സേവാജ്യോതി യാത്രനടത്തി ബി.ജെ.പി.

ഭരണനേതൃത്വത്തിൽ മോദിയുടെ 25 വർഷം
ബെംഗളൂരു : പ്രധാനമന്ത്രി നരേന്ദ്രമോദി ഭരണനേതൃത്വത്തിലെത്തിയതിന്റെ 25-ാം വാർഷികത്തിന്റെ ഭാഗമായി കർണാടക ബി.ജെ.പി. ബെംഗളൂരുവിൽ സേവാജ്യോതിയാത്ര സംഘടിപ്പിച്ചു. സേവാ സങ്കല്പ അഭിയാന്റെ ഭാഗമായായിരുന്നു യാത്ര. യാത്രയുടെ സമാപനസമ്മേളനം ബി.ജെ.പി. കേന്ദ്ര പാർലമെന്ററി ബോർഡ് അംഗവും മുൻമുഖ്യമന്ത്രിയുമായ ബി.എസ്. യെദ്യൂരപ്പ ഉദ്ഘാടനംചെയ്തു.
സമൂഹത്തിലെ ഏറ്റവും താഴെത്തട്ടിലുള്ളവരെ ഉയർത്തിക്കൊണ്ടുവരാൻ ലക്ഷ്യമിട്ടുള്ള അന്ത്യോദയ ആശയത്തിലൂന്നിയുള്ള നരേന്ദ്രമോദിയുടെ പ്രവർത്തനം തങ്ങളെപ്പോലുള്ളവർക്ക് മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.
മോദിയുടെ നേട്ടങ്ങളും സേവനപ്രവർത്തനങ്ങളും തങ്ങളുടെ പാതയെ പ്രകാശിപ്പിക്കുന്ന വെളിച്ചമെന്നും കൂട്ടിച്ചേർത്തു. 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രിയായും പിന്നീട് 12 വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായും അദ്ദേഹം രാഷ്ട്രത്തിന് നൽകിയ സേവനം അതുല്യമാണെന്നും യെദ്യൂരപ്പ പറഞ്ഞു. കേന്ദ്രമന്ത്രി ശോഭാ കരന്തലജെ, എം.പി.മാരായ പി.സി. മോഹൻ, തേജസ്വി സൂര്യ, രാജ്യസഭാംഗം ജഗ്ഗേഷ്, മുൻ ഉപമുഖ്യമന്ത്രി സി.എൻ. അശ്വത് നാരായണൻ, മുൻമന്ത്രിമാരായ സുരേഷ് കുമാർ, ഗോപാലയ്യ തുടങ്ങിയവരും പങ്കെടുത്തു.