നൂറ് കോടിയുടെ കോഴക്കേസ്: അൻപിൽ മഹേഷ് അറസ്റ്റിൽ

ചെന്നൈ : നൂറുകോടിയുടെ കോഴക്കേസുമായി ബന്ധപ്പെട്ട് തമിഴ്നാട് മുൻ സ്കൂൾ വിദ്യാഭ്യാസ മന്ത്രി അൻപിൽ മഹേഷ് പൊയ്യാമൊഴിയെ തമിഴ്നാട് പോലീസിന്റെ സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി.) അറസ്റ്റ് ചെയ്തു.
മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയതിനു പിന്നാലെ, തിങ്കളാഴ്ച വൈകീട്ടോടെയാണ് അമിഞ്ചിക്കരയിലെ ഫ്ളാറ്റിൽനിന്ന് അൻപിൽ മഹേഷിനെ അറസ്റ്റ് ചെയ്തത്.
ജാമ്യഹർജി കോടതി പരിഗണിച്ചപ്പോൾ അന്വേഷണത്തിൽനിന്ന് രക്ഷപ്പെടാനുള്ള ശ്രമമാണിതെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു. കേസിലെ രണ്ടാം പ്രതി മുത്തുകുമാറിന്റെ ഡ്രൈവർ സുരേഷ് വഴി പണം കൈമാറിയതിനു ഫോട്ടോകൾ തെളിവായുണ്ടെന്നും ഇതിനകം അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചിട്ടുള്ള അൻപിൽ മഹേഷ് ഇനിയും തെളിവുകൾ നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ സാധ്യതയുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടർ പറഞ്ഞു. ഇതേത്തുടർന്ന് ജസ്റ്റിസ് വി. ലക്ഷ്മിനാരായണന്റെ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
സ്വകാര്യ സ്കൂളുകൾക്ക് സ്ഥിരാംഗീകാരം നൽകുന്നതുൾപ്പെടെ പല ആനൂകൂല്യങ്ങളും വാഗ്ദാനം ചെയ്ത് അൻപിൽ മഹേഷും കൂട്ടാളികളും വിവിധ സ്കൂൾ മാനേജ്മെന്റുകളിൽനിന്ന് 100 കോടി രൂപ വരെ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.
ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് പ്രൈവറ്റ് സ്കൂൾസ് ഇൻ തമിഴ്നാട് എന്ന സംഘടനയുടെ സെക്രട്ടറി ഡി.സി. ഇളങ്കോവനാണ് പരാതി നൽകിയത്.
കേസിൽ തമിഴ്നാട് പ്രൈവറ്റ് സ്കൂൾ അസോസിയേഷൻ പ്രസിഡന്റ് ബി.ടി. അരസുകുമാർ നേരത്തേ അറസ്റ്റിലായിട്ടുണ്ട്. ഡി.എം.കെ. പാർട്ടി ഫണ്ടിന്റെ മറവിൽ പണം പിരിച്ചെടുത്തതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിലെ 177 സ്കൂളുകളിൽ ഇപ്പോഴും അന്വേഷണം തുടരുന്നുണ്ട്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.