ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷത്തില്‍ ബഹ്റൈന്‍ ശ്രീനാരായണ സമൂഹം പങ്കെടുക്കും

മനാമ : 2022 ഡിസംബര്‍ 30, 31, 2023 ജനുവരി ഒന്ന് തീയതികളില്‍ ശിവഗിരിയില്‍ നടക്കുന്ന 90-ാമത് ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷ മഹാമഹത്തിലും, ബ്രഹ്‌മവിദ്യാലയത്തിന്റെ കനക ജൂബിലി ആഘോഷങ്ങളിലും ബഹ്റൈന്‍ ശ്രീനാരായണ സമൂഹം പങ്കെടുക്കും. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ നവതിയും, ബ്രഹ്‌മവിദ്യാലയത്തിന്റെ കനക ജൂബിലിയും ഒത്തുവരുന്ന വേളയില്‍ ബഹ്‌റൈനില്‍ നിന്നും ശിവഗിരിയിലേക്ക് പോകാന്‍ കഴിയുന്ന എല്ലാ ശ്രീനാരായണീയരും ഡിസംബര്‍ 30, 31, ജനുവരി ഒന്ന് തീയതികളില്‍ ശിവഗിരിയില്‍ എത്തിച്ചേര്‍ന്ന് ഇത്തവണത്തെ പുണ്യസംഗമത്തില്‍ പങ്കാളികളാവണമെന്ന് ബഹ്റൈന്‍ ശ്രീനാരായണ സമൂഹത്തോട് ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. ബാബുരാജനും, ബഹ്‌റൈന്‍ ശ്രീനാരായണ സമൂഹത്തെ പ്രതിനിധികരിച്ച് എസ്.എന്‍.സി.എസ്, ജി.എസ്.എസ്, ബഹ്റൈന്‍ ബില്ലവാസ് എന്നീ സംഘടനകളുടെ ഭാരവാഹികളും അഭ്യര്‍ത്ഥിച്ചു.
ശിവഗിരി തീര്‍ത്ഥാടന നവതി ആഘോഷ മഹാമഹത്തിനും, ബ്രഹ്‌മ വിദ്യാലയത്തിന്റ കനക ജൂബിലി ആഘോഷങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത് ശ്രീമദ് വിശാലാനന്ദ സ്വാമിജി സെക്രട്ടറിയും പ്രമുഖ വ്യവസായി കെ.ജി. ബാബുരാജന്‍ ചെയര്‍മാനുമായിട്ടുള്ള വിപുലമായ കമ്മിറ്റിയാണ്. കെ.ജി. ബാബുരാജന്റെ സഹകരണത്തോടെ പത്ത് ശ്രീനാരായണീയ ഭക്തര്‍ക്ക് സൗജന്യമായി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കും.
ജാതി- മത ഭേദമന്യേ, ശിവഗിരി തീര്‍ത്ഥാടന കര്‍മ്മം അനുഷ്ഠിക്കാന്‍ താല്പര്യം ഉള്ളവര്‍ക്ക്, ഡിസംബര്‍ 16 വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി വരെ സൗജന്യ തീര്‍ത്ഥാടനത്തിനായി അപേക്ഷിക്കാം. കൂടുതല്‍ അപേക്ഷകര്‍ ഉണ്ടെങ്കില്‍ നറുക്കെടുപ്പിലൂടെ തീര്‍ത്ഥാടകരെ തീരുമാനിക്കും. അപേക്ഷയുടെ കൂടുതല്‍ വിവരങ്ങള്‍ക്ക് സുനീഷ് സുശീലന്‍ (3667 4139), ചന്ദ്രബോസ് (3644 6060), ഹരീഷ് പൂജാരി (3904 9132) എന്നിവരെ ബന്ധപ്പെടാം.
ശിവഗിരി തീര്‍ത്ഥാടന കമ്മിറ്റി ചെയര്‍മാന്‍ കെ.ജി. ബാബുരാജന്‍, എസ്.എന്‍.സി.എസ് ചെയര്‍മാന്‍ സുനീഷ് സുശീലന്‍, വൈസ് ചെയര്‍മാന്‍ സന്തോഷ് ബാബു, ജനറല്‍ സെക്രട്ടറി വി.ആര്‍.സജീവന്‍, ജി.എസ്.എസ്. ചെയര്‍മാന്‍ ചന്ദ്രബോസ്, വൈസ് ചെയര്‍മാന്‍ റോയി നല്ലേടത്ത്, ജനറല്‍ സെക്രട്ടറി രാജേഷ് കണിയാംപറമ്പില്‍, ബഹ്റൈന്‍ ബില്ലവാസ് രക്ഷാധികാരി രാജ്കുമാര്‍, പ്രസിഡന്റ് ഹരീഷ് പൂജാരി, ജനറല്‍ സെക്രട്ടറി സമ്പത്ത് സുവര്‍ണ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Content Highlights: sivagiri pilgrimage 90th year celebration bahrain sreenarayana community