കാലവർഷം സജീവമായി; ചെന്നൈയിൽ കനത്തമഴ

ചെന്നൈ : തമിഴ്നാട്ടിൽ വടക്കുകിഴക്കൻ കാലവർഷം സജീവമായി. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കനത്തമഴ ലഭിച്ചു തുടങ്ങി. ചെന്നൈയിലും സമീപ ജില്ലകളിലുമാണ് ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത്. മുൻകരുതലിന്റെ ഭാഗമായി ഞായറാഴ്ച ചെന്നൈയിൽ ചുവപ്പുജാഗ്രത പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ചു. ശനിയാഴ്ച വൈകീട്ടോടെയാണ് നഗരത്തിൽ മഴ ശക്തമായത്.
പലയിടങ്ങളിലും വെള്ളക്കെട്ടും രൂക്ഷമായ ഗതാഗത തടസ്സവുമുണ്ടായി. ആറുമുതൽ പത്തു സെന്റീമീറ്റർ വരെയാണ് മഴ രേഖപ്പെടുത്തിയത്. കാലവർഷത്തിന്റെ ആദ്യഘട്ടം ആരംഭിച്ചതായി ഞായറാഴ്ച കാലാവസ്ഥാ കേന്ദ്രം ഔദ്യോഗികമായി അറിയിച്ചതോടെ സർക്കാരും നടപടികൾ ശക്തിപ്പെടുത്തി. ശനിയാഴ്ച കാഞ്ചീപുരം ജില്ലയിലെ ഉദിരമേരൂരിൽ 15 സെന്റീമീറ്ററും കള്ളക്കുറിച്ചിയിലെ മണലൂർപേട്ടിൽ 12 സെന്റീമീറ്ററും മഴ ലഭിച്ചു.
ചെന്നൈ, തിരുവള്ളൂർ, ചെങ്കൽപ്പെട്ട്, കാഞ്ചീപുരം, കടലൂർ, തിരുച്ചിറപ്പള്ളി തുടങ്ങി 17 ജില്ലകൾക്ക് 23 വരെ മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ചെന്നൈ, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ, കാഞ്ചീപുരം, വിഴുപുരം, കടലൂർ, മയിലാടുതുറൈ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട, രാമനാഥപുരം, ശിവഗംഗ, തൂത്തുക്കുടി, നീലഗിരി, കോയമ്പത്തൂർ, തിരുനെൽവേലി ജില്ലകളിൽ വ്യാപകമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. പുതുച്ചേരിയിലും കാരയ്ക്കലിലും കനത്ത മഴയ്ക്കു സാധ്യതയുണ്ട്.