അമ്മയെത്തി; ബ്രഹ്മസ്ഥാന മഹോത്സവത്തിന് ഇന്ന് തുടക്കം

ബെംഗളൂരു : ബെംഗളൂരുവിലെ ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് മുഖ്യ കാർമികത്വം വഹിക്കാൻ മാതാ അമൃതാനന്ദമയി എത്തി. ജ്ഞാനഭാരതി സെക്കൻഡ് സ്റ്റേജിലെ അമൃത വിദ്യാലയത്തോടു ചേർന്നുള്ള ബ്രഹ്മസ്ഥാനത്ത് എത്തിയ അമൃതാനന്ദമയിയെ ഭക്തർ പൂർണകുംഭം നൽകി സ്വീകരിച്ചു. ഏഴ് വർഷത്തിനുശേഷമാണ് അമൃതാനന്ദമയി നഗരത്തിലെത്തിയത്.
മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിർന്ന സന്ന്യാസശിഷ്യരും ഒട്ടേറെ ബ്രഹ്മചാരി-ബ്രഹ്മചാരിണിമാരും ആശ്രമ അന്തേവാസികളും അമ്മയോടൊപ്പം എത്തിയിട്ടുണ്ട്. മൈസൂരുവിലെ ബ്രഹ്മസ്ഥാന മഹോത്സവം പൂർത്തിയായതിനുശേഷമാണ് ബെംഗളൂരുവിലെത്തിയത്.
ബെംഗളൂരുവിലെ മാതാ അമൃതാനന്ദമയീ മഠം മഠാധിപതി ബ്രഹ്മചാരി ആത്മനിരതാമൃത ചൈതന്യയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. രണ്ടുദിവസത്തെ മഹോത്സവത്തിന് വെള്ളിയാഴ്ച രാവിലെ 11-ന് തുടക്കം കുറിക്കും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ, എസ്.ടി. സോമശേഖർ എം.എൽ.എ. എന്നിവർ പങ്കെടുക്കും. വിശിഷ്ട വ്യക്തികൾ അമ്മയെ ഹാരാർപ്പണം ചെയ്യും. പിന്നീട് അമ്മയുടെ നേതൃത്വത്തിൽ ധ്യാനം, സത്സംഗം, ഭജന എന്നിവയും തുടർന്ന് ദർശനവും നടക്കും. അമൃതോത്സവത്തിൽ പങ്കെടുക്കാനെത്തുന്ന ഭക്തർക്ക് വേണ്ട സജ്ജീകരണങ്ങൾ ആശ്രമത്തിൽ ഒരുക്കിയിട്ടുണ്ട്. എത്തുന്നവർക്കെല്ലാം ഭക്ഷണം നൽകാനുള്ള സൗകര്യവും ബ്രഹ്മസ്ഥാന പരിസരത്ത് ഒരുക്കിയിട്ടുണ്ട്.