ആവേശമായി പിങ്ക് പാതയിലെ കന്നിയാത്ര

ബെംഗളൂരു : വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ നമ്മ മെട്രോയുടെ പിങ്ക് പാത വഴി നഗരവാസികളുടെ യാത്രയ്ക്ക് ആവേശത്തുടക്കം. വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി പാതയുടെ ഉദ്ഘാടനം നിർവഹിച്ചെങ്കിലും യാത്രക്കാരുമായുള്ള മെട്രോ ട്രെയിനിന്റെ സർവീസ് ശനിയാഴ്ചയാണ് തുടങ്ങിയത്.രാവിലെ ആറുമണിക്ക് എസ്.ജി.പാളയ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ആദ്യ ട്രെയിനിൽത്തന്നെ യാത്ര ചെയ്യാൻ ആവേശവുമായി സ്ത്രീകളുൾപ്പെടെ ഒട്ടേറെ പേർ എത്തിയിരുന്നു. സമീപത്തെ പാർപ്പിട സമുച്ചയത്തിൽ താമസിക്കുന്നവരാണ് അതിരാവിലെ മെട്രോയിൽ കയറാനെത്തിയത്. പിങ്ക് പാതയിലെ യാത്രയായതിനാൽ പലരും പിങ്ക് നിറത്തിലുള്ള വസ്ത്രം ധരിച്ചാണെത്തിയത്.
പിങ്ക് നിറത്തിലുള്ള പൂക്കൾ നൽകി ഇവരെ മെട്രോ സ്റ്റേഷനിലെ ജീവനക്കാർ സ്വീകരിച്ചു. തങ്ങൾ താമസിക്കുന്നിടത്തുനിന്ന് മെട്രോ യാത്ര ചെയ്യാൻ അവസരമൊരുങ്ങിയതിന്റെ ആഹ്ലാദം അവർ പങ്കുവെച്ചു.
ഏറെ കാത്തിരുന്നു ലഭിച്ച നിമിഷമാണിതെന്ന് അവർ പറഞ്ഞു. നഗരത്തിലെ വിവിധ സ്ഥലങ്ങളിലേക്ക് ഇനി മെട്രോവഴി എളുപ്പത്തിൽ എത്തിച്ചേരാനാകുമെന്നും അവർ പറഞ്ഞു. രാവിലത്തെ ആദ്യ ട്രെയിനിന്റെ യാത്രയ്ക്ക് ബെംഗളൂരു നഗരവികസന മന്ത്രി കൃഷ്ണബൈരെ ഗൗഡയുമെത്തിയിരുന്നു. അദ്ദേഹത്തെ ബി.എം.ആർ.സി.എൽ.ജീവനക്കാർ സ്വീകരിച്ചു.
മെട്രോ യാത്രയുടെ വിശേഷങ്ങൾ മന്ത്രി യാത്രക്കാരോട് ചോദിക്കുകയും ചെയ്തു.
മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും ആദ്യദിനം പിങ്ക് പാതയിലൂടെ മെട്രോയാത്രയ്ക്കെത്തി. കെങ്കേരിയിൽനിന്ന് കിദ്വായ് മെമ്മോറിയൽ ആശുപത്രിയിലെ ചടങ്ങിൽ പങ്കെടുക്കാൻ പോകുമ്പോഴാണ് അദ്ദേഹം പിങ്ക് പാതയിലെത്തിയത്. കാലേന അഗ്രഹാര സ്റ്റേഷനിൽനിന്നാണ് അദ്ദേഹം മെട്രോയിൽ കയറിയത്. കുട്ടികളുമായും മറ്റ് യാത്രക്കാരുമായും അദ്ദേഹം സംവദിച്ചു. എസ്.ജി.പാളയ സ്റ്റേഷൻ വരെയായിരുന്നു മുഖ്യമന്ത്രിയുടെ യാത്ര.പിങ്ക് പാതയിൽ ആദ്യദിവസം രാത്രി എട്ടു വരെ 33409 പേർ യാത്ര ചെയ്തു