുകള്‍ ഇവിടെ അവതരണം നടത്തി. 6500 പ്രദര്‍ശകര്‍ ജൈറ്റെക്‌സ് 2024 ന്റെ ഭാഗമായി. പല കോണുകളില്‍ നിന്നുള്ള നിക്ഷേപകരാണ് ഇവിടേക്ക് എത്തിയത്.

ലോകരാജ്യങ്ങള്‍ വികസനപാതയില്‍ കുറേയധികം മുന്നോട്ടുപോയതിന് ശേഷമാണ് യു.എ.ഇയുടെ വികസനം ത്വരിതഗതിയിലേക്ക് കടക്കുന്നത്. അറുപതുകളുടെ തുടക്കം രണ്ടാം ലോകമഹായുദ്ധകാലത്തെ പഴയ ഡെക്കോട്ട, ഹുറോണ്‍സ് വിമാനങ്ങളാണ് യു.എ.ഇയില്‍ ആദ്യമായി സര്‍വീസ് നടത്തുന്നത്. അബുദാബി , ഷാര്‍ജ, ബഹ്റൈന്‍ റൂട്ടിലായിരുന്നു സര്‍വീസ്. എന്‍ജിനുകളുടെ സഹിക്കാനാകാത്ത ശബ്ദവും ചൂടും മൂലമുണ്ടാകുന്ന ശാരീരികമായ അസ്വസ്ഥതകള്‍ സഹിച്ചും യാത്രകള്‍ നടത്തി, ആകാശ യാത്രകള്‍ തങ്ങള്‍ക്കുമുന്നില്‍ തുറന്നിട്ടേക്കാവുന്ന സാധ്യതകളെ മാത്രം മുന്നില്‍ക്കണ്ടവരാണ് ഈ നാട്ടിലെ പൗരന്മാര്‍. ഇന്ന് ജൈറ്റെക്‌സ് മുന്നോട്ടുവെക്കുന്ന സാങ്കേതികതകള്‍ ലോകത്തെ മുഴുവനും ബന്ധപ്പെടുത്തിക്കൊണ്ടുള്ള സുസ്ഥിരവും സമഗ്രവുമായ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളാണ്. അടുത്ത നൂറുവര്‍ഷത്തെ മാറ്റങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടുള്ളത്. ലോക ഗതിക്കൊപ്പമോ, അതിനേക്കാള്‍ ഒരല്‍പം നേരത്തെയോ ആണ് യു.എ.ഇയുടെ യാത്രയും... 


 

Content Highlights: Gitex Global 2024