പശ്ചിമേഷ്യൻ സംഘർഷം; വളം പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സംഘടനകൾ നടപടി സ്വീകരിക്കണമെന്ന് ബഹ്റൈൻ

#അശോക് കുമാർ
ഖാലിദ് അലി അല്‍ അമീൻ
ഖാലിദ് അലി അല്‍ അമീൻ

മനാമ: ജിസിസി രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണ നടപടികളുടെ ഫലമായുണ്ടായ ആഗോള വളം പ്രതിസന്ധി പരിഹരിക്കാൻ അന്താരാഷ്ട്ര സംഘടനകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ബഹ്റൈൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി ഫുഡ് കമ്മിറ്റി ചെയർമാൻ ഖാലിദ് അലി അൽ-അമീൻ ആവശ്യപ്പെട്ടു.

ആഗോള യൂറിയ കയറ്റുമതിയുടെ 45 ശതമാനവും ഗൾഫ് മേഖലയിൽ നിന്നാണെന്നും ഹോർമുസ് കടലിടുക്ക് വഴിയുള്ള ഉൽപാദനത്തിലോ ഗതാഗതത്തിലോ ഉണ്ടാകുന്ന തടസ്സങ്ങൾ അന്താരാഷ്ട്ര വിപണികളെയും വളം വിലയെയും നേരിട്ട് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് ആഗോള കാർഷിക മേഖലയ്ക്കും ഭക്ഷ്യസുരക്ഷയ്ക്കും വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളങ്ങളുടെ വില വർധിക്കുന്നതും ലഭ്യത കുറയുന്നതും ലോകമെമ്പാടുമുള്ള കാർഷിക മേഖലയിൽ സമ്മർദം ചെലുത്തുമെന്നും ഇത് ഗോതമ്പ് ഉൾപ്പെടെയുള്ള പ്രധാന ധാന്യങ്ങളുടെ വിതരണത്തെ ബാധിക്കുമെന്നും അൽ-അമീൻ മുന്നറിയിപ്പ് നൽകി.

ഹോർമുസ് കടലിടുക്കിലെ ഇറാനിയൻ നടപടികൾ കാരണം വളം വില ഗണ്യമായി ഉയർന്നത് കാർഷിക ഉൽപാദനച്ചെലവ് വർധിപ്പിച്ചിട്ടുണ്ട്. അമോണിയ, യൂറിയ, മെഥനോൾ എന്നിവയുടെ പ്രധാന ഉത്പാദകരായ ബഹ്റൈൻ, ഏഷ്യ, യൂറോപ്പ്, അമേരിക്ക തുടങ്ങി മിക്ക ഭൂഖണ്ഡങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ടെന്നും ആഗോള വള വിപണിയിലെ പ്രധാന പങ്കാളിയാണ് രാജ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം വിതരണ ശൃംഖലയിൽ തടസ്സങ്ങൾ നേരിടുന്ന സാഹചര്യത്തിൽ, ആഗോള ഭക്ഷ്യസുരക്ഷ സംരക്ഷിക്കുന്നതിനും കാർഷിക മേഖലയെ പിന്തുണയ്ക്കുന്നതിനും അന്താരാഷ്ട്ര-പ്രാദേശിക സംഘടനകൾ തമ്മിലുള്ള സഹകരണം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് ലോകത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കും ഭക്ഷ്യ വിപണികൾക്കും നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Gulf region accounts for 45% of global urea exports., Regional tensions threaten global agricultural production and fertilizer pricing., Disruptions in the Hormuz Strait impact global grain supply chains., Bahrain Chamber calls for urgent international intervention to stabilize markets.