ബിഎംസി ശ്രാവണ മഹോത്സവം 2023: സംഘാടക സമിതി രൂപീകരിച്ചു

ബി.എം.സി. ശ്രാവണ മഹോത്സവം സംഘാടക സമിതി
ബി.എം.സി. ശ്രാവണ മഹോത്സവം സംഘാടക സമിതി

മനാമ: ബഹ്‌റൈന്‍ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 30 ദിവസം നീണ്ടുനില്‍ക്കുന്ന ശ്രാവണ മഹോത്സവം 2023- ന് ഓഗസ്റ്റ് 26 ശനിയാഴ്ച വൈകിട്ട് 7.30-ന് തിരശ്ശീല ഉയരും. ബി.എം.സി. ഓഡിറ്റോറിയത്തിലാണ് ഓഫ് ലൈനായും ഓണ്‍ലൈനായും പരിപാടികള്‍ അരങ്ങേറുക. ബഹ്‌റൈനിലെ വിവിധ സംഘടനകളുമായി ചേര്‍ന്നുകൊാണ് 30 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നതെന്ന് മീഡിയ സിറ്റി ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ഈ വര്‍ഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റി ചെയര്‍മാനായി ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ മോനി ഒടിക്കത്തിലും ജനറല്‍ കണ്‍വീനറായി അന്‍വര്‍ നിലമ്പൂരും തിരഞ്ഞെടുക്കപ്പെട്ടു. വൈസ് ചെയര്‍മാന്മാരായി എബ്രഹാം ജോണ്‍, ബഷീര്‍ അമ്പലായി, സുധീര്‍ തിരുനിലത്ത്, ഹരീഷ് നായര്‍ എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

51 അംഗങ്ങളുള്ള സംഘാടക സമിതിയില്‍ മറ്റു കണ്‍വീനര്‍മാര്‍: അജി പി. ജോയ് (ഉദ്ഘാടനം), അജിത് കുമാര്‍ (ഫുഡ് ഫെസ്റ്റിവല്‍), സല്‍മാനുല്‍ ഫാരിസ് (ഓണപ്പുടവ മത്സരം), രാജേഷ് പെരുങ്കുഴി (ഓണപ്പാട്ട് മത്സരം), വിഷ്ണു (പൂക്കള മത്സരം), മിനി റോയ് (പായസ മത്സരം), തോമസ് ഫിലിപ്പ് (തിരുവാതിര മത്സരം), അമല്‍ദേവ് (വടംവലി).

ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലേറെ തൊഴിലാളികള്‍ക്ക് സൗജന്യമായി ഓണസദ്യ ഒരുക്കാന്‍ പദ്ധതിയുണ്ടെന്ന് ശ്രാവണ മഹോത്സവം 2023 കമ്മിറ്റി ചെയര്‍മാന്‍ മോനി ഒടിക്കത്തില്‍ പറഞ്ഞു. ഇരുന്നൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണസദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ഓണ്‍ലൈനില്‍ അതിഥികളായി പങ്കെടുപ്പിക്കുമെന്നും ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ നിലമ്പൂര്‍ പറഞ്ഞു.

വിശദവിവരങ്ങള്‍ക്ക്: 36617657, 39668326, 38096845

Content Highlights: bahrain media city shravana maholsavam 2023