'ഖുർആന്റെ തണലിൽ' ക്യാമ്പയിൻ സമാപന സമ്മേളനം ശ്രദ്ധേയമായി

മനാമ: 'ജീവിത വിജയത്തിന് ഖുർആൻ' എന്ന പ്രമേയത്തിൽ കഴിഞ്ഞ ഒരു മാസക്കാലമായി ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ നടത്തിവന്നിരുന്ന ക്യാമ്പയിന് സമാപനം കുറിച്ച് സംഘടിപ്പിച്ച 'ഖുർആന്റെ തണലിൽ' സമ്മേളനം ശ്രദ്ധേയമായി. സൽമാനിയ കെ-സിറ്റി ഹാളിൽ നടന്ന പ്രൗഢമായ ചടങ്ങ് ഖുർആൻ ആസ്വാദന സദസ്സ്, ഖുർആൻ തീം വീഡിയോ പ്രദർശനം, ക്യാമ്പയിൻ ഹൈലൈറ്റ്സ് വീഡിയോ, പ്രഭാഷണങ്ങൾ, സമ്മാനദാനം, പുസ്തക പ്രദർശനം തുടങ്ങിയ പരിപാടികളാൽ സമ്പന്നമായിരുന്നു.

ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ പ്രസിഡന്റ് സുബൈർ എം.എം. അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.എം.സി.സി. ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര, അൽ ഫുർഖാൻ സെന്റർ വൈസ് പ്രസിഡന്റ് സുഹൈൽ മേലടി, ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹംസ മേപ്പാടി, വൈസ് പ്രസിഡന്റ് നൂറുദ്ദീൻ ഷാഫി എന്നിവർ ആശംസകൾ നേർന്നു. ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ വൈസ് പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയിൽ ബഹ്‌റൈനിലെ മത, സാംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരും സാമൂഹിക പ്രവർത്തകരും വിവിധ സംഘടനാ പ്രതിനിധികളും സന്നിഹിതരായിരുന്നു.

ക്യാമ്പയിൻ ജനറൽ കൺവീനർ ജമാൽ നദ്‌വി സ്വാഗതവും ഫ്രണ്ട്സ് സ്റ്റഡി സർക്കിൾ ജനറൽ സെക്രട്ടറി മുഹമ്മദ് മുഹ്‌യുദ്ദീൻ നന്ദിയും പറഞ്ഞു. സിറാജ് പള്ളിക്കര പരിപാടി നിയന്ത്രിച്ചു. കേന്ദ്രസമിതി അംഗങ്ങളായ സക്കീർ ഹുസൈൻ, മൂസ കെ. ഹസൻ, മുഹമ്മദ് ഷാജി, യൂനുസ് സലീം, വി. അബ്ദുൽ ജലീൽ, ജാസിർ പി.പി., റഷീദ് സുബൈർ, ശബീഹ ഫൈസൽ, ബദ്റുദ്ദീൻ, മുഹമ്മദ് ശമ്മാസ്, ശൗക്കത്തലി, ശൈമ നൗഫൽ, മെഹ്റ മൊയ്തീൻ, സുബൈദ മുഹമ്മദലി, ബുഷ്റ റഹീം എന്നിവർ നേതൃത്വം നൽകി.

ബഹ്‌റൈനിലെ വിവിധ മതപാഠശാലകളിൽ നിന്നുള്ള വിദ്യാർഥി-വിദ്യാർഥിനികൾ ഒരേ വേദിയിൽ അണിനിരന്ന് വേദഗ്രന്ഥത്തിൽ നിന്നുള്ള സൂക്തങ്ങളുടെ മനോഹരമായ പാരായണം നിർവഹിച്ച 'ഖുർആൻ ആസ്വാദന സദസ്സ്' വേറിട്ട അനുഭവമായി. അൽ ഫുർഖാൻ സെന്റർ വിദ്യാർഥികളായ ഹിബത്തുള്ള മുഹ്‌യിദ്ദീൻ, സഹ്‌റ നിസാബ്, സമസ്ത ഗുദൈബിയ മദ്രസയിലെ പൂർവ വിദ്യാർഥി ശാമിൽ സൂഫി, ഫ്രണ്ട്സ് സെന്റർ മദ്രസ വിദ്യാർഥികളായ മുഹമ്മദ് അബ്ദുള്ള, അബ്ദുൽ ഖയ്യൂം മുഹമ്മദ് ഫാറൂഖ്, ശൈഖ ഹെസ്സ ഇസ്‌ലാമിക് സെന്റർ വിദ്യാർഥി മുഹമ്മദ് റാഷിദ് റിമാസ് എന്നിവർ പങ്കെടുത്തു.