ചെന്നൈ നഗര വികസനം: സി.എം.ഡി.എ.യുടെ മൂന്നാം മാസ്റ്റർ പ്ലാൻ 2027-ൽ

ചെന്നൈ : ചെന്നൈ മെട്രപൊളിറ്റൻ ഡിവലപ്മെന്റ് അതോറിറ്റി (സി.എം.ഡി.എ.)യുടെ മൂന്നാം മാസ്റ്റർ പ്ലാൻ (2027-47) അടുത്തവർഷം പുറത്തിറക്കും.
ഈ വർഷം ജനുവരിയിൽ പുറത്തിറക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും അന്താരാഷ്ട്ര ഏജൻസികളുടെ അവലോകനം ഉൾപ്പെടെയുള്ള വിവിധ നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാൽ മാസ്റ്റർ പ്ലാൻ ഔദ്യോഗികമായി പുറത്തിറക്കുന്നത് 2027-ലേക്ക് നീളുമെന്ന് സി.എം.ഡി.എ. ഉദ്യോഗസ്ഥർ വ്യക്തമാക്കി. ചെന്നൈയുടെ സമഗ്ര വികസനം സാധ്യമാക്കുന്ന രീതിയിലാണ് മൂന്നാം മാസ്റ്റർ തയ്യാറാക്കുന്നത്.
കൂടുതൽ മെട്രോ റെയിൽ ഇടനാഴികൾ നിർമിക്കുന്നത് സംബന്ധിച്ച് മാസ്റ്റർ പ്ലാനിൽ രൂപരേഖ തയ്യാറാക്കും. ഗിണ്ടി, ഒ.എം.ആർ. എന്നീ വാണിജ്യ കേന്ദ്രങ്ങളിൽ കെട്ടിടങ്ങളുടെ ഉയരവും വ്യാപ്തിയും വർധിപ്പിക്കും.
ചെന്നൈ ജില്ലയും തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട് ജില്ലകളുടെ ചില ഭാഗങ്ങളും ഉൾപ്പെടുന്ന 1,189 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ കേന്ദ്രീകരിച്ചാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്. 2008-ലാണ് രണ്ടാം മാസ്റ്റർ പ്ലാൻ പുറത്തിറക്കിയത്.
2027 മുതൽ 2047 വരെയുള്ള രണ്ടു പതിറ്റാണ്ടു കാലത്തെ വികസനം ലക്ഷ്യമാക്കിയാണ് മൂന്നാം മാസ്റ്റർ പ്ലാൻ പുറത്തിറക്കുന്നത്. അന്താരാഷ്ട്ര ഏജൻസികളെ ഉൾപ്പെടുത്തിയുള്ള അവലോകനം കഴിഞ്ഞാൽ കരട് പദ്ധതി പൊതുജനങ്ങളുടെ അഭിപ്രായങ്ങൾക്കും ആക്ഷേപങ്ങൾക്കുമായി സമർപ്പിക്കും.
മൂന്നാം മാസ്റ്റർ പ്ലാൻ പ്രകാരം റോഡ് ഗതാഗതം കൂടുതൽ സുഗമമാക്കും. നിലവിലുള്ള വിവിധ റോഡുകളെ ബന്ധിപ്പിച്ച് ഏറ്റവും എളുപ്പത്തിൽ ജനങ്ങൾക്ക് ലക്ഷ്യസ്ഥാനത്തേക്ക് എത്താവുന്ന രീതിയിൽ വികസിപ്പിക്കും.
നഗരത്തെയും മറ്റ് ജില്ലകളെയും ബന്ധിപ്പിച്ചുകെണ്ട് പുതിയ റോഡുകൾ നിർമിക്കും. ഏറ്റവും കൂടുതൽ ഗതാഗത തടസ്സമുണ്ടാകുന്ന റോഡുകളുടെ വീതികൂട്ടാനും വളവുകൾ ഇല്ലാതാക്കാനുമുള്ള പദ്ധതി തയ്യാറാക്കും.
സ്വകാര്യ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരെ പൊതുഗതാഗത സംവിധാനത്തിലേക്ക് മാറ്റുകയെന്നതാണ് മറ്റൊരു ലക്ഷ്യം. ഇത് റോഡിലെ തിരക്ക് കുറയ്ക്കാൻ സഹായകരമാകും. ബസുകൾ, സബർബൻ തീവണ്ടികൾ, മെട്രോ തീവണ്ടികൾ എന്നിവയിൽ സഞ്ചരിക്കുന്നവരുടെ എണ്ണം വർധിപ്പിക്കാൻ ആവശ്യമായ പദ്ധതികൾ ആവിഷ്കരിക്കും.
വർധിച്ചുവരുന്ന ജനസംഖ്യ കണക്കിലെടുത്ത് കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുന്നതിനും വിതരണം കാര്യക്ഷമമാക്കുന്നതിനും ശാസ്ത്രീയമായി പഠിച്ച് പദ്ധതി തയ്യാറാക്കാൻ വിദഗ്ധരടങ്ങിയ കമ്മിറ്റിയെ നിയോഗിക്കും.
നഗരത്തിൽ പുതിയ കെട്ടിടങ്ങൾ അനുവദിക്കുമ്പോൾ അവിടുത്തെ കുടിവെള്ള വിതരണ ശൃംഖലയ്ക്കും ഓവുചാലുകളുടെ ശേഷിയും സി.എം.ഡി.എ. ശാസ്ത്രീയമായി പരിശോധിക്കും.
സി.എം.ഡി.എ. പുതുതായി ഉൾപ്പെടുത്തിയ ഉൾപ്രദേശങ്ങളിലേക്ക് ചെന്നൈ മെട്രോവാട്ടറിന്റെ സഹകരണത്തോടെ പൈപ്പ് ലൈൻ വഴിയുള്ള കുടിവെള്ള വിതരണവും ഭൂഗർഭ മലിനജല നിവാരണ സംവിധാനങ്ങളും ഘട്ടങ്ങളായി വ്യാപിപ്പിക്കും.