ഇനി ശുഭയാത്ര.... ബി.എം.ടി.സി. മൊബൈൽ ആപ്പ് സജ്ജം

ബെംഗളൂരു : നഗരത്തിലെ പൊതുഗതാഗത സംവിധാനം ലളിതവും വേഗമേറിയതും കൂടുതൽ ഡിജിറ്റലുമാക്കാൻ ‘നമ്മ ബി.എം.ടി.സി. മൊബൈൽ ആപ്പ് 2.0’ സജ്ജം.

ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.) വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാണ്.

യാത്രക്കാർക്ക് ബി.എം.ടി.സി. ബസുകൾക്കും മെട്രോ ട്രെയിനിനും ഈ ഒരൊറ്റ ആപ്പിലൂടെ ടിക്കറ്റ് എടുക്കാൻ സാധിക്കുമെന്നതാണ് എറ്റവും വലിയ സവിശേഷത.

ആപ്പ് മൊബൈൽ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.ആപ്പിന്റെ ഉദ്ഘാടനം വിധാൻ സൗധ ബാങ്ക്വറ്റ് ഹാളിൽ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നിർവഹിച്ചു. ചടങ്ങിൽ ഉപ മുഖ്യമന്ത്രി ഡോ. ജി. പരമേശ്വര, ഗതാഗത മന്ത്രി ബി.എസ്. സുരേഷ് ബൈരതി എന്നിവരുമുണ്ടായിരുന്നു.

ആപ്പിന്റെ പ്രധാന സവിശേഷതകൾ

യാത്രക്കാർക്ക് ബസിന്റെ തത്സമയ ലൊക്കേഷൻ, എത്തിച്ചേരൽ സമയം, റൂട്ട്, സ്റ്റോപ്പ് തിരിച്ചുള്ള വിവരങ്ങൾ എന്നിവ അറിയാൻ കഴിയും

സമീപത്തുള്ള ബസ് സ്റ്റോപ്പുകളെ കുറിച്ചുള്ള വിവരം

ആപ്പ് വഴി സൗകര്യപ്രദമായി ഡിജിറ്റൽ ടിക്കറ്റുകൾ വാങ്ങാനും ഇവ ഉപയോഗിച്ച് യാത്ര ചെയ്യാനും കഴിയും

യാത്രക്കാർക്ക് ബി.എം.ടി.സി. ബസുകൾക്കും മെട്രോ ട്രെയിനിനും ഈ ഒരൊറ്റ ആപ്പിലൂടെ ടിക്കറ്റ് എടുക്കാൻ സാധിക്കും

വ്യത്യസ്ത ബി.എം.ടി.സി. ബസ് പാസുകൾ വാങ്ങാനാകും

കന്നഡയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്.