അനിശ്ചിതകാല സമരം പിൻവലിച്ചു

ബെംഗളൂരു : കർണാടകത്തിൽ ആശ പ്രവർത്തകരുടെ പ്രതിമാസ വേതനത്തിൽ രണ്ടായിരം രൂപ വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. വർധന ജനുവരി ഒന്നിന് നിലവിൽ വരുമെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു. ഇതോടെ, സംസ്ഥാനത്തെ ആശമാരുടെ വേതനം 10,000 രൂപയായി ഉയർന്നു. തീരുമാനത്തെത്തുടർന്ന് ആശ പ്രവർത്തകർ ബെംഗളൂരുവിലെ ഫ്രീഡം പാർക്കിൽ 12 ദിവസമായി നടത്തിവന്ന രാപകൽ സമരം പിൻവലിച്ചു.

ശനിയാഴ്ച വൈകീട്ട് ആശ പ്രവർത്തകരുടെ സംഘടനാ നേതാക്കൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചർച്ച നടത്തിയ ശേഷമാണ് വേതനവർധന ഡി.കെ. ശിവകുമാർ പ്രഖ്യാപിച്ചത്. ആശ പ്രവർത്തകർ നമ്മുടെ സമ്പത്താണെന്ന് പറഞ്ഞ മുഖ്യമന്ത്രി അവരുടെ സേവനത്തെ ആദരിക്കാനും അവർ ഉന്നയിച്ച ആവശ്യങ്ങൾ നിറവേറ്റാനും തീരുമാനിച്ചതായും പറഞ്ഞു. തന്റെ അഭ്യർഥന മാനിച്ച് സമരം പിൻവലിച്ച ആശമാരെ അഭിനന്ദിക്കുന്നതായും പറഞ്ഞു.

വേതനം 15,000 രൂപയാക്കി വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആശ പ്രവർത്തകർ അനിശ്ചിതകാല സമരം ആരംഭിച്ചത്. കഴിഞ്ഞ സിദ്ധരാമയ്യ സർക്കാർ ആശമാരുടെ വേതനം രണ്ടായിരം രൂപ വർധിപ്പിച്ച് 10,000 രൂപയാക്കി മാറ്റാമെന്ന് വാഗ്ദാനം ചെയ്തതായിരുന്നു.

ഇത് നടപ്പായില്ലെന്നും സമരത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. സിദ്ധരാമയ്യ സർക്കാർ നൽകിയ വാഗ്ദാനമാണ് ഇപ്പോൾ നടപ്പായിരിക്കുന്നത്. 18 വർഷം വരെ ആശ പ്രവർത്തകരായി ജോലി ചെയ്യുന്നവരാണ് തങ്ങളെന്നും അതിനനുസരിച്ച വേതനവും ആനുകൂല്യവും ലഭിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് 41,500 ആശ പ്രവർത്തകരാണുള്ളത്.

ആശമാർ സമരം തുടരുന്നത് സർക്കാരിനെ കടുത്ത സമ്മർദത്തിലാക്കിയിരുന്നു. സർക്കാരിനെതിരേ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആശമാർ സമരത്തിനിറങ്ങിയതോടെ ആരോഗ്യ വകുപ്പിൽ ഇവർ ചെയ്യേണ്ട ജോലികൾ താറുമാറായിരുന്നു. തീർത്തും പ്രതികൂലമായ സാഹചര്യത്തിലാണ് മധ്യവയസ്കരായ വനിതകളുടെ സമരം തുടർന്നുവന്നത്.

സമരത്തിൽനിന്ന് പിൻമാറാൻ മുഖ്യമന്ത്രി പലതവണ ആവശ്യപ്പെട്ടിരുന്നു. ശനിയാഴ്ച രാവിലെ ആശമാരുടെ പ്രതിനിധികളുമായി ആരോഗ്യമന്ത്രി യു.ടി. ഖാദർ ചർച്ച നടത്തിയിരുന്നു. ഇതിനുശേഷമായിരുന്നു മുഖ്യമന്ത്രിയുമായുള്ള ചർച്ച.