പൂനമല്ലി-വടപളനി പാതയിൽ 10 മിനിറ്റ് ഇടവേളയിൽ സർവീസ്

ചെന്നൈ : പൂനമല്ലി ബൈപാസുമുതൽ വടപളനിവരെയുള്ള മെട്രോ പാതയിൽ സർവീസ് തുടങ്ങുന്നതോടെ നഗരത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ളവർക്ക് മറ്റു സ്ഥലങ്ങളിലേക്കുള്ള യാത്ര എളുപ്പമാവും. 15 മെട്രോ വണ്ടികൾ 10 മിനിറ്റ് ഇടവേളയിലാണ് ഇവിടെ ഓടുക. മൂന്നു കോച്ചു വീതമുള്ള ഓരോ വണ്ടിയിലും 900 പേർക്ക് യാത്രചെയ്യാൻ കഴിയും.

ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിൽ മൂന്നുപാതകളുടെ നിർമാണമാണ് നടക്കുന്നത്. പൂനമല്ലി ബൈപ്പാസുമുതൽ ലൈറ്റ് ഹൗസ് വരെയുള്ള യെല്ലോ ലൈൻ, മാധാവരം മിൽക്ക് കോളനിമുതൽ സിരുസേരി സിപ്‌കോട്ട് വരെയുള്ള പർപ്പിൾ ലൈൻ, മാധാവരം മിൽക് കോളനിമുതൽ ഷോളിംഗനല്ലൂർ വരെയുള്ള റെഡ് ലൈൻ. 26.1 കിലോമീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈനിൽ പൂനമല്ലിമുതൽ വടപളനിവരെയുള്ള 14.6 കിലോമീറ്റർ പാതയുടെ നിർമാണമാണ് പൂർത്തിയായത്.

പാതയുടെ ഉദ്ഘാടനം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന പ്രതീക്ഷയിൽ അവസാനവട്ടം പ്രവർത്തനങ്ങൾ തിരക്കുപിടിച്ചു നടക്കുകയാണ്. വടപളനി സ്റ്റേഷന്റെ ഒരു കവാടത്തിന്റേതുൾപ്പെടെ ഇനിയും ചില പണികൾ പൂർത്തിയാവാനുണ്ട്. ഇതു തുറക്കുന്നതോടെ പൂനമല്ലിയിൽനിന്ന് വടപളനിയിലേക്ക് 30 മിനിറ്റുകൊണ്ട് എത്തിച്ചേരാൻ കഴിയും. വടപളനിയിൽനിന്ന് നിലവിലുള്ള പാതയിലൂടെ ചെന്നൈ സെൻട്രലിലേക്കും സെയ്ന്റ് തോമസ് മൗണ്ടിലേക്കും എത്തിച്ചേരാം. അണ്ണാ നഗർ, ഷേണായ് നഗർ, തിരുവൊട്ടിയൂർ, കിൽപ്പാക്കം മേഖലകളിലുള്ളവർക്ക് പ്രയോജനം ചെയ്യും.

ഉദ്ഘാടനത്തിന് ഒരുങ്ങുന്ന പാതയിൽ മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗത്തിൽ വണ്ടിയോടിക്കാൻ കഴിയുമെങ്കിലും ശരാശരി വേഗം 32 കിലോമീറ്ററായിരിക്കും.

രണ്ട് വളവുകളിൽ വേഗം കുറയ്‌ക്കേണ്ടി വരുമെന്നതുകൊണ്ടാണ് ഇത്. പൂനമല്ലി ബൈപ്പാസ്, പൂനമല്ലി, മുല്ലത്തോട്ടം, കരയൻചാവഡി, കുമനൻചാവഡി, കാട്ടുപ്പാക്കം, അയ്യപ്പൻതാങ്ങൾ, തെള്ളിയരഗരം, പോരൂർ ബൈപ്പാസ്, പോരൂർ ജങ്ഷൻ, ആലപ്പാക്കം, കാരമ്പാക്കം, വത്സരവാക്കം, ആൾവാർതിരുനഗർ, സാലിഗ്രാമം വെയർഹൗസ്, സാലിഗ്രാമം എന്നീ സ്‌റ്റേഷനുകളാണ് ഈ പാതയിലുള്ളത്. 40 രൂപ മുതൽ 50 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.

ഡ്രൈവറില്ലാത്ത സർവീസുകളാണ് രണ്ടാം ഘട്ടത്തിൽ ഉദ്ദേശിക്കുന്നത്.

എന്നാൽ തുടക്കത്തിൽ ഡ്രൈവറായിരിക്കും ഇവ ഓടിക്കുക. അടുത്ത വർഷം പകുതിയോടെ ഡ്രൈവറില്ലാ യാത്ര തുടങ്ങാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.