ദക്ഷിണേന്ത്യയിലെ ആദ്യ ജന്തർ മന്തർ ഒരുങ്ങുന്നു

#പി.വി. സനൽ കുമാർ

മൈസൂരു: ദക്ഷിണേന്ത്യയിലെ ആദ്യ ജന്തർ മന്തർ (ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രം) മൈസൂരുവിൽ ഒരുങ്ങുന്നു. ജയ്‌പുർ, ഉജ്ജയിൻ, ഡൽഹി എന്നിവിടങ്ങളിലെ ചരിത്രപ്രസിദ്ധമായ ജന്തർ മന്തർ മാതൃകയിൽ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഇന്ത്യൻ ശൈലിയിലുള്ള ജ്യോതിശാസ്ത്ര നിരീക്ഷണാലയമാണ് മൈസൂരു ഉത്താനഹള്ളിയിൽ യാഥാർഥ്യമാകുക. നഗ്നനേത്രങ്ങൾകൊണ്ട് ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾ നടത്താൻ വാസ്തുശാസ്ത്രപരമായി രൂപകല്പന ചെയ്യുന്ന നിരീക്ഷണാലയങ്ങളാണ് ജന്തർ മന്തർ.

കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്സാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്. ദക്ഷിണേന്ത്യയിലെ ആദ്യ ആധുനിക എൽ.ഇ.ഡി. പ്ലാനറ്റേറിയം കഴിഞ്ഞ ആഴ്ചയാണ് മൈസൂരുവിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെയാണ് ജന്തർ മന്തറും നഗരത്തിൽ യാഥാർഥ്യമാകുന്നത്. പൂർവപാദ, മധ്യപാദ, പശ്ചിമപാദ എന്നീ മൂന്ന് ഘട്ടങ്ങളിലായാണ് ജന്തർ മന്തർ നിർമാണം പുരോഗമിക്കുന്നത്. നിരീക്ഷണാലയം പൂർത്തിയാകുന്നതോടെ ഈ മേഖലയിൽ പഠനം നടത്തുന്ന വിദ്യാർഥികൾക്കും ഗവേഷകർക്കും ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള പ്രായോഗിക പരിജ്ഞാനം പകരുന്നതിന് കൂടുതൽ സഹായകമാകും.

നിർമാണം പൂർത്തിയാക്കി അടുത്ത വർഷം ആദ്യം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാനാണ് തീരുമാനം. മ്യൂസിയം ഉൾപ്പെടെ ഏതാനും ഉപകരണങ്ങൾ സജ്ജമാക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ നടക്കുന്നത്. ദക്ഷിണോത്തര ഭിത്തി യന്ത്രം, വൃത്തിഷ്ടാംശ യന്ത്രം തുടങ്ങിയ പരമ്പരാഗത ജ്യോതിശാസ്ത്ര ഉപകരണങ്ങളാണ് വാനനിരീക്ഷണത്തിന് ഉപയോഗിക്കുക.

ഗ്രഹ ചലനങ്ങൾ, ഗ്രഹണങ്ങൾ, സൂര്യാസ്തമയങ്ങൾ എന്നിവ പഠിക്കാനും സൂര്യപ്രകാശ നിരീക്ഷണത്തിലൂടെ സമയം അളക്കാനും ഇത്തരം ഉപകരണങ്ങൾ സഹായകമാകും. ആധുനിക സാങ്കേതികവിദ്യയെയോ ദൂരദർശിനികളെയോ ആശ്രയിക്കാതെ നേരിട്ടുള്ള നിരീക്ഷണത്തിലൂടെ സൂര്യന്റെയും ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും സ്ഥാനങ്ങൾ പഠിക്കുന്ന രീതിയിലാണ് നിരീക്ഷണാലയം രൂപകല്പന ചെയ്തിരിക്കുന്നത്.